ഫ്‌ളിപ്കാര്‍ട്ട് പേമെന്റ്‌സ്  ഫോണ്‍പേയില്‍ 518 കോടി  നിക്ഷേപിച്ചു

ഫ്‌ളിപ്കാര്‍ട്ട് പേമെന്റ്‌സ്  ഫോണ്‍പേയില്‍ 518 കോടി  നിക്ഷേപിച്ചു

ബെംഗളൂരു: ആഭ്യന്തര ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പേമെന്റ്‌സ് കമ്പനിയായ ഫോണ്‍പേ ഫ്‌ളിപ്കാര്‍ട്ടിന്റെ സിംഗപ്പൂര്‍ ആസ്ഥാനമായ സഹസ്ഥാപനം ഫ്‌ളിപ്കാര്‍ട്ട് പേമെന്റ്‌സില്‍ നിന്നും 518.2 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. ഒരു ഓഹരിക്ക് 2,110 രൂപ എന്ന നിലയ്ക്ക് ഫോണ്‍പേയുടെ 24,56,066 ഇക്വിറ്റി ഓഹരികളാണ് ഇടപാടിലൂടെ ഫ്‌ളിപ്കാര്‍ട്ട് പേമെന്റ്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഫോണ്‍പേയില്‍ 500 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുമെന്ന് ഫ്‌ളിപ്കാര്‍ട്ടിന്റെ പ്രഖ്യാപിച്ചിരുന്നു.

ഗൂഗിള്‍, വാട്‌സാപ്പ് പോലുള്ള വന്‍കിട കമ്പനികള്‍ ഇന്ത്യന്‍ ഡിജിറ്റല്‍ പേമെന്റ് മേഖലയിലേക്ക് കടന്നുവന്നതിന് പിന്നാലെയാണ് ഫോണ്‍പേയുടെ നിക്ഷേപ സമാഹരണം എന്നതും ശ്രദ്ധേയമാണ്. വിപണിയിലെ ഫോണ്‍പേയുടെ ഏറ്റവും വലിയ എതിരാളികളായ പേടിഎം യുപിഐ അധിഷ്ഠിത പേമെന്റ് മേഖലയിലേക്കും ചുവടുവെച്ചു കഴിഞ്ഞു. യുപിഐ പേമെന്റ്‌സിനായി യെസ് ബാങ്കുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഫോണ്‍പേ ഈ മേഖലയിലേക്ക് കടന്നു വന്ന ആദ്യ കമ്പനികളിലൊന്നാണ്. യുപിഐ പേമെന്റ്‌സ് മേഖലയില്‍ ഇപ്പോഴും വലിയ വിപണി വിഹിതമുണ്ടെങ്കിലും പേടിഎമ്മും ഗൂഗിള്‍ തേസും തങ്ങള്‍ ഫോണ്‍പേയെ മറികടന്നതായാണ് അവകാശപ്പെടുന്നത്.

അടുത്തിടെ ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുമായി ഫോണ്‍പേ കൈകോര്‍ത്തിരുന്നു. ഉപഭോക്താക്കള്‍ക്ക് ലളിതമായ പേമെന്റ് ഓപ്ഷനുകള്‍ ലഭ്യമാക്കുന്നതിനായിരുന്നു ഇത്. 75 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള കച്ചവടക്കാരുടെ ഇടപാടുകളില്‍ ഏറ്റവും ഉയര്‍ന്ന വിപണി വിഹിതവുമാണ് ഫോണ്‍പേ അവകാശപ്പെടുന്നത്. പിവിആര്‍, മെയ്ക്ക് മൈ ട്രിപ്, കെഎഫ്‌സി, ക്ലിയര്‍ട്രിപ് തുടങ്ങി 60,000 ലധികം ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ കച്ചവടക്കാരുമായി കമ്പനി സഹകരിക്കുന്നുണ്ട്. മുന്‍പ് എഫ്എക്‌സ് മാര്‍ട്ട് എന്നറിയപ്പെട്ടിരുന്ന ഫോണ്‍പേയെ 2016 ലാണ് ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കുന്നത്.

Comments

comments

Categories: Business & Economy