‘അരാംകോ ഓഹരികള്‍ വാങ്ങാന്‍ യുഎസ് നിക്ഷേപകര്‍ക്ക് അവസരമുണ്ടാകും’

‘അരാംകോ ഓഹരികള്‍ വാങ്ങാന്‍ യുഎസ് നിക്ഷേപകര്‍ക്ക് അവസരമുണ്ടാകും’

അരാംകോയുടെ ഓഹരിവില്‍പ്പനയ്ക്കായി ന്യൂയോര്‍ക്ക്, ലണ്ടന്‍, ഹോങ്കോംഗ് ഓഹരിവിപണികളെ സൗദി ഇപ്പോഴും പരിഗണിക്കുന്നുണ്ട്

റിയാദ്: സൗദി സര്‍ക്കാരിന്റെ കീഴിലുള്ള ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയില്‍ ഓഹരിയെടുക്കാന്‍ അമേരിക്കക്കാര്‍ക്കും അവസരമുണ്ടായേക്കും. സൗദിയുടെ ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് ആണ് ഇത് വ്യക്തമാക്കിയത്. അമേരിക്കന്‍ നിക്ഷേപകര്‍ക്കും അരാംകോയില്‍ ഓഹരിയെടുക്കാന്‍ അവസരമുണ്ടാകും-സൗദി ഊര്‍ജ്ജമന്ത്രി പറഞ്ഞു.

അതേസമയം സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ദേശിച്ച പരിഷ്‌കരണ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ വേഗത്തില്‍ ചില നിക്ഷേപകര്‍ക്ക് മെല്ലെപ്പോക്ക് നയമുണ്ടെന്നും അവര്‍ ലാഭവിഹിതത്തിലാണ് ഫോക്കസ് ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അരാംകോ ലിസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് അത് അഭിമുഖീകരിക്കും. നിക്ഷേപകര്‍ക്ക് എത്ര പണം നല്‍കാം എന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തും-അദ്ദേഹം പറഞ്ഞു.

സൗദിയുടെ ആഭ്യന്തര സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ മാത്രമേ അരാംകോയുടെ ലിസ്റ്റിംഗ് നടത്തൂവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

സൗദിയെ മാറ്റി മറിക്കുക എന്ന ലക്ഷ്യത്തോടെ കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പിലാക്കുന്ന സാമൂഹ്യ, സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030-ന്റെ ആണിക്കല്ലാണ് സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ). ഓഹരി വില്‍പ്പനയിലൂടെ 100 ബില്ല്യണ്‍ ഡോളറെങ്കിലും സമാഹരിക്കാനാണ് സൗദിയുടെ പദ്ധതി. എണ്ണ കമ്പനിയുടെ അഞ്ച് ശതമാനം ഓഹരി വില്‍ക്കനാണ് പദ്ധതി. ഐപിഒയിലൂടെ കമ്പനിയുടെ മൂല്യം രണ്ട് ട്രില്ല്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സൗദിയുടെ ആഭ്യന്തര സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ മാത്രമേ അരാംകോയുടെ ലിസ്റ്റിംഗ് നടത്തൂവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതില്‍ വസ്തുതയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഊര്‍ജ്ജ മന്ത്രിയുടെ പ്രസ്താവന. ന്യൂയോര്‍ക്ക്, ലണ്ടന്‍, ഹോങ്കോംഗ് തുടങ്ങിയ അന്താരാഷ്ട്ര വിപണികളെ ഇപ്പോഴും ലിസ്റ്റിംഗിനായി ഞങ്ങള്‍ പരിഗണിക്കുന്നുണ്ട്-സൗദിയുടെ ധനമന്ത്രി മൊഹമ്മദ് അല്‍ ജദ്ദാന്‍ പറഞ്ഞു. ഏതെല്ലാം വിപണികളിലാകും അരാംകോ ലിസ്റ്റ് ചെയ്യപ്പെടുകയെന്നത് ഇതുവരെ തീരുമാനമായിട്ടില്ല. ഒന്നോ രണ്ടോ അന്താരാഷ്ട്ര വിപണികളെ പരിഗണിക്കാനേ സാധ്യതയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. അത് ഏതെന്നറിയാനുള്ള ആകംക്ഷയിലാണ് യുഎസും യുകെയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍.

Comments

comments

Categories: Arabia