ഡിജിറ്റലാകട്ടെ കേരളം

ഡിജിറ്റലാകട്ടെ കേരളം

സംസ്ഥാനത്തിന്റെ പ്രഥമ ഡിജിറ്റല്‍ ആഗോള ഉച്ചകോടി പ്രതീക്ഷകള്‍ നല്‍കുന്ന വലിയ സാധ്യതകള്‍ തുറന്നിട്ടാണ് സമാപിച്ചത്. ഡിജിറ്റല്‍ സങ്കേതങ്ങളില്‍ മറ്റുള്ളവര്‍ക്ക് മുമ്പേ നടന്നാല്‍ മാത്രമേ ഇനിയുള്ള കാലത്തെ വികസനകുതിപ്പിലേക്ക് നമുക്ക് വളരാന്‍ സാധിക്കൂ

സാങ്കേതികവിദ്യയുടെ പുതുതലങ്ങള്‍ തേടി കുതിപ്പ് നടത്തുന്നതില്‍ മുന്‍കാല കേരളം അല്‍പ്പം പുറകിലായിരുന്നു. പലപ്പോഴും അത് ഇവിടത്തെ വികസന മുരടിപ്പിന് തന്നെ കാരണമായിത്തീര്‍ന്നിട്ടുമുണ്ട്. ഐടി അധിഷ്ഠിത സംരംഭങ്ങളുടെ വളര്‍ച്ചയില്‍ നമുക്ക് ‘ബസ് മിസാ’യി പോയിട്ടുണ്ട് നിരവധി തവണ. ആദ്യമായി രാജ്യത്ത് ഒരു ടെക്‌നോപാര്‍ക്ക് വന്ന സംസ്ഥാനം ഐടി മേഖലയില്‍ എന്താണ് ചെയ്യുന്നതെന്ന് നിരവധി വിദഗ്ധര്‍ പല തവണ ചോദിച്ചിട്ടുമുണ്ട്. ആദ്യമായി ടെക്‌നോപാര്‍ക്ക് വന്നത് ഇവിടെയെന്ന പോലെ കംപ്യൂട്ടറുകള്‍ക്കെതിരെ സമരം നടന്നതും ഇവിടെ തന്നെയായിരുന്നു. അതുപോലെ വികസനത്തിന് വഴിമുടക്കി നിന്ന പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അഭിമുഖീകരിച്ചിരുന്നു.

ആഗോള നിക്ഷേപക ഉച്ചകോടികള്‍ നടത്തിയെങ്കിലും അടിസ്ഥാനപരമായ മാറ്റം വികസന കാഴ്ച്ചപ്പാടില്‍ ഉണ്ടായിരുന്നില്ല താനും. ആ സാഹചര്യത്തിലാണ് കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 22, 23 തിയതികളില്‍ കൊച്ചിയില്‍ നടന്ന പ്രഥമ ആഗോള ഡിജിറ്റല്‍ ഉച്ചകോടി പ്രസക്തമാകുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെയും ഡിജിറ്റല്‍ വിപ്ലവത്തിന്റേയുമാണ് ഇനിയുള്ള ലോകം എന്ന തിരിച്ചറിവിലായിരുന്നു രഘുറാം രാജനെയും നന്ദന്‍ നിലേക്കനിയെയും പോലുള്ള വമ്പന്‍മാരെ പങ്കെടുപ്പിച്ച് കേരളം ഇത്തരത്തില്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ഡിജിറ്റല്‍ സംഗമം സംഘടിപ്പിച്ചത്.

സാങ്കേതികവിദ്യ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ കേരളം സമ്പൂര്‍ണമായും കറന്‍സിരഹിതമാവുകയും നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം സഞ്ചരിക്കുകയും ചെയ്യുന്ന കാലത്തെയാണ് ഉറ്റുനോക്കുന്നതെന്നായിരുന്നു സംസ്ഥാന ഐടി ഉന്നതാധികാര സമിതി(എച്ച്പിഐസി) അധ്യക്ഷനും ഇന്‍ഫോസിസ് എന്ന ഇന്ത്യയുടെ ഐടി ചരിത്രത്തെ നിര്‍വചിച്ച സംരംഭത്തിന്റെ സഹസ്ഥാപകനുമായ എസ് ഡി ഷിബുലാല്‍ ഉച്ചകോടിയില്‍ പറഞ്ഞത്. അല്‍പ്പം അതിശയോക്തിപരമായി തോന്നാമെങ്കിലും ഇത്തരത്തില്‍ ചിന്തിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ കൃത്രിമ ബുദ്ധിയുടെ കാലത്ത് വികസിത സമൂഹം എന്ന നിലയില്‍ നമുക്ക് നിലനില്‍ക്കാന്‍ സാധിക്കൂ. നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമുള്ള കാലം അത്ര വിദൂരമായൊന്നും ഇനി കാണേണ്ടതില്ല.

സാങ്കേതികവിദ്യ അതിവേഗമാണ് മാറിമറിയുന്നത്. പല വ്യാവസായിക വിപ്ലവങ്ങള്‍ക്കും പാര്‍ശ്വഫലങ്ങളായി പ്രകൃതി മലിനീകരണം പോലുള്ളവ ഉണ്ടായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ വിപ്ലവത്തിലേക്ക് സാങ്കേതികവിദ്യയുടെ വിന്യാസങ്ങള്‍ മാറ്റിയെഴുതപ്പെടുമ്പോള്‍ ഏറ്റവും എടുത്ത് പറയേണ്ട വസ്തുത അത് പ്രകൃതിയുടെ നിലനില്‍പ്പ് കൂടി കണക്കിലെടുത്താണ് എന്നതാണ്. ഓട്ടോമേറ്റഡ് കാറുകള്‍ക്കും ഇലക്ട്രിക് കാറുകള്‍ക്കും കറന്‍സി നോട്ടുകള്‍ ഇല്ലാത്ത ആവാസവ്യവസ്ഥയ്ക്കും എല്ലാമുള്ള മുറവിളി ഉയരുമ്പോള്‍ അതിന് വലിയ സ്വീകാര്യത കിട്ടുന്നതും അതുകൊണ്ടുതന്നെ.

മാലിന്യനിക്ഷേപം പൂജ്യത്തിലെത്തുകയും കാര്‍ബണ്‍ നിഷ്പക്ഷ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നിടത്താകണം നമ്മള്‍ ഡിജിറ്റല്‍ വിപ്ലവത്തിലൂടെ എത്തേണ്ടത്. ജലലഭ്യതയുടെ കാര്യത്തില്‍ മലയാളി വെല്ലുവിളി നേരിടാന്‍ പോകുകയാണ്. മാലിന്യനിക്ഷേപത്തിലൂടെ ജലസ്രോതസുകള്‍ മലിനപ്പെടുത്താതിരിക്കാന്‍ സാങ്കേതികവിദ്യാ അഭിവൃദ്ധിക്കു കഴിയണം-ഷിബുലാല്‍ പറഞ്ഞ വാക്കുകളാണിത്. ഇതിന് ആഴത്തിലുള്ള അര്‍ത്ഥതലങ്ങളുണ്ട്. ഈ തലങ്ങളിലേക്കിറങ്ങി ചെന്നു വേണം കേരളം വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതും നടപ്പിലാക്കേണ്ടതും. അല്ലാതെ ഇനിയും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന, അന്തരീക്ഷം മുഴുവന്‍ പുകമയമാക്കുന്ന തരത്തിലുള്ള പദ്ധതികളാണ് വികസനമെന്ന് നമ്മള്‍ തെറ്റിദ്ധരിച്ചാല്‍ നിയന്ത്രണാതീതമായി കാര്യങ്ങള്‍ മാറും.

ഇലക്ട്രിക് വാഹനം മാത്രമുള്ള കേരളം സൃഷ്ടിക്കപ്പെടണമെങ്കില്‍ സര്‍ക്കാര്‍ നയങ്ങള്‍ അതനുസരിച്ച് മാറേണ്ടതുണ്ടെന്ന് ഉച്ചകോടിക്കിടെ ഓക്ക് റിജ് നാഷനല്‍ ലബോറട്ടറി ഡയറക്റ്റര്‍ ഡോ.തോമസ് സക്കറിയ പറഞ്ഞത് ഇക്കാര്യത്തില്‍ പല ഭരണകൂടങ്ങളും ഇച്ഛാശക്തിയോടെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വീഴ്ച്ച വരുത്തുന്നതിനാലാണ്. കാര്‍ബണ്‍ മലിനീകരണം മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് പരിഹാരമെന്ന വസ്തുത നമ്മള്‍ മനസിലാക്കേണ്ടതുണ്ട്.

Comments

comments

Categories: Editorial, Slider