പുതിയ പ്ലാന്റിന് ഹീറോ മോട്ടോകോര്‍പ്പ് തറക്കല്ലിട്ടു

പുതിയ പ്ലാന്റിന് ഹീറോ മോട്ടോകോര്‍പ്പ് തറക്കല്ലിട്ടു

1,600 കോടി രൂപ ചെലവഴിച്ചാണ് ആന്ധ്ര പ്രദേശില്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നത്

ശ്രീ സിറ്റി : ആന്ധ്ര പ്രദേശില്‍ പുതിയ മാനുഫാക്ച്ചറിംഗ് പ്ലാന്റിന് ഹീറോ മോട്ടോകോര്‍പ്പ് തറക്കല്ലിട്ടു. ഹീറോയുടെ എട്ടാമത്തെ ഫാക്ടറിയാണിത്. പതിനെട്ട് ലക്ഷം യൂണിറ്റായിരിക്കും വാര്‍ഷിക ഉല്‍പ്പാദനശേഷി. നിലവില്‍ ഇന്ത്യയില്‍ അഞ്ച് പ്ലാന്റുകളാണ് ഹീറോ മോട്ടോകോര്‍പ്പിനുള്ളത്. കൊളംബിയ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഓരോ ഫാക്ടറി വീതവും പ്രവര്‍ത്തിക്കുന്നു.

1,600 കോടി രൂപ ചെലവഴിച്ചാണ് ഹീറോ മോട്ടോകോര്‍പ്പ് പുതിയ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നത്. ചിറ്റൂര്‍ ജില്ലയില്‍ 600 ഏക്കറിലാണ് പ്ലാന്റ് ഉയരുന്നത്. 2019 ഡിസംബറിന് മുമ്പ് പ്രവര്‍ത്തന സജ്ജമാകും. ശ്രീ സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ മുഞ്ജാല്‍, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു എന്നിവര്‍ ചേര്‍ന്ന് പുതിയ പ്ലാന്റിന് തറക്കല്ലിട്ടു.

പുതിയ മാനുഫാക്ച്ചറിംഗ് പ്ലാന്റ് 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് പ്രസ്താവനയില്‍ അറിയിച്ചു. വാഹനഘടകങ്ങളുടെയും പാര്‍ട്‌സുകളുടെയും വിതരണക്കാരുമായി ബന്ധപ്പെട്ട് 10,000 തൊഴിലസവരങ്ങള്‍ വേറെയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വിദേശ വിപണികളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള പ്രധാന കേന്ദ്രമായി പുതിയ പ്ലാന്റ് മാറും.

പതിനെട്ട് ലക്ഷം യൂണിറ്റായിരിക്കും വാര്‍ഷിക ഉല്‍പ്പാദനശേഷി. 2019 ഡിസംബറിന് മുമ്പ് പ്രവര്‍ത്തന സജ്ജമാകും

നിലവില്‍ വിവിധ മാനുഫാക്ച്ചറിംഗ് പ്ലാന്റുകളിലായി പ്രതിവര്‍ഷം 92 ലക്ഷം വാഹനങ്ങളാണ് ഹീറോ മോട്ടോകോര്‍പ്പ് നിര്‍മ്മിച്ച് പുറത്തിറക്കുന്നത്. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഹരിയാണയിലെ ഗുരുഗ്രാം, ധാരുഹേര, രാജസ്ഥാനിലെ നീംറാണ, ഗുജറാത്തിലെ വഡോദര എന്നിവിടങ്ങളിലാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ മാനുഫാക്ച്ചറിംഗ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കൊളംബിയയിലെ വില്ല റിക്ക, ബംഗ്ലാദേശിലെ ജെസ്സോര്‍ എന്നിവിടങ്ങളിലാണ് വിദേശ ഫാക്ടറികള്‍ ഉള്ളത്.

Comments

comments

Categories: Auto