പെപെ ജീന്‍സ് ഇന്ത്യയില്‍ കണ്ണുവച്ച് ആഗോള നിക്ഷേപകര്‍

പെപെ ജീന്‍സ് ഇന്ത്യയില്‍ കണ്ണുവച്ച് ആഗോള നിക്ഷേപകര്‍

ഇന്ത്യന്‍ ബിസിനസിന് 2000 കോടി രൂപയുടെ മൂല്യമാണ് പെപെ ജീന്‍സ് പ്രതീക്ഷിക്കുന്നത്

ന്യൂഡെല്‍ഹി: പെപെ ജീന്‍സിന്റെ ഇന്ത്യയുടെ നിയന്ത്രിത ഓഹരികള്‍ സ്വന്തമാക്കാന്‍ ആഗോള സ്വകാര്യ നിക്ഷേപ സ്ഥാപനങ്ങള്‍ മല്‍സരിക്കുന്നതായി റിപ്പോര്‍ട്ട്. കെകെആര്‍, കാര്‍ലെയ്ല്‍, ജനറല്‍ അറ്റ്‌ലാന്റിക്, മലേഷ്യയുടെ സോവറിന്‍ ഫണ്ടായ ഖസാന എന്നിവര്‍ കമ്പനിക്ക് ഇതുമായി ബന്ധപ്പെട്ട് നോണ്‍- ബിഡിംഗ് ഓഫറുകള്‍ സമര്‍പ്പിച്ചു. ഇന്ത്യന്‍ ബിസിനസിന് 2000 കോടി രൂപയുടെ മൂല്യമാണ് പെപെ ജീന്‍സ് പ്രതീക്ഷിക്കുന്നത്.

പെപെ ജീന്‍സ് ഇന്ത്യയുടെ ഓഹരികള്‍ക്കുവേണ്ടി ഈ നിക്ഷേപ സ്ഥാപനങ്ങള്‍ അന്തിമ വാഗ്ദാനം മുന്നോട്ട് വയ്ക്കുമെന്നതില്‍ ഉറപ്പില്ല. എന്നിരുന്നാലും അവയെ സംബന്ധിച്ച് ബിസിനസ് ആകര്‍ഷകമാണെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. കെകെആര്‍, കാര്‍ലെയ്ല്‍, ജനറല്‍ അറ്റ്‌ലാന്‍ഡിക്, ഖസാന എന്നിവരൊന്നും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. വിപണിയിലെ ഊഹാപോഹങ്ങളില്‍ കമ്പനി പ്രതികരിക്കില്ലെന്ന് പെപെ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ കവീന്ദ്ര മിശ്ര പറഞ്ഞു.

ഇന്ത്യയില്‍ 200 ബ്രാന്‍ഡഡ്  ഔട്ട്‌ലറ്റുകള്‍ പെപെക്കുണ്ട്‌

ബാഴ്‌സലോണ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പെപെ ജീന്‍സ് ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയാണ് പെപെ ജീന്‍സ് ഇന്ത്യ. 2015ല്‍ എല്‍ കാറ്റര്‍ടണിന്റെ എല്‍വിഎച്ച്എമ്മും ലെബനീസ് നിക്ഷേപസ്ഥാപനമായ എം1 ഗ്രൂപ്പും പെപെ ഗ്രൂപ്പിന്റെ ഭൂരിപക്ഷ ഓഹരികള്‍ ടോറിയല്‍, അര്‍ട കാപ്പിറ്റല്‍, എല്‍ കാപ്പിറ്റല്‍ യൂറോപ്പ് എന്നിവയില്‍ നിന്ന് ഏറ്റെടുത്തിരുന്നു. പെപെ ജീന്‍സ് ഗ്രൂപ്പിന്റെ ആഗോള വിഭാഗത്തിനു വേണ്ടിയുള്ള മല്‍സരത്തില്‍ അന്ന് കെകെആര്‍ ഭാഗവാക്കായിരുന്നു.

എല്‍ കാര്‍ട്ടണെയും എം 1നെയും സംബന്ധിച്ച് ഇന്ത്യയില്‍ ബ്രാന്‍ഡിന്റെ വില്‍പ്പനയ്ക്കുള്ള അനുയോജ്യമായ സമയമാണിതെന്ന് കമ്പനി വ്യക്തമാക്കി. വരുമാനത്തിന്റെ കാര്യത്തിലായാലും മൂല്യത്തിന്റെ കാര്യത്തിലായാലും കമ്പനി അതിന്റെ ഔന്നത്യത്തിലാണുള്ളത്. ഏറ്റവും ഉന്നതിയിലെത്തി നില്‍ക്കുമ്പോള്‍ പുറത്തേക്ക് പോകുന്നതാണ് സ്വകാര്യ ഇക്വിറ്റികളെ സംബന്ധിച്ച് എപ്പോഴും നല്ലെതന്നും അവര്‍ വിലയിരുത്തി.

ഇന്ത്യയില്‍ 200 ബ്രാന്‍ഡഡ് ഔട്ട്‌ലറ്റുകളാണ് പെപെക്കുള്ളത്. ഇതിലധികവും ഫ്രാഞ്ചൈസി വഴിയാണ് പ്രവര്‍ത്തിക്കുന്നത്. 1500ഓളം മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്‌ലറ്റുകള്‍ വഴിയും കമ്പനി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു.

Comments

comments

Categories: Business & Economy