പാല്‍ക്കുപ്പി ഡോട്ട് ഇന്‍ അഥവാ ന്യൂജെന്‍ പാല്‍ക്കച്ചവടം

പാല്‍ക്കുപ്പി ഡോട്ട് ഇന്‍ അഥവാ ന്യൂജെന്‍ പാല്‍ക്കച്ചവടം

ശുദ്ധമായ പശുവിന്‍ പാല്‍ വേണമെങ്കില്‍ ഇനി പാല്‍ക്കുപ്പി ഡോട്ട് ഇന്‍ വെബ്‌സൈറ്റുവഴി ഓര്‍ഡര്‍ നല്‍കാം . നല്ല നാടന്‍ പാല്‍ നിങ്ങളുടെ വീട്ടുമുറ്റത്ത് എത്തും.കൊച്ചി, പൂക്കാട്ടുപടിയില്‍ നിന്നും ആരംഭിച്ച പാല്‍വിതരണം ഇപ്പോള്‍ എറണാകുളം ജില്ലാ മുഴുവന്‍ വ്യാപിച്ചിരിക്കുകയാണ് . 35 ലക്ഷം രൂപ മുതല്‍മുടക്കില്‍ ആരംഭിച്ച പാല്‍ക്കുപ്പി ഡോട്ട് ഇന്‍, പ്രവര്‍ത്തനം തുടങ്ങി ഏഴുമാസത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചു പിടിച്ചു.

വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ക്കൊപ്പമാണ് ബിസിനസിലെ വിജയം എന്ന് തെളിയിച്ചിരിക്കുകയാണ് പൂക്കാട്ടുപടി സ്വദേശികളായ സഫര്‍ അക്ബര്‍ , അജുല്‍ അന്‍വര്‍ , മുഹമ്മദ് റഫീഖ്, ശരത് എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച പാല്‍ക്കുപ്പി ഡോട്ട് ഇന്‍ എന്ന സംരംഭം. മായം ചേര്‍ക്കലിന്റെ ഈ കാലഘട്ടത്തില്‍ മായം ചേര്‍ക്കാത്ത , ആരോഗ്യകരമായ പാല്‍ നിങ്ങളുടെ വീട്ടുമുറ്റത്ത് എത്തുമെങ്കില്‍ ആരാണ് വേണ്ടെന്ന് പറയുക. ഈ ഉറപ്പാണ് ,വൈറ്റ് കോളര്‍ ജോലികള്‍ ഉപേക്ഷിച്ച് പശുവളര്‍ത്തലിന് പിന്നാലെ പോകുവാന്‍ ഈ കൂട്ടുകാരെ പ്രോത്സാഹിപ്പിച്ചത്.

എന്‍ജിനീയറിംഗ് ബിരുദധാരിയാണ് സഫര്‍ അക്ബര്‍, എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പഠനശേഷം ബാംഗ്ലൂരില്‍ ജോലി ചെയ്ത് വരികയായിരുന്നു അജുല്‍ അന്‍വര്‍ .മുഹമ്മദ് റഫീക്കും ശരത്തും നേരത്തെ തന്നെ ബിസിനസില്‍ തുടക്കം കുറിച്ചിരുന്നു. നാലുപേരും ഒരവധി ദിവസം ഒന്നിച്ചപ്പോഴാണ് സ്വന്തം സംരംഭം എന്ന ആശയം തലപൊക്കുന്നത്. ബിസിനസില്‍ മുന്‍പരിചയമുള്ളതിനാല്‍ മുഹമ്മദ് റഫീക്കിനും ശരത്തിനും പൂര്‍ണ്ണസമ്മതം. എന്തുതുടങ്ങിയാലും അതിനൊരു ന്യൂജെന്‍ ടച്ച് വേണം എന്ന് പറഞ്ഞത് സഫര്‍ ആണ്. അങ്ങനെ പലചരക്ക് വില്‍പന ഓണ്‍ലൈനിലിലേക്ക് മാറ്റുന്ന സ്റ്റോര്‍ 24 എന്ന സ്ഥാപനത്തിന് ആ ചര്‍ച്ച തുടക്കമിട്ടു.

