ഭീകര പ്രവര്‍ത്തനത്തിന് പാകിസ്ഥാന്‍ ഫണ്ട് : ലഷ്‌കറെ തോയ്ബയുമായി ബന്ധപ്പെട്ട 10 പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു

ഭീകര പ്രവര്‍ത്തനത്തിന് പാകിസ്ഥാന്‍ ഫണ്ട് : ലഷ്‌കറെ തോയ്ബയുമായി ബന്ധപ്പെട്ട 10 പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു

ലക്‌നൗ : പാകിസ്ഥാനില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും വ്യാജ രേഖകളുപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന സംഘം യുപി പൊലീസിന്റെ പിടിയിലായി. ഈ അക്കൗണ്ടുകളിലേക്ക് 10 കോടി രൂപ അനധികൃതമായി നിക്ഷേപിക്കപ്പെട്ടതോടെയാണ് പൊലീസിന്റെ ഭീകര വിരുദ്ധ സംഘം (എടിഎസ്) അന്വേഷണം നടത്തിയത്. പാക് ഭീകര സംഘടനയായ ലഷ്‌കറെ തോയ്ബയുമായി ബന്ധമുള്ളവരാണ് പണം അയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നേപ്പാളില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഖത്തറില്‍ നിന്നുമാണ് അക്കൗണ്ടുകളിലേക്ക് പണം എത്തിയത്. പാകിസ്ഥാനിലുള്ള ഒരു വ്യക്തിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഫണ്ട് എത്തിയതെന്ന് യുപി എടിഎസ് ഐജി അസിം അരുണ്‍ പറഞ്ഞു.

യുപിയിലെ ഗോരഖ്പൂര്‍, ലക്‌നൗ, പ്രതാപ്ഗഢ് എന്നിവിടങ്ങളില്‍ നിന്നും മധ്യപ്രദേശിലെ റിവാനില്‍ നിന്നുമാണ് ആളുകളെ പിടികൂടിയത്. എടിഎം കാര്‍ഡുകളും വിവിദ ബാങ്കുകളിലെ അക്കൗണ്ട് വിവരങ്ങളും പാസ് ബുക്കുകളും ലാപ്‌ടോപ്പുകളും ഒരു പിസ്റ്റളുമാണ് ഇവരില്‍ നിന്ന് പിടി കൂടിയത്. ഭീകര പ്രവര്‍ത്തനത്തിനാണ് പണം വരുന്നതെന്ന് ചിലര്‍ക്ക് അറിയാമായിരുന്നെന്നും മറ്റു ചിലര്‍ സാമ്പത്തിക തട്ടിപ്പാണ് നടക്കുന്നതെന്നാണ് ധരിച്ചിരുന്നതെന്നും ഐജി പറഞ്ഞു.

നീരവ് മോദി-മെഹുല്‍ ചോക്‌സി തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ വിദേശത്തു നിന്നുള്ള ബാങ്ക് ഇടപാടുകള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും മറ്റും ജാഗരൂകമായ നിരീക്ഷണത്തിലായിരുന്നു. ഇതാണ് പാക് ഇടപാട് വെളിയിലാക്കാന്‍ സഹായിച്ചത്. അറസ്റ്റിലായവരെ എടിഎസ് ചോദ്യം ചെയ്തു വരികയാണ്.

 

Comments

comments

Categories: FK News, Politics, Slider