4,300 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ബിഎസ്എന്‍എല്‍

4,300 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ബിഎസ്എന്‍എല്‍

ജനുവരിയില്‍ മൊബീല്‍ സേവന വിപണിയില്‍ 9.40 ശതമാനം വിഹിതമാണ് ബിഎസ്എന്‍എല്‍ നേടിയത്

ന്യൂഡെല്‍ഹി: നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിനായി അടുത്ത സാമ്പത്തിക വര്‍ഷം 4,300 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നു. ഇതിനുപുറമെ കേന്ദ്ര സര്‍ക്കാരിന്റെ ടെലികോം പദ്ധതികള്‍ക്കായി 5,000 കോടി രൂപ മുതല്‍ 6,000 കോടി രൂപ വരെ ഉപയോഗിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

മൊബീല്‍ നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുന്നതിനും ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങളുടെ നിലവാരമുയര്‍ത്തുന്നതിനും പ്രധാന നെറ്റ്‌വര്‍ക്കുകളുടെ ശാക്തീകരണത്തിനുമായിരിക്കും 4,300 കോടി രൂപയുടെ നിക്ഷേപം പ്രധാനമായും വിനിയോഗിക്കുകയെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അനുപം ശ്രീവാസ്തവ അറിയിച്ചു.

ഭാരത് നെറ്റ്, സ്‌പെക്ട്രം നെറ്റ്‌വര്‍ക്ക് വിപുലീകരണം, തെക്ക് കിഴക്കന്‍ മേഖലയിലെ സമഗ്ര ടെലികോം വികസന പദ്ധതി, ഓപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് വഴി ആന്‍ഡമാനില്‍ കണക്റ്റിവിറ്റി പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പദ്ധതി എന്നീ സര്‍ക്കാര്‍ പദ്ധതികള്‍ക്കായി 5000-6000 കോടി രൂപ ചെലവഴിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ലക്ഷദ്വീപില്‍ ബാന്‍ഡ്‌വിഡ്ത്ത് ലഭ്യമാക്കല്‍, അരുണാചല്‍പ്രദേശിലെ ഉള്‍ഗ്രാമങ്ങളില്‍ കണക്റ്റിവിറ്റി സൗകര്യം ഒരുക്കല്‍ തുടങ്ങിയവയാണ് ബിഎസ്എന്‍എല്‍ നടപ്പാക്കുന്ന മറ്റ് സര്‍ക്കാര്‍ പദ്ധതികള്‍.

സ്വകാര്യ കമ്പനികള്‍ നിക്ഷേപം നടത്താത്ത മേഖലകളിലെ വന്‍കിട കണക്റ്റിവിറ്റി പ്രൊജക്റ്റുകളിലാണ് കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപം നടത്തുന്നത്. ഇത്തരം പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് ബിഎസ്എന്‍എലിനെ ഉപയോഗിക്കുന്നതെന്നും സര്‍ക്കാരിനു വേണ്ടി കമ്പനി ഈ പ്രൊജക്റ്റുകള്‍ ഏറ്റെടുക്കുമെന്നും അനുപം ശ്രീവാസ്തവ പറഞ്ഞു.

3ജി സേവനങ്ങള്‍ക്കായി 12,000വും 4ജി സേവനങ്ങള്‍ക്കായി 10,000വും മൊബീല്‍ ടവറുകള്‍ സ്ഥാപിക്കാനാണ് ടെലികോം കോര്‍പ്പറേഷന്‍ നോക്കുന്നത്. ടെലികോം നിയന്ത്രണ അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ജനുവരിയില്‍ മൊബീല്‍ സേവന വിപണിയില്‍ 9.40 ശതമാനം വിഹിതമാണ് ബിഎസ്എന്‍എല്‍ നേടിയത്. 3.96 ലക്ഷം വരിക്കാരെയാണ് ഇക്കാലയളവില്‍ കമ്പനിക്ക് കൂട്ടിച്ചേര്‍ക്കാനായത്.

Comments

comments

Categories: Business & Economy