കേംബ്രിഡ്ജ് അനലിറ്റിക്ക സൃഷ്ടിക്കുന്ന ആശങ്കകള്‍

കേംബ്രിഡ്ജ് അനലിറ്റിക്ക സൃഷ്ടിക്കുന്ന ആശങ്കകള്‍

സാധാരണയായി മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ അമേരിക്ക ഇടപെടുകയാണ് പതിവ്. എന്നാല്‍ 2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്ന് വ്യാപകമായി വിശ്വസിക്കപ്പെടുന്നു. ശരിയോ തെറ്റോ എന്ന് സ്ഥിരീകരിക്കാന്‍ തെളിവുകളൊന്നും ഇല്ല എന്നത് യാഥാര്‍ത്ഥ്യം തന്നെ

‘People who are naysayers and kind oft try to drum up these doomsday scenarios — I just, I don’t understand it. I think it’s really negative and in some ways I actually think it is pretty irresponsible.’ – Mark Zuckerberg, Facebook founder

ഇതുവരെ പരിചയമില്ലാത്ത ഒരാളെ കഴിഞ്ഞ ദിവസം ഒരാവശ്യത്തിന് അയാളുടെ നമ്പര്‍ വളരെ പ്രയാസപ്പെട്ട് സംഘടിപ്പിച്ച് എനിക്ക് വിളിക്കേണ്ടിവന്നു. മൊബീല്‍ഫോണില്‍ നിന്നാണ് വിളിച്ചത്. അക്കാര്യത്തിന്റെ തുടര്‍വിളികള്‍ ചിലപ്പോള്‍ ആവശ്യമായി വന്നേക്കാം എന്ന വിചാരത്താല്‍ ആ നമ്പര്‍ മൊബീലില്‍ സേവ് ചെയ്തു. ഇത്, ഏകദേശം ഉച്ച സമയത്താണ്. രാത്രി അത്താഴത്തിന് ശേഷം ഫേസ്ബുക്കില്‍ ഒന്ന് കണ്ണോടിച്ചപ്പോഴേക്കും ‘ഇദ്ദേഹത്തെ നിങ്ങള്‍ക്ക് അറിയാമായിരിക്കും’ എന്ന തലക്കെട്ടോടെ ഞാന്‍ വിളിച്ചയാളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ എന്റെ മുന്നില്‍!

സംഭവം വളരെ ലളിതമാണ്: ഫോണില്‍ നമ്പര്‍ സൂക്ഷിക്കപ്പെടുന്നു. അതേ ഫോണില്‍ വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഫോണിലെ വിവരങ്ങള്‍ വാട്‌സ്ആപ്പ് സെര്‍വറിലേക്ക് പോകുന്നു. വാട്‌സ്ആപ്പ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലാണ്. കിട്ടിയ ഫോണ്‍ നമ്പര്‍ വാട്‌സ്ആപ്പ് സെര്‍വറില്‍ നിന്ന് ഫേസ്ബുക്ക് സെര്‍വറിന് ലഭിക്കുന്നു. ആ നമ്പര്‍ തങ്ങളുടെ 220 കോടി ഉപയോക്താക്കളുടെ മൊബീല്‍ നമ്പറുകളുമായി ഫേസ്ബുക്ക് സെര്‍വര്‍ ഒത്തുനോക്കുന്നു. ആ പരക്കെതിരച്ചിലില്‍ നിന്ന് ആളെ കണ്ടെത്തി നമ്മുടെ മുന്നില്‍ കൊണ്ട് നിര്‍ത്തുന്നു. സൗഹൃദങ്ങളുടെ തണല്‍ കാംക്ഷിക്കുന്ന നമ്മുടെ മനസിലെ അല്ലിയാമ്പല്‍ പൂവിനെ അത് തൊട്ടുണര്‍ത്തുകയായി.

