അമേരിക്കക്കെതിരെ ഡബ്ല്യുടിഒയില്‍ ഇന്ത്യ ഒറ്റക്ക് നീങ്ങിയേക്കും

അമേരിക്കക്കെതിരെ ഡബ്ല്യുടിഒയില്‍ ഇന്ത്യ ഒറ്റക്ക് നീങ്ങിയേക്കും

നിയമവിദഗ്ധരുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കെടുത്തിലായിരിക്കും തര്‍ക്കപരിഹാര സമിതിയെ സമീപിക്കുക

ന്യൂഡെല്‍ഹി: അമേരിക്കയുടെ വ്യാപാര നയങ്ങള്‍ക്കെതിരെ ലോക വ്യാപാര സംഘടന(ഡബ്ല്യുടിഒ) യില്‍ ഇന്ത്യ ഒറ്റയ്ക്ക് പോരാടുമെന്ന് റിപ്പോര്‍ട്ട്. സ്റ്റീലിന്റെയും അലുമിനിയത്തിന്റെയും ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച യുഎസ് ഭരണകൂടത്തിന്റെ നടപടിക്കെതിരെയാണ് ഇന്ത്യ ലോകവ്യാപാര സംഘടനയുടെ തര്‍ക്ക പരിഹാര സമിതിയെ സമീപിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍, ഓസ്‌ട്രേലിയ, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവയില്‍ യുഎസ് ഇളവ് നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം.

യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്ന് അമേരിക്കയുടെ നയത്തിനെതിരെ പോരാടാനായിരുന്നു ആദ്യം ഇന്ത്യ നീക്കം നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന് അമേരിക്ക ഇളവ് നല്‍കിയതിനാല്‍ ഒറ്റയ്ക്ക് പോരാടാനാണ് ഇന്ത്യയുടെ തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ന്യൂഡെല്‍ഹിയില്‍ അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യ മന്ത്രിമാരും നയതന്ത്രപ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ ബ്രസീല്‍ ദക്ഷിണ കൊറിയ, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ പേരെടുത്ത് പറയാതെ അമേരിക്കയുടെ നടപടിയെ ചോദ്യം ചെയ്തിരുന്നു.

യുഎസിനെതിരെ ലോകവ്യാപാര സംഘടനയെ സമീപിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമവിദഗ്ധരുടെ ഉപദേശം തേടിയിട്ടുണ്ട്.അവരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇന്ത്യ തുടര്‍ നടപടികള്‍ സ്വീകരിക്കു. അതേസമയം ഇന്ത്യയില്‍ നിന്ന് ഗണ്യമായ രീതിയില്‍ അലുമിനിയം, സ്റ്റീല്‍ എന്നിവയുടെ കയറ്റുമതി യുഎസിലേക്ക് ഇല്ല.

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം നികുതിയും അലുമിനിയത്തിന് 15 ശതമാനം നികുതിയും ചുമത്താനാണ് ട്രംപ് ഭരണകൂടം തീരുമാനമെടുത്തത്. വന്‍ സബ്‌സിഡി ലഭിക്കുന്നതിനാല്‍ ഇന്ത്യന്‍ ഉരുക്ക് ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് തങ്ങളുടെ കമ്പോളത്തില്‍ വില്‍ക്കുന്നുവെന്നാണ് യുഎസിന്റെ വാദം. മാത്രമല്ല ഇത് ആഗോള വ്യാപാര നിയമങ്ങള്‍ക്ക് എതിരാണെന്നും അമേരിക്കന്‍ വ്യവസായങ്ങളെയും തൊഴിലാളികളെയും ബാധിക്കുന്നതാണെന്നും യുഎസ് പറയുന്നു.

ഇന്ത്യ തങ്ങളുടെ നഷ്ടം നികത്തുന്നതിന് യുഎസിനെതിരേയും സമാന നടപടികള്‍ സ്വീകരിക്കുമെന്ന ആശങ്കയുണ്ടെന്ന് യുഎസ് വാണിജ്യ പ്രതിനിധി റോബെര്‍ ലൈറ്റ്‌സിയര്‍ പറഞ്ഞതായി ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും ഉചിതമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy