സംസ്ഥാനത്തെ ആദ്യ ദേശീയ യുനാനി റിസര്‍ച്ച് സെന്റര്‍ പ്രവര്‍ത്തനസജ്ജമാകുന്നു

സംസ്ഥാനത്തെ ആദ്യ ദേശീയ യുനാനി റിസര്‍ച്ച് സെന്റര്‍ പ്രവര്‍ത്തനസജ്ജമാകുന്നു

കൂത്തുപറമ്പ്: കേന്ദ്ര യുനാനി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ കേരളത്തിലെ ആദ്യ ദേശീയ യുനാനി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പാട്യത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു. രണ്ട് മാസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്നാണ് വിവരം. നിര്‍മാണങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിനിധി സംഘം സ്ഥലം സന്ദര്‍ശിച്ചു.

ഒപി, റിസര്‍ച്ച് ലബോറട്ടറി, കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് പാട്യം പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഉത്തരമലബാറില്‍ യുനാനി ചികിത്സയ്ക്കുള്ള സ്വീകാര്യതയും ആളുകളുടെ താല്‍പര്യവും മനസിലാക്കിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പാട്യത്ത് സ്ഥാപിക്കുന്നത്. മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമായിരിക്കും. സ്ഥലം എംഎല്‍എയും ആരോഗ്യമന്ത്രിയുമായ കെകെ ശൈലജയുടെ ഇടപെടലിലൂടെയാണ് യുനാനി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ത്ഥ്യമാകുന്നത്. ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. നിലവിലെ കെട്ടിടത്തിന് പുറമെ സ്ഥിരം സെന്റര്‍ നിര്‍മിക്കുന്നതിനായി മൂന്ന് ഏക്കര്‍ സ്ഥലവും സജ്ജമാക്കിയിട്ടുണ്ട്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജനറല്‍ ഡയറക്ടര്‍ ഡോ. അനില്‍ ഖുറാന, അണ്ടര്‍ സെക്രട്ടറി ഷീല ടിര്‍ക്കി, ഡോ. ഐജാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയത്.

Comments

comments

Categories: FK News