യാഹൂവിലെ മുന്‍ജീവനക്കാരായിരുന്ന ബ്രയാന്‍ അക്റ്റന്‍, ജെന്‍ കോം എന്നിവര്‍ വികസിപ്പിച്ചെടുത്ത വാട്‌സ്ആപ്പ് 19 ബില്യണ്‍ ഡോളറിന് 2014ല്‍ ഫേസ്ബുക്ക് സ്വന്തമാക്കി. അന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന എന്റെ ഇളയ മകള്‍ ഹാസ്യരൂപേണ ചോദിച്ചത് ‘വെറുതെ ഫ്രീയായിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന വാട്‌സ്ആപ്പ് എന്തിനാ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ബില്ല്യണ്‍ കണക്കിന് ഡോളര്‍ കൊടുത്ത് വാങ്ങിക്കുന്നത്?’ എന്നാണ്. ഫേസ്ബുക്ക് 220 കോടി ഉപയോക്താക്കളുടെ ഒരു സൗഹൃദക്കൂട്ടായ്മയാണ്. സൗഹൃദങ്ങള്‍, ചിന്തകള്‍, ആശയങ്ങള്‍, വിവരങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എല്ലാം പരസ്പരം നിഷ്‌കളങ്കമായി അവിടെ പങ്കുവയ്ക്കപ്പെടുന്നു. നേരിട്ടുള്ള ആശയസംവേദനത്തിന് ഫേസ്ബുക്ക് മെസ്സഞ്ചറുമുണ്ട്. പക്ഷേ ഫോണ്‍നമ്പറില്‍ അധിഷ്ഠിതമായ വാട്ട്‌സ്ആപ്പ്, ഉപയോക്തൃവലനെയ്ത്തില്‍ മെസ്സഞ്ചറിനേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു (ഇന്നും അതെ). വാട്‌സ്ആപ്പ് ഒന്ന് വികസിപ്പിച്ച് വിശാലമായ ഒരു പ്ലാറ്റ്‌ഫോം ഒരുക്കിയാല്‍, ഓര്‍ക്കൂട്ടിന്റെ ഗതിയാവും ഫേസ്ബുക്കിന് എന്ന് മുന്‍കൂട്ടി മനസിലാക്കിയ സുക്കര്‍ബര്‍ഗ് അതിനെ തന്റെ ചൊല്‍പ്പടിയില്‍ ആക്കുകയായിരുന്നു. അവിടെയിരുന്നാണ്, അദ്ദേഹം സൗഹൃദങ്ങളാവുന്ന ഒരു കുടന്ന നിലാവിന്റെ കുളിരു കോരി നമ്മുടെ നെറുകയില്‍ അരുമയായ് കുടയുന്നത്.

സാധാരണയായി മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ അമേരിക്ക ഇടപെടുകയാണ് പതിവ്. എന്നാല്‍ 2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്ന് വ്യാപകമായി വിശ്വസിക്കപ്പെടുന്നു. ശരിയോ തെറ്റോ എന്ന് സ്ഥിരീകരിക്കാന്‍ തെളിവുകളൊന്നും ഇല്ല എന്നത് യാഥാര്‍ത്ഥ്യം തന്നെ. എന്നിരുന്നാലും വളരെ കാര്യപ്രാപ്തി തെളിയിച്ചിട്ടുള്ള, ഭരണപരിചയമുള്ള, ലോകരാജ്യങ്ങളെ അടുത്തറിഞ്ഞ, അമേരിക്കയില്‍ വളരെയധികം ജനസമ്മതിയുള്ള ഹിലരി ക്ലിന്റണ്‍ അവസാന റൗണ്ട് അഭിപ്രായ വോട്ടെടുപ്പുകള്‍ വരെയും ബഹുദൂരം മുന്നില്‍ നിന്ന ശേഷം യഥാര്‍ത്ഥ വോട്ടെടുപ്പില്‍ എങ്ങനെയാണ് ഡൊണാള്‍ഡ് ട്രംപിനെ പോലെയുള്ള ഒരാളോട് ദയനീയമായി പരാജയപ്പെട്ടത് എന്നത് ഒരു പ്രഹേളികയായി നിലനില്‍ക്കുമ്പോള്‍ അവിശ്വസിക്കുക അപാരമായ ആത്മബലമുള്ളവര്‍ക്കേ പറ്റൂ.