എന്ത് കാര്യം ചെയ്താലും ആത്മാര്‍ത്ഥതയോടെ ചെയ്യുക, ഭക്ഷ്യ സംരംഭങ്ങളില്‍ ഒരിക്കലും കൃത്രിമം കാണിക്കരുത്, ഉപഭോക്താവ് നമ്മില്‍ അര്‍പ്പിക്കുന്ന വിശ്വാസ്യത തിരിച്ചും നല്‍കുക , ഈ മൂന്നുകാര്യങ്ങളാണ് പാല്‍ക്കുപ്പി ഡോട്ട് ഇന്‍ എന്ന ന്യൂജെന്‍ പാല്‍ക്കടയുടെ വിജയരഹസ്യം

” സംരംഭകര്‍ എന്ന നിലയില്‍ ഞങ്ങളുടെ ആദ്യ സംരംഭം സ്റ്റോര്‍ 24 ആയിരുന്നു. ആറ് ലക്ഷം രൂപയുടെ നിക്ഷേപത്തിലാണ് സ്റ്റോര്‍ 24 ആരംഭിച്ചത്. വീട്ടാവശ്യത്തിന് വേണ്ട എല്ലാവിധ പലചരക്ക് സാധനങ്ങളും ആപ്പ് വഴി സ്റ്റോര്‍ 24 ല്‍ നിന്നും പര്‍ച്ചേസ് ചെയ്യാം. ഓര്‍ഡര്‍ ലഭിച്ച് ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ സാധനങ്ങള്‍ അഡ്രസ് പ്രകാരം ഓഡര്‍ നല്‍കിയ വ്യക്തിക്ക് എത്തിച്ചു കൊടുക്കും. രണ്ടു വര്‍ഷം മുന്‍പാണ് സ്റ്റോര്‍ 24 ആരംഭിച്ചത്. പ്രവര്‍ത്തനം തുടങ്ങി കൃത്യം ആറാം മാസം ഞങ്ങള്‍ക്ക് മുടക്കുമുതല്‍ തിരിച്ചു പിടിക്കാനായി. സ്റ്റോര്‍ 24 ന്റെ വിജയമാണ് മറ്റൊരു സംരംഭം തുടങ്ങാനുള്ള കരുത്ത് ഞങ്ങള്‍ക്ക് നല്‍കിയത്. ” അജുല്‍ അന്‍വര്‍ പറയുന്നു.

പാല്‍ക്കുപ്പി ഡോട്ട് ഇന്‍ ജനിക്കുന്നു

സ്റ്റോര്‍ 24 വഴി ഉപഭോക്താക്കളിലേക്ക് എത്തുമ്പോള്‍ സ്ഥിരം കേട്ടിരുന്ന പരാതിയാണ്, ഗുണമേന്മയുള്ള നാടന്‍ പാല്‍ ലഭിക്കാനില്ല എന്നത്. പരാതി സ്ഥിരമായപ്പോള്‍, എങ്ങനെ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ നാടന്‍ പാല്‍ ജനങ്ങളിലേക്ക് എത്തിക്കാം എന്ന ചിന്തയായി. വ്യാവസായികാടിസ്ഥാനത്തില്‍ പാല്‍ ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍ പലപ്പോഴും ഗുണമേന്മ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നില്ല. കേടാകാതെ ഇരിക്കുന്നു എന്നത് മാത്രമാണ് ഇത്തരം പാക്കറ്റ് പാലുകളുടെ പ്രത്യേകത. നാടന്‍ പാല്‍ ജങ്ങളിലേക്ക് എത്തിക്കണം എങ്കില്‍ സ്വന്തമായി ഫാം തുടങ്ങുകയേ വഴിയുള്ളൂ എന്ന് മനസിലായത് അപ്പോഴാണ്.

സ്റ്റോര്‍ 24 ആരംഭിച്ചു എങ്കിലും നാലുപേരും തങ്ങളുടേതായ ജോലികളില്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഫാം തുടങ്ങാന്‍ തീരുമാനിച്ചതോടെ ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. എന്‍ജിനീയറിംഗും എംബിഎയും മറ്റും പഠിച്ചശേഷം പശുവിനെ വളര്‍ത്താന്‍ ഇറങ്ങുക, പറയുന്ന അത്ര സുഖകരമായിരുന്നില്ല കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്നത്. തങ്ങളുടെ പശുവളര്‍ത്തല്‍ മോഹം വീട്ടുകാരെ അറിയിച്ചപ്പോള്‍ പൂര്‍ണ നിരാശയായിരുന്നു ഫലമെന്ന് അജുല്‍ പറയുന്നു. വീട്ടിലും നാട്ടിലും ആരും തന്നെ ഫാമിനെ പിന്തുണച്ചില്ല. നല്ല ജോലിയുള്ളത് കളഞ്ഞുകൊണ്ട് ഇത്തരം ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത് ഭ്രാന്താണ് എന്നുവരെ അവര്‍ പറഞ്ഞു. എന്നാല്‍ അതുകൊണ്ടൊന്നും ഈ കൂട്ടുകാര്‍ തീരുമാനത്തില്‍ നിന്നും പിന്മാറിയില്ല.

കടമ്പകള്‍ കടന്ന് പൂക്കാട്ടുപടിയിലെ ഫാമിലേക്ക്

നാലുപേരും ഒരുമിച്ചിരുന്ന് അനവധി തവണ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാല്‍ക്കുപ്പി ഡോട്ട് ഇന്‍ എന്ന ബ്രാന്‍ഡ് നെയിം തെരെഞ്ഞെടുത്തത്. ഓണ്‍ലൈന്‍ മില്‍ക്ക് ഡെലിവറിയാണ് തങ്ങള്‍ നടത്തുന്നത് എന്ന് ഒറ്റനോട്ടത്തില്‍ മനസിലാവണം എന്ന നിര്‍ബന്ധം കൊണ്ടാണ് ഇങ്ങനെ ഒരു പേര് തെരെഞ്ഞെടുത്തത്. അടുത്തത് ഫാം തുടങ്ങുക എന്ന കടമ്പയാണ്. അതിനായി ഫണ്ട് കണ്ടെത്തണം . സ്റ്റോര്‍ 24 ന്റെ വരുമാനത്തില്‍ നിന്നുള്ള നീക്കിയിരുപ്പ് അടിസ്ഥാന മൂലധനമായി സ്വീകരിച്ച് അഞ്ചു ലക്ഷം രൂപ നിക്ഷേപത്തില്‍ പൂക്കാട്ടുപടിയില്‍ ഫാമിനായി സ്ഥലം പണയത്തിന് എടുത്തു. അതിനു ശേഷം അഞ്ചു പശുക്കളെ വാങ്ങി. രണ്ടാം ഘട്ടത്തില്‍ പശുക്കളുടെ എണ്ണം പത്താക്കി വര്‍ധിപ്പിച്ചു. ഇപ്പോള്‍ ഫാമില്‍ 26 പശുക്കളാണ് ഉള്ളത്.

” ഫാമില്‍ ഞങ്ങള്‍ വളര്‍ത്തുന്നത് എല്ലാം നാടന്‍ ഇനങ്ങളെയാണ്. പച്ചപ്പുല്ലും കാലിത്തീറ്റയുമാണ് ഇവയ്ക്ക് പ്രധാനമായും നല്‍കുന്നത്. ആദ്യം പരിചയമില്ലാത്ത ഒരു മേഖലയായി തോന്നിയിരുന്നു എങ്കിലും ഇപ്പോള്‍ പശുവിനെ കുളിപ്പിക്കുന്നതും ഭക്ഷണം നല്‍കുന്നതും പാല്‍ കറക്കുന്നതും ഒക്കെ ഞങ്ങള്‍ തന്നെയാണ്. ഫാമില്‍ മറ്റു തൊഴിലാളികള്‍ ഉണ്ടെങ്കിലും ഞങ്ങള്‍ സ്വയം കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു സംതൃപ്തി കണ്ടെത്തുന്നു” അജുല്‍ പറയുന്നു.

ശുദ്ധമായ പാല്‍ ഫാമില്‍ നിന്നും വീടുകളിലേക്ക്

ആദ്യഘട്ടത്തില്‍ ഒരു പരീക്ഷണം എന്ന നിലക്ക് ആലുവ ഭാഗത്താണ് പാല്‍ക്കുപ്പി ഡോട്ട് ഇന്‍ പ്രവര്‍ത്തനം നടത്തിയത്. വെബ്‌സൈറ്റ് വഴിയും ഫോണ്‍ വഴിയും ലഭിച്ച ഓര്‍ഡറുകള്‍ അനുസരിച്ച് പാസ്ചറൈസ് ചെയ്ത ശുദ്ധമായ പശുവില്‍ പാല്‍ വീടുകളില്‍ എത്തിച്ചു നല്‍കി. ജനങ്ങള്‍ എങ്ങനെ തങ്ങളുടെ സംരംഭത്തെ സ്വീകരിക്കുമെന്ന ആകാംക്ഷയില്‍ നിന്നിരുന്ന സുഹൃത്തുക്കള്‍ക്ക് അതിശയിപ്പിക്കുന്ന പ്രതികരണമാണ് വിപണിയില്‍ നിന്നും ലഭിച്ചത്. ദിനം പ്രതി പാലിന് ആവശ്യക്കാര്‍ വര്‍ദ്ധിച്ചു വന്നു.മാസങ്ങള്‍ക്കുള്ളില്‍ ആലുവ, പൂക്കാട്ടുപടി, ഇടപ്പള്ളി, കളമശ്ശേരി തുടങ്ങി , തൃപ്പുണിത്തുറ ഒഴികെയുള്ള എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പാല്‍ എത്തിക്കാന്‍ പാല്‍കുപ്പിക്ക് കഴിഞ്ഞു. തങ്ങളുടെ ഫാമില്‍ ഉല്‍പാദിപ്പിക്കുന്ന പാല്‍ വര്‍ധിച്ചു വരുന്ന ഓര്‍ഡറുകള്‍ക്ക് അനുസൃതമായി വിതരണം ചെയ്യാന്‍ പര്യാപ്തമല്ല എന്ന് വന്നപ്പോള്‍ ജില്ലയിലെ മറ്റു ക്ഷീര കര്‍ഷകരുമായി കരാറുണ്ടാക്കി. ഇത്തരത്തില്‍ ശേഖരിക്കുന്ന പാല്‍ വ്യക്തമായ ഗുണനിലവാര പരിശോധനക്ക് ശേഷം മാത്രമാണ് വിതരണത്തിന് എത്തുന്നത്.

ലിറ്ററിന് 60 രൂപ നിരക്കിലാണ് പാല്‍ക്കുപ്പി ഡോട്ട് ഇന്‍ പാല്‍വില്പന നടത്തുന്നത്. വിപണിയില്‍ ലഭിക്കുന്ന മറ്റു പാലുകളെ അപേക്ഷിച്ച് ഇത് ഉയര്‍ന്ന നിരക്കാണ് എന്നാല്‍, ഈ നിരക്കില്‍ പാല്‍ വാങ്ങാന്‍ ജനങ്ങള്‍ തയ്യാറാണെന്ന് ഇവര്‍ പറയുന്നു. കാരണം ശുദ്ധമായ , കലര്‍പ്പില്ലാത്ത പശുവിന്‍പാല്‍ ലഭിക്കുന്നു എന്നത് തന്നെ. ഡെലിവറി ബോയ്‌സ് നേരിട്ട് പാല്‍ ഉപഭോകതാവില്‍ എത്തിക്കുന്നു. പാല്‍ ഡെലിവറി, ഫാമിലെ പ്രവര്‍ത്തങ്ങള്‍ എന്നിവയ്ക്കായി അന്‍പതോളം ജോലിക്കാരെയും ഇവര്‍ നിയമിച്ചിരുന്നു. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ കാലത്തും വൈകിട്ടുമാണ് പാല്‍ വില്‍പന നടക്കുന്നത്.

” വിപണയില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് പാല്‍കുപ്പിക്ക് ലഭിക്കുന്നത്.ഞങ്ങള്‍ പാല്‍ വിതരണം നടത്തുന്നത് പാക്കറ്റുകളില്‍ അല്ല എന്നത് തന്നെയാണ് ജനങ്ങളെ ഞങ്ങളോട് കൂടുതല്‍ അടുപ്പിക്കുന്നത്. ഇപ്പോള്‍ പ്രതിദിനം 1000 ലിറ്റര്‍ പാലിന്റെ വില്‍പ്പനയുണ്ട്. ഞായറാഴ്ചകളില്‍ ഞങ്ങള്‍ക്ക് അവധിയാണ്. അതിനാല്‍ തന്നെ ശനിയാഴ്ചകളില്‍ വില്‍പന കൂടുതലുമാണ്” അജുല്‍ പറയുന്നു.

ബിസിനസും സൗഹൃദവും ഒരുമിച്ച്

ബിസിനസും സൗഹൃദവും ഒരുമിച്ച് കൊണ്ട് പോകുന്നു എന്നതാണ് ഈ സുഹൃത്തുക്കളുടെ വിജയം. പാല്‍ക്കുപ്പി ഡോട്ട് ഇന്നിന്റെ സെയില്‍സ് സംബന്ധമായ കാര്യങ്ങളും മാര്‍ക്കറ്റ് വിപുലീകരണവും നോക്കുന്നത് അജുല്‍ അന്‍വര്‍ ആണ്. മുഹമ്മദ് റഫീക്കും ശരത്തും ഫിനാന്‍സ് സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. സഫര്‍ ആണ് സോഷ്യല്‍ മീഡിയ പ്രൊമോഷന്‍ , പരസ്യം എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്.

ബ്രേക്ക് ഈവന്‍ ആകുന്നതിനായി രണ്ടു വര്‍ഷത്തെ സമയപരിധി നിശ്ചയിച്ചുകൊണ്ടാണ് ഇവര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി കൃത്യം ഏഴാം മാസം പാല്‍ക്കുപ്പി ഡോട്ട് ഇന്‍ ബ്രേക്ക് ഈവന്‍ ആയി എന്നത് ഈ സൗഹൃദക്കൂട്ടായ്മയുടെ വിജയമാണ്. തങ്ങളുടെ മാതൃ സംരംഭമായ സ്റ്റോര്‍ 24 ഉം ഇവര്‍ ഇതോടൊപ്പം വിജയകരമായി നടത്തുന്നു.

പദ്ധതികള്‍ ഇനിയും നിരവധി

എന്താണ് ഭാവി പദ്ധതി എന്ന് ചോദിച്ചാല്‍ നാല്‍വര്‍ സംഘം ഒറ്റ ശബ്ദത്തില്‍ പറയും പദ്ധതികള്‍ ഇനിയും നിരവധിയാണ്. പശുക്കളുടെ എണ്ണം ഇനിയും വര്‍ദ്ധിപ്പിക്കണം. നിലവില്‍ രണ്ടു എരുമകള്‍ കൂടിയുണ്ട് ഇവരുടെ ഫാമില്‍. ഒരിക്കല്‍ എതിര്‍ത്ത വീട്ടുകാര്‍ ഇപ്പോള്‍ പൂര്‍ണ പിന്തുണയും നല്‍കുന്നു എന്ന സന്തോഷത്തിന്റെ പിന്‍ബലത്തില്‍ നിന്നുകൊണ്ടാണ് ഭാവിപ്രവര്‍ത്തങ്ങള്‍ വിഭാവനം ചെയ്യുന്നത്.

കുറേക്കൂടി കോര്‍പ്പറേറ്റ് ലെവലിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഡെലിവറി ബോയ്‌സിന് എല്ലാവര്‍ക്കും യൂണിഫോമുകള്‍ തയ്യാറാക്കിക്കഴിഞ്ഞു. ഇനി മുതല്‍ പാല്‍ക്കുപ്പി ഡോട്ട് ഇന്നിന്റെ യൂണിഫോം ധരിച്ച ആളുകള്‍ ആയിരിക്കും പാല്‍ വിതരണം നടത്തുക. പാലിന് പുറമെ തൈര് , പനീര്‍ , ചീസ് എന്നിവയുടെ ഉല്‍പാദനം ആരംഭിക്കാന്‍ പദ്ധതിയുണ്ട്. കൊച്ചിയ്ക്ക് പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്. നവീകരിച്ച മൊബൈല്‍ ആപ്പ് ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമാകും. അതിനുശേഷം ആപ്പ് വഴിയും പാല്‍ ഓര്‍ഡര്‍ ചെയ്യാം.

Comments

comments

Tags: palkuppi.in