പന്തില്‍ കൃത്രിമം : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കണമെന്ന് സര്‍ക്കാര്‍; സംഭവം ‘ഞെട്ടിക്കുന്ന നിരാശ’ നല്‍കിയെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍

പന്തില്‍ കൃത്രിമം : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കണമെന്ന് സര്‍ക്കാര്‍; സംഭവം ‘ഞെട്ടിക്കുന്ന നിരാശ’ നല്‍കിയെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍

സിഡ്‌നി : ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം പന്തില്‍ കൃത്രിമം കാട്ടാന്‍ ഓസ്‌ട്രേലിയന്‍ താരം കാമറോണ്‍ ബാന്‍ക്രോഫ്റ്റ് ശ്രമിച്ചത് തന്റെ അറിവോടു കൂടിയാണെന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ വെളിപ്പെടുത്തലില്‍ വിവാദം കത്തിക്കയറുന്നു. ഓസ്ട്രിലയന്‍ ക്രിക്കറ്റിന്റെ അന്തസിനെ തന്നെ ബാധിച്ച വിഷയത്തില്‍ രാജ്യത്തെ സര്‍ക്കാര്‍ ഇടപെട്ടു. സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് സര്‍ക്കാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് നിര്‍ദേശം നല്‍കി. ‘ഞെട്ടിക്കുന്ന നിരാശ’യെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പ്രതികരിച്ചത്. ഓസ്‌ട്രേലിയന്‍ സ്‌പോര്‍സ് കമ്മീഷനും സംഭവത്തെ അപലപിച്ചു.

സ്മിത്തിന്റെ ഭാവി സംബന്ധിച്ച് തീരുമാനിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രത്യേക സംഘം രൂപീകരിച്ചു. ഇന്റഗ്രിറ്റി വിഭാഗം തലവന്‍ ലെയ്ന്‍ റോയ്, ടീം പെര്‍ഫോമന്‍സ് വിഭാഗം തലവന്‍ പാറ്റ് ഹോവാഡ് എന്നിവര്‍ ദക്ഷിണാഫ്രിക്കക്ക് തിരിച്ചെന്ന്് ക്രിക്കറ്റ് ഓസ്‌ട്രേലിയ മേധാവി സുതര്‍ലാന്റ് അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് വരുന്നതു വരെ സ്മിത്ത് ക്യാപ്റ്റനായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

കേപ്ടൗണ്‍ ടെസ്റ്റി്‌ന്റെ മൂന്നാം ദിനം ഓസ്‌ട്രേലിയന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനായ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് മഞ്ഞ നിറത്തിലുള്ള ടേപ്പ് ഉപയോഗിച്ച് പിച്ചില്‍ നിന്ന് മണല്‍ത്തരികള്‍ ശേഖരിച്ച് പന്തിന്റെ ഒരു വശത്ത് ഉരക്കുകയായിരുന്നു. പന്തിന് റിവേഴ്‌സ് സ്വിംഗ് കിട്ടാനായാണിത് ചെയ്തത്. ഇത് അംപയര്‍മാരുടെ ശ്രദ്ധയില്‍ പെടുകയും ബാന്‍ക്രോഫ്റ്റിനെതിരെ നടപടിയെടുക്കാന്‍ ഐസിസിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. കളിക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തന്റെ അറിവോടെയാണ് പന്തില്‍ കൃത്രിമത്വം നടത്താന്‍ ശ്രമിച്ചതെന്ന് സ്മിത്ത് കുറ്റസമ്മതം നടത്തുകയായിരുന്നു. സംഭവത്തില്‍ പരിശീലകര്‍ക്ക് പങ്കില്ലെന്നും നേതൃതലത്തിലുളള കളിക്കാരാണ് പദ്ധതി തയാറാക്കിയതെന്നും സ്മിത്ത് വ്യക്തമാക്കിയെങ്കിലും കോച്ചിംഗ് സ്റ്റാഫിന്റെയടക്കം തൊപ്പി തെറിച്ചേക്കുമെന്നാണ് സൂചന. ഐസിസിയുടെ വിലക്കും താരങ്ങള്‍ക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയക്കും നേരിടേണ്ടി വന്നേക്കാം.

Comments

comments

Categories: FK News, Sports

Related Articles