അതിബൃഹത്തായ വിവരങ്ങളുടെ ശേഖരണത്തെയും അവയുടെ വിശകലനത്തെയും കൂട്ടിയിണക്കിയുള്ള ബിഗ് ഡാറ്റ അനലിറ്റിക്‌സ് ഇന്ന് വളര്‍ന്നുവരുന്ന ഒരു ശാസ്ത്രശാഖയും പടര്‍ന്ന് പന്തലിക്കുന്ന ഒരു ബിസിനസുമാണ്. പരമ്പരാഗത കമ്പ്യൂട്ടറുകളുടെ വിശകലന രീതികള്‍ ഇതിന് മതിയാവുന്നില്ല. അനന്തമായ ഡാറ്റയുടെ ശേഖരണം, സംരക്ഷണം, വിശകലനം, അന്വേഷണം, പങ്കുവയ്ക്കല്‍, വിതരണം, ചിത്രീകരണം, സമകാലികമാക്കല്‍, സ്വകാര്യതയും ഉറവിടവും പരിരക്ഷിക്കുക എന്നതെല്ലാം ചേര്‍ന്നതിനെയാണ് ആലങ്കാരികമായി ‘ബിഗ്ഡാറ്റാ വെല്ലുവിളികള്‍’ എന്ന് പറയുന്നത്. ഡാറ്റയുടെ വ്യാപ്തി (volume), വ്യത്യസ്തത (varitey), വേഗത (veloctiy), വിശ്വസനീയത (veractiy), വിലവൈശിഷ്ട്യം (value) എന്നീ അഞ്ച് ആശയങ്ങളാണ് ബിഗ്ഡാറ്റയുടെ നെടുംതൂണുകള്‍. കിട്ടിയ സ്ഥിതിവിവരക്കണക്കുകളുടെ വിശകലനമായിരുന്നു ഇതുവരെ ചെയ്തിരുന്നതെങ്കിലും, ഈയിടെയായി നാളെ എങ്ങനെയുണ്ടാവും എന്ന പ്രവചനാത്മക വിശകലനം, ആളുകളുടെ പെരുമാറ്റരീതിയെ അടിസ്ഥാനപ്പെടുത്തി ബിഹേവിയറല്‍ ഇക്കണോമിക്‌സ് എന്ന നവശാസ്ത്രശാഖയെ ഉപയോഗിച്ച് നടത്തുന്ന പെരുമാറ്റ വിശകലനം എന്നിവയെല്ലാം ബിഗ്ഡാറ്റ അനാലിസിസിന്റെ പ്രഖ്യാപിതലക്ഷ്യങ്ങള്‍ ആയിരിക്കുന്നു. ഈ രണ്ട് പുതിയ നിയോഗത്തിനും ശതകോടിക്കണക്കിന് ആളുകളുടെ ചിന്താഗതികളുടെ ശേഖരവും സംഗണനവും ആവശ്യമാണ്. അതിനുള്ള സാങ്കേതികവിദ്യ വികസിച്ചിട്ടുണ്ടെങ്കിലും ഡാറ്റയുടെ സഞ്ചിതസമാഹരണത്തിന് ഉറവിടങ്ങള്‍ അധികമില്ല. ഡാറ്റ അനലിറ്റിക്‌സ് സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്ന വിദഗ്ധരും കമ്പനികളും വിരളമാണ്. ഇന്ന് മുന്‍നിരയിലുള്ള ഡാറ്റ അനലിറ്റിക്‌സ് കമ്പനികളില്‍ ഒന്നാണ് ബ്രിട്ടനിലെ കേംബ്രിഡ്ജ് അനലിറ്റിക്ക. മനുഷ്യമനസുകളെ ബിഗ്ഡാറ്റ അനാലിസിസ് വച്ച് പെരുമാറ്റ വിശകലനം നടത്തി ആളുകളെ തരംതിരിച്ച് വിവിധരീതികളില്‍ അവരുടെ ചിന്താഗതിയിലേക്ക് കടന്നുകയറ്റം നടത്താനാവുമോ എന്നുള്ള അന്വേഷണത്തിലായിരുന്നു കമ്പനി. ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞൊരീണം സമൂഹമാധ്യമം എന്ന ഒരു മുളംതണ്ടിലൂടൊഴുകി വരുമോ എന്ന്.

അതിബൃഹത്തായ വിവരങ്ങളുടെ ശേഖരണത്തെയും അവയുടെ വിശകലനത്തെയും കൂട്ടിയിണക്കിയുള്ള ബിഗ് ഡാറ്റ അനലിറ്റിക്‌സ് ഇന്ന് വളര്‍ന്നുവരുന്ന ഒരു ശാസ്ത്രശാഖയും പടര്‍ന്ന് പന്തലിക്കുന്ന ഒരു ബിസിനസുമാണ്. പരമ്പരാഗത കമ്പ്യൂട്ടറുകളുടെ വിശകലന രീതികള്‍ ഇതിന് മതിയാവുന്നില്ല. അനന്തമായ ഡാറ്റയുടെ ശേഖരണം, സംരക്ഷണം, വിശകലനം, അന്വേഷണം, പങ്കുവയ്ക്കല്‍, വിതരണം, ചിത്രീകരണം, സമകാലികമാക്കല്‍, സ്വകാര്യതയും ഉറവിടവും പരിരക്ഷിക്കുക എന്നതെല്ലാം ചേര്‍ന്നതിനെയാണ് ആലങ്കാരികമായി ‘ബിഗ്ഡാറ്റാ വെല്ലുവിളികള്‍’ എന്ന് പറയുന്നത്‌

ഇത്ര വിപുലമായ പെരുമാറ്റ ചിന്താഗതി ഡാറ്റാ ശേഖരണത്തിനായി കേംബ്രിഡ്ജ് അനലിറ്റിക്ക ലക്ഷ്യംവച്ചത് ഫേസ്ബുക്കിനെയാണ്. കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ മുമ്പ് ജോലി ചെയ്തിരുന്ന 28കാരനായ ക്രിസ്റ്റഫര്‍ വൈല്‍ എന്ന കനേഡിയന്‍ ഗവേഷകന്റെ വെളിപ്പെടുത്തലുകളാണ് ഈ വിവരം പുറത്തറിയാന്‍ കാരണം. ‘ദ ഗാര്‍ഡിയന്‍’, ‘ഒബ്‌സര്‍വര്‍’ എന്നീ രണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് ക്രിസ്റ്റഫര്‍ വൈല്‍ നല്‍കിയ വിവരങ്ങള്‍ അവരെ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്താന്‍ പ്രേരിപ്പിച്ചു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ വിടുതല്‍ വാങ്ങണമോയെന്ന കാര്യത്തില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ആദ്യം പരീക്ഷണാര്‍ത്ഥം ഇടപെട്ടത്. തങ്ങള്‍ പക്ഷം പിടിച്ച യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധര്‍ വിജയം നേടിയത് കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് പരീക്ഷണവിജയമായിരുന്നു.
വാഷിംഗ്ടണില്‍ പ്രവര്‍ത്തിക്കുന്ന ചേരിചേരാചിന്താഭരണിയായ പ്യൂ റിസര്‍ച്ച് സെന്ററിന്റെ കണക്കെടുപ്പ് പ്രകാരം 62% അമേരിക്കക്കാര്‍ വാര്‍ത്തകള്‍ക്കായി ഫേസ്ബുക്കിനെ ആശ്രയിക്കുന്നുണ്ട്. ആരും ആ വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിക്കുന്നില്ലെന്ന് വിശകലനത്തില്‍ കമ്പനിക്ക് മനസിലായി. അവയില്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസൃതമായ വ്യാജവാര്‍ത്തകള്‍ കടത്തിവിട്ടാല്‍ ഈ 62 ശതമാനം പേരില്‍ ഭൂരിഭാഗത്തേയും തങ്ങളുടെ ചിന്താഗതിക്കനുസരണമായി പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് കമ്പനിക്ക് ബോധ്യമായി. അതിനുവേണ്ടി കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ച് കോടി അമേരിക്കക്കാരുടെ ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി അല്ലെങ്കില്‍ വിലയ്‌ക്കെടുത്തു. ക്രിസ്റ്റഫര്‍ വൈല്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. തങ്ങള്‍ നല്‍കിയ ഡാറ്റ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് വലിയ ഗുണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ആണയിട്ട് പറയുന്നു. ഈ 62 ശതമാനം പേരിലും ട്രംപിന് വോട്ട് ചെയ്യത്തക്കവിധം വ്യാജവാര്‍ത്തകള്‍ മുഖേന മനസാന്തരമുണ്ടാക്കുക എന്ന കടുംപ്രയോഗം. അത് വിജയിച്ചു. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ആയര്‍പ്പെണ്‍കിടാവിന്റെ പാല്‍ക്കുടം തുളുമ്പിയത് അവിടെ ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ.

