മാപ്പപേക്ഷകളെഴുതി തളര്‍ന്ന കെജ്രിവാളിന് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് ആശ്വാസവാര്‍ത്ത; 20 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി കോടതി റദ്ദാക്കി; സത്യത്തിന്റെ വിജയമെന്ന് ഡല്‍ഹി മുഖ്യമന്ത്രി

മാപ്പപേക്ഷകളെഴുതി തളര്‍ന്ന കെജ്രിവാളിന് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് ആശ്വാസവാര്‍ത്ത; 20 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി കോടതി റദ്ദാക്കി; സത്യത്തിന്റെ വിജയമെന്ന് ഡല്‍ഹി മുഖ്യമന്ത്രി

ന്യൂഡെല്‍ഹി : തിരിച്ചടികളുടെ പരമ്പരക്കൊടുവില്‍ ആംആദ്മി പാര്‍ട്ടിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആശ്വാസം നല്‍കി 20 എംഎല്‍എമാരുടെ അയോഗ്യത ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഇരട്ടപ്പദവി വിവാദത്തില്‍ കുറ്റക്കാരാണെന്് കണ്ടെത്തിയതിനെ തുടര്‍ന്ന് 20 എംഎല്‍എമാരെ അയോഗ്യരാക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി അംഗീകരിച്ച് രാഷ്ട്രപതി ഭവന്‍ ഇറക്കിയ വിജ്ഞാപനമാണ് കോടതി തടഞ്ഞത്. ഇരട്ടപ്പദവി ഭരണഘടനയില്‍ വിവക്ഷിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി കേസില്‍ വീണ്ടും വാദം കേള്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

സത്യത്തിന്റെ വിജയമെന്നാണ് സന്തോഷം മറച്ചു വെക്കാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്. ‘ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണിത്. ജനങ്ങള്‍ക്ക് കോടതിയില്‍ നിന്ന് നീതി ലഭിച്ചിരിക്കുന്നു’-കെജ്രിവാള്‍ പറഞ്ഞു.

വിധി വന്നതോടെ ആംആദ്മി പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ ആഘോഷ പ്രകടനങ്ങള്‍ നടത്തി. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, അകാലിദള്‍ നേതാവ് മജീതിയ തുടങ്ങിയവരോടൊക്കം മാപ്പപേക്ഷിച്ച് കേസുകളൊഴിവാക്കാന്‍ കെജ്രിവാള്‍ നടത്തിയ ശ്രമം പാര്‍ട്ടി വോളന്റിയര്‍മാരെ നിരാശരാക്കിയിരുന്നു. എംഎല്‍എ പദവിക്കൊപ്പം വരുമാനം ലഭിക്കുന്ന ക്യാബിനെറ്റ് സെക്രട്ടറി പദവികള്‍ കൂടി 20 എംഎല്‍എമാര്‍ക്ക് നല്‍കിയ കെജ്രിവാളിന്റെ നടപടിയാണ് വിവാദത്തിന് കളമൊരുക്കിയിരുന്നത്.

Comments

comments

Categories: FK News, Politics, Slider