ചൈനയുടെ മിഷന്‍ 2030, ലോകം കരുതിയിരിക്കണം

ചൈനയുടെ മിഷന്‍ 2030, ലോകം കരുതിയിരിക്കണം

കൃത്രിമ ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള സങ്കേതങ്ങളിലൂടെ ലോകത്തെ കീഴ്‌പ്പെടുത്താനുള്ള ചൈനയുടെ ഹിഡന്‍ അജണ്ടയെ എങ്ങനെ പ്രതിരോധിക്കാമെന്നതിനെക്കുറിച്ച് ഇന്ത്യയും യുഎസും ജപ്പാനും ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ അതീവഗൗരവമായിതന്നെ ചിന്തിക്കണം

ലോകത്തങ്ങോളമിങ്ങോളം വന്‍കിട നിക്ഷേപങ്ങളിലൂടെ അധീശത്വം നേടാനുള്ള തീവ്രശ്രമത്തിലാണ് ചൈനയിലെ ടെക്‌നോളജി കമ്പനികള്‍. ഇന്ത്യന്‍ വിപണിയിലെല്ലാം ചൈനീസ് മയമാണ്. കഴിഞ്ഞ ദിവസമാണ് ദക്ഷിണ പൂര്‍വേഷ്യയിലെ തങ്ങളുടെ വമ്പന്‍ പദ്ധതികള്‍ ചൈനീസ് ശതകോടീശ്വരനായ ജാക് മായുടെ ആലിബാബ പ്രഖ്യാപിച്ചത്. ചൈനയുടെ വമ്പന്‍ ടെക് കമ്പനികളുടെ തീവ്രമായ വികസന പദ്ധതികള്‍ക്ക് പിന്നിലെല്ലാം കൃത്യമായ അജണ്ടയുമുണ്ട്, ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ചേര്‍ത്തുവായിക്കാവുന്ന അജണ്ട.

2032 ആകുമ്പോഴേക്കും അമേരിക്കയെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറാനാണ് ചൈന ആഗ്രഹിക്കുന്നത്. അതിനനുസൃതമായാണ് അവര്‍ ഇപ്പോള്‍ നടപ്പാക്കുന്ന ഓരോ പദ്ധതിയും. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്നതിനോടൊപ്പം തന്നെ മറ്റ് രാജ്യങ്ങളെയെല്ലാം ഭയപ്പെടുത്തുന്ന തരത്തിലുള്ള ഒരു വലിയ സൈനികശക്തി കൂടിയാണ് ചൈനയുടെ ഉന്നം. ഇതിന് കുറേ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയും പ്രതിരോധ ബജറ്റ് ഉയര്‍ത്തുകയും ചെയ്താല്‍ മാത്രം പോര, മറിച്ച് ടെക്‌നോളജിയെയും ഉപയോഗപ്പെടുത്തണമെന്ന ചിന്തയാണ് ഇപ്പോള്‍ ചൈനീസ് ഭരണകൂടത്തിനുള്ളത്. ചൈനയിലെ അതിവേഗം വളര്‍ന്നുവരുന്ന ടെക് കോടീശ്വരന്‍മാര്‍ ഇതിന്റെ കൂടി പ്രതിഫലനമാണ്.

കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) പോലുള്ള അത്യാധുനിക സാങ്കേതികവിദ്യയില്‍ ചൈന അമേരിക്കയെ പോലും കവച്ചുവെക്കുന്ന തരത്തില്‍ നിക്ഷേപം നടത്തുന്നതിന് കാരണവും അതു തന്നെ. ഇത് മനസില്‍ വെച്ചാണ് 2017 ജൂലൈ മാസത്തില്‍ ചൈന ഒരു മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. 2030 ആകുമ്പോഴേക്കും കൃത്രിമ ബുദ്ധിയില്‍ ലോക നേതാവാകണം. 1250 ബില്യണ്‍ ഡോളറിന്റെ വ്യവസായമായി അതിനെ മാറ്റണം. ഈ രംഗത്ത് അമേരിക്കയ്ക്കുള്ള അപ്രമാദിത്വം തകര്‍ത്തെറിയണം-ഇതെല്ലാമായിരുന്നു അതിന്റെ ലക്ഷ്യങ്ങളായി കമ്യൂണിസ്റ്റ് ചൈന അടിവരയിട്ട് രേഖപ്പെടുത്തിയത്.

മനുഷ്യന്റെ ഭാവിയെ നിയന്ത്രിക്കുന്നത് കൃത്രിമ ബുദ്ധി; കൃത്രിമ ബുദ്ധിയെ നിയന്ത്രിക്കുന്നത് ചൈന-ഇതാണ് ചൈന നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിചാരധാര. ഇതിന് അനുസൃതമായാണ് ചൈനയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്നൊവേഷനുമായി ചേക്കേറുന്ന ടെക് കമ്പനികളുടെ വരെ പ്രവര്‍ത്തനം. ടെക് കമ്പനികളുടെ വിജയത്തിലൂടെ ചൈനയുടെ അജണ്ട കൂടിയാകണം നടപ്പിലാക്കപ്പെടേണ്ടതെന്ന് ഭരണകൂടം വിശ്വസിക്കുന്നു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മേഖലയില്‍ ആഗോള ശക്തികളാകാന്‍ മത്സരിക്കുന്ന കമ്പനികള്‍ക്ക് വന്‍സബ്‌സിഡികളാണ് ചൈന നല്‍കിവരുന്നത്. ഏത് ചൈനീസ് പൗരനെയും ഏത് സമയത്തും ട്രാക്ക് ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം വരെ വികസിപ്പിച്ചുവരികയാണ്.

മനുഷ്യന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കില്ല കൃത്രിമ ബുദ്ധിയിലൂടെ ചൈന ദീര്‍ഘകാല ലക്ഷ്യമായി ഉദ്ദേശിക്കുന്നത്. മറിച്ച് ചൈനയുടെ സൈനിക താല്‍പ്പര്യങ്ങളുടെ സംരക്ഷണം തന്നെയായിരിക്കും. കൃത്രിമ ബുദ്ധിയെ ഏതെല്ലാം തരത്തില്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം എന്നത് പഠിക്കാനും പ്രാവര്‍ത്തികമാക്കാനുമായി അടുത്തിടെയാണ് ചൈന 120 അതിവിദഗ്ധന്‍മാരെ ചൈനീസ് അക്കാഡമി ഓഫ് മിലിറ്ററി സയന്‍സസില്‍ നിയമിച്ചത്. കാര്യങ്ങള്‍ ഏറെക്കുറേ വ്യക്തമാണ്, അത് എത്രമാത്രം യുഎസ് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതിലാണ് പ്രശ്‌നം. പ്രത്യേകിച്ചും ഭരിക്കുന്നത് ട്രംപ് ആകുമ്പോള്‍. മറ്റ് വിപണികളിലേക്ക് പ്രളയം പോലെ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ കുത്തൊഴുക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ വലിയ വില നല്‍കേണ്ടിവന്നേക്കും.

Comments

comments

Categories: Editorial, Slider