എങ്കില്‍ ആരാണ് ഇതിന്റെ ആവശ്യക്കാര്‍. ട്രംപ് മാത്രമായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് അത് മുന്‍പ് തന്നെ ചെയ്യാമായിരുന്നു. അപ്പോഴാണ് റഷ്യയുടെ പേര് രംഗത്ത് വരുന്നത്. റഷ്യയും കേംബ്രിഡ്ജ് അനലിറ്റിക്കയും ആ രാജ്യത്തിന്റെ പങ്ക് നിഷേധിച്ചിട്ടുണ്ടെങ്കിലും 2014 മുതല്‍ 2016 വരെയുള്ള കാലത്ത് ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും റഷ്യയിലെ ഒരു കമ്പനിയും കേംബ്രിഡ്ജ് അനലിറ്റിക്കയും തമ്മില്‍ കണ്ടുമുട്ടിയിട്ടുണ്ട് എന്ന് പോളിഗ്രാഫ്.ഇന്‍ഫോ എന്ന പത്രം ന്യൂയോര്‍ക്ക് ടൈംസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേംബ്രിഡ്ജ് അനലിറ്റിക്കയുടെ, അല്ലെങ്കില്‍ അതുപോലുള്ള മറ്റ് കമ്പനികളുടെ ഇന്ത്യന്‍ ബന്ധങ്ങള്‍ നമുക്കറിയില്ല. നമ്മുടെ ചിന്താഗതികള്‍ സ്വാധീനിക്കപ്പെടുന്നുണ്ടെന്ന് നമുക്ക് തന്നെ അറിയാം;പ്രതിരോധിക്കാന്‍ ആവുന്നില്ലെങ്കിലും. നാം നമുക്ക് വേണ്ടി നമ്മളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണം സത്യത്തില്‍ മറ്റാര്‍ക്കോ വേണ്ടി ആവുമ്പോഴത്തെ ജനാധിപത്യവിഭ്രമം ഭീദിതമാണ്. സ്വാതന്ത്ര്യം എന്ന വാക്കിന് അവിടെ അര്‍ത്ഥഭ്രംശം വരും. അത് ഇപ്പോള്‍ വന്നിട്ടില്ലെങ്കിലും ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന നിലയില്‍, ലോക സമ്പദ്ഘടനയില്‍ അതിവേഗം വളരുന്ന രാഷ്ട്രം എന്ന നിലയില്‍, ചൈനയ്ക്ക് ഒരു ബദല്‍ശക്തി എന്ന നിലയില്‍, ഭാവിയില്‍ അത്തരം ശ്രമങ്ങള്‍ ഇവിടെ പരീക്ഷിച്ചുകൂടായ്കയില്ല. അതിനെ പ്രതിരോധിക്കാന്‍ നിവര്‍ന്ന് നിന്ന് കാര്യം പറയുന്നതിന് പകരം കുനിഞ്ഞിരുന്ന് മൊബീലില്‍ തോണ്ടുന്ന നമുക്കാവുമോ?

ഇതിനിടയില്‍ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം കിളിവാതില്‍പ്പഴുതിലൂടൊഴുകി വരുന്നു. വാട്‌സ്ആപ്പ് സ്ഥാപകരില്‍ ഒരാളായ, മുന്‍പ് പരാമര്‍ശിക്കപ്പെട്ട ബ്രയാന്‍ അക്റ്റന്‍ ഒരു ഹാഷ്ടാഗ് മുദ്രാവാക്യം പ്രചാരപ്പെടുത്തുന്നു. #DeleteFacebook എന്ന പേരില്‍. ഇത് സംബന്ധിച്ച് ഫോര്‍ച്യുണ്‍ പത്രം തലക്കെട്ട് നല്‍കിയത് ഇപ്രകാരമാണ്: ‘WhatsApp CoFounder, Who Made Billions from Facebook, Says It’s Time to #DeleteFacebook’. പക്ഷേ, ചോദ്യം ഇതാണ്: നിങ്ങള്‍ക്ക് ഫേസ്ബുക്കിനെ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യാനാകുമായിരിക്കും, മുഖപടം തെല്ലൊന്ന് ഒതുക്കി; എന്നാല്‍, ജീവിതത്തില്‍ നിന്ന് ഡിലീറ്റ് ചെയ്യാനാവുമോ? ആരാരുമറിയാത്തൊരാത്മാവിന്‍ തുടിപ്പുപോലാലോലം ആനന്ദ നൃത്തമാര്‍ന്ന് നാം നില്‍ക്കുമ്പോള്‍ അത് ഉപേക്ഷിക്കാനാവുമോ?

Comments

comments

Categories: FK Special, Slider