താരിഫ് വര്‍ധന യുഎസ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിക്ക് തിരിച്ചടിയാകും: കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ച്

താരിഫ് വര്‍ധന യുഎസ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിക്ക് തിരിച്ചടിയാകും: കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ച്

2017ല്‍ യുഎസില്‍ ഇറക്കുമതി ചെയ്തിട്ടുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ 74 ശതമാനവും ചൈനയില്‍ നിന്നായിരുന്നു

ന്യൂഡെല്‍ഹി: ഇറക്കുമതി നികുതി വര്‍ധിപ്പിച്ചുകൊണ്ടുള്ള വ്യാപാര സംരംക്ഷണവാദ നടപടി യുഎസ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് വിപണി ഗവേഷണ ഏജന്‍സിയായ കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ച്. യുഎസിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ വരുമാനത്തില്‍ 86 ശതമാനത്തോളം പങ്കുവഹിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഹാന്‍ഡ്‌സെറ്റുകളാണെന്നും കൗണ്ടര്‍പേയ്ന്റ് റിസര്‍ച്ച് വ്യക്തമാക്കി.

കൗണ്ടര്‍പോയ്ന്റിന്റെ ഏറ്റവും പുതിയ ഗവേഷണ റിപ്പോര്‍ട്ട് അനുസരിച്ച് 2017ല്‍ യുഎസില്‍ ഇറക്കുമതി ചെയ്തിട്ടുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ 74 ശതമാനവും ചൈനയില്‍ നിന്നായിരുന്നു. ഏകദേശം 130 മില്യണ്‍ യൂണിറ്റ് സ്മാര്‍ട്ട്‌ഫോണുകളാണ് കഴിഞ്ഞ വര്‍ഷം ചൈനയില്‍ നിന്നും യുഎസില്‍ ഇറക്കുമതി ചെയ്തിട്ടുള്ളത്. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുകൊണ്ടുള്ള നടപടി യുഎസ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിക്ക് ഗുണം ചെയ്യില്ലെന്ന് കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ച് ഡയറക്റ്റര്‍ ജെഫ് ഫീല്‍ഡ്ഹാക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. തീരുവ വര്‍ധിപ്പിച്ചതിനു പുറകെ ടെലികോം ഓഹരികളില്‍ ഇടിവ് നേരിട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആപ്പിള്‍, എല്‍ജി, ഇസഡ്ടിഇ, മോട്ടോറോള, സാംസംഗ് എന്നിവയാണ് ചൈനയില്‍ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന അഞ്ച് പ്രധാന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍. യുഎസ് സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതിയുടെ 74 ശതമാനവും ചൈനയില്‍ നിന്നാണെന്നിരിക്കെ 15 ശതമാനമോ 25 ശതമാനമോ താരിഫ് ചുമത്തുന്നത് ഫോണുകളുടെ വില വര്‍ധനയ്ക്ക് കാരണമാകും. മൊബീല്‍ഫോണ്‍ ഇറക്കുമതിക്ക് താരിഫ് ഉയര്‍ത്തികൊണ്ടുള്ള ഇന്ത്യയുടെ നീക്കം രാജ്യത്ത് ഐഫോണുകളുടെയും ഐഫോണ്‍ ആക്‌സസറീന്റെയും ആപ്പിള്‍ വാച്ചുകളുടെയും വില വര്‍ധനയ്ക്ക് കാരണമായതായും ഫീല്‍ഡ്ഹാക്ക് കൂട്ടിച്ചേര്‍ത്തു.

സ്മാര്‍ട്ട്‌ഫോണ്‍ അനുബന്ധ ഉപകരണങ്ങളുടെ വിപണിയെയും താരിഫ് വര്‍ധന പ്രതികൂലമായി ബാധിക്കുമെന്ന് കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ച് അനലിസ്റ്റ് മൗറിസ് ക്ലാഹെന്‍ പറഞ്ഞു. നിലവില്‍ വളര്‍ച്ച പ്രകടമാക്കുന്ന റിഫര്‍ബിഷ്ഡ്(ചെറിയ കുഴപ്പങ്ങള്‍ പരിഹരിച്ച് നവീകരണം നടത്തിയ) സ്മാര്‍ട്ട്‌ഫോണുകളുടെ വിപണിക്കും നീക്കം തിരിച്ചടിയാകും. അനുബന്ധ ഉപകരണങ്ങള്‍ക്ക് വില വര്‍ധിക്കുന്നത് റിപ്പയര്‍, റിഫര്‍ബിഷ്‌മെന്റ് സേവനങ്ങളുടെ ചെലവ് ഉയരുന്നതിന് കാരണമാകുമെന്ന് മൗറിസ് ക്ലാഹെന്‍ വ്യക്തമാക്കി.

ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് താരിഫ് ഏര്‍പ്പെടുത്താനുള്ള ഉത്തരവില്‍ വ്യാഴാഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചത്. ബിസിനസ് ഗ്രൂപ്പുകളില്‍ നിന്നും വ്യാവസായിക വിദഗ്ധരില്‍ നിന്നുമുള്ള ശക്തമായ എതിര്‍പ്പുകളെയും മുന്നറിയിപ്പുകളെയും കാറ്റില്‍ പറത്തികൊണ്ടായിരുന്നു ട്രംപിന്റെ ഏകപക്ഷീയമായ തീരുമാനം.

Comments

comments

Categories: Business & Economy