ഹ്യുണ്ടായ് ക്രേറ്റ ഫേസ്‌ലിഫ്റ്റിന് സണ്‍റൂഫ് ലഭിക്കും

ഹ്യുണ്ടായ് ക്രേറ്റ ഫേസ്‌ലിഫ്റ്റിന് സണ്‍റൂഫ് ലഭിക്കും

സണ്‍റൂഫ് എന്ന ഫീച്ചറിന് വര്‍ധിച്ചുവരുന്ന ആവശ്യകത മുന്‍നിര്‍ത്തിയാണ് ഹ്യുണ്ടായുടെ തീരുമാനം

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് ക്രേറ്റ എസ്‌യുവിയുടെ പരിഷ്‌കരിച്ച പതിപ്പില്‍ സണ്‍റൂഫ് ഉണ്ടായിരിക്കും. ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന പരിഷ്‌കരിച്ച ഹ്യുണ്ടായ് ക്രേറ്റയുടെ ഏറ്റവും പുതിയ ചിത്രങ്ങളില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. പുതിയ ക്രേറ്റയുടെ ടോപ് വേരിയന്റുകളില്‍ മാത്രമായിരിക്കും സണ്‍റൂഫ് നല്‍കുന്നത്. വിവിധ കാര്‍ സെഗ്‌മെന്റുകളില്‍ സണ്‍റൂഫ് എന്ന ഫീച്ചറിന് വര്‍ധിച്ചുവരുന്ന ആവശ്യകത മുന്‍നിര്‍ത്തിയാണ് ഹ്യുണ്ടായുടെ തീരുമാനം. ഹോണ്ട ഡബ്ല്യുആര്‍-വി ക്രോസ് ഹാച്ച്ബാക്കില്‍ സണ്‍റൂഫ് നല്‍കിയത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇന്ത്യയില്‍ പുറത്തിറക്കുന്ന ഹ്യുണ്ടായ് ക്രേറ്റ ഫേസ്‌ലിഫ്റ്റിന് തെക്കേ അമേരിക്കന്‍ വിപണികളില്‍ വില്‍ക്കുന്ന ക്രേറ്റയുടെ സ്റ്റൈലിംഗ് ആയിരിക്കും ലഭിക്കുന്നത്. തെക്കേ അമേരിക്കയില്‍ വില്‍ക്കുന്ന ക്രേറ്റ സ്‌പോര്‍ട് വേരിയന്റിന് സമാനമായ കