പ്രധാനമന്ത്രി ഇന്ത്യക്കാരുടെ വിവരങ്ങളെല്ലാം അമേരിക്കന്‍ കമ്പനിക്ക് നല്‍കുന്നെന്ന് രാഹുല്‍ ഗാന്ധി; ഇത്തരം കള്ളക്കഥകള്‍ ആരും വിശ്വസിക്കില്ലെന്ന് കണ്ണന്താനം; ബയോമെട്രിക് രേഖകള്‍ സുരക്ഷിതമെന്നും കേന്ദ്ര സര്‍ക്കാര്‍

പ്രധാനമന്ത്രി ഇന്ത്യക്കാരുടെ വിവരങ്ങളെല്ലാം അമേരിക്കന്‍ കമ്പനിക്ക് നല്‍കുന്നെന്ന് രാഹുല്‍ ഗാന്ധി; ഇത്തരം കള്ളക്കഥകള്‍ ആരും വിശ്വസിക്കില്ലെന്ന് കണ്ണന്താനം; ബയോമെട്രിക് രേഖകള്‍ സുരക്ഷിതമെന്നും കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി / തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് നല്‍കുകയാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇലക്ട്രോണിക്‌സ് ആന്റ് ഐടി സഹമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യക്കാരുടെ വിവരങ്ങള്‍ അമേരിക്കയിലെ ഏതെങ്കിലും കമ്പനിക്ക് നല്‍കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്ന് കണ്ണന്താനം തിരുവനന്തപുരത്ത് ചോദിച്ചു. രാഹുലിന്റെ കള്ളക്കഥകള്‍ ആരും വിശ്വസിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ആധാര്‍ വിവരങ്ങളെന്നാല്‍ പേരും അഡ്രസും മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി. ഈ വിവരങ്ങള്‍ ഉപയോഗിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. വിരലടയാളവും കൃഷ്ണമണിയുടെ ചിത്രവുമടക്കമുള്ള ബയോമെട്രിക് വിവരങ്ങള്‍ യുഐഡിഎഐയില്‍ സുരക്ഷിതമാണെന്നും ഇത് ഉപയോഗിക്കാന്‍ ആര്‍ക്കും അനുമതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിസക്കായി വെള്ളക്കാരന്റെ മുന്നില്‍ തുണിയഴിക്കാന്‍ മടിയില്ലാത്തവര്‍ക്ക് സ്വന്തം സര്‍ക്കാര്‍ വിവരങ്ങള്‍ തിരക്കുമ്പോള്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. ’10 പേജുകളാണ് വിസക്കായി ഞാന്‍ പൂരിപ്പിച്ച നല്‍കിയത്. വെള്ളക്കാര്‍ക്ക്ക്ക് വിരലടയാളം നല്‍കുന്നതിനും അവരുടെ മുന്നില്‍ തുണിയഴിച്ച് നഗ്നരാവാനും നമുക്ക് മടിയൊന്നുമില്ല. നമ്മുടെ സര്‍ക്കാര്‍ പേരും അഡ്രസും ചോദിച്ചാല്‍ സ്വകാര്യതയുടെ ലംഘനം എന്നു പറഞ്ഞ് വിപഌവമുണ്ടാക്കും’- കണ്ണന്താനം പരിഹസിച്ചു.

നേരത്തെ ട്വിറ്ററിലാണ് പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നത്. ‘ഹായ്, എന്റെ പേര് നരേന്ദ്രമോദി എന്നാണ്. ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്റെ ഔദ്യേഗിക ആപഌക്കേഷനുമായി നിങ്ങള്‍ ബന്ധപ്പെടുമ്പോള്‍ അമേരിക്കന്‍ കമ്പനികളിലെ എന്റെ സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ എല്ലാ വിവരങ്ങളും ഞാന്‍ നല്‍കും’ എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പരിഹാസം.

Comments

comments

Categories: FK News, Politics, Top Stories

Related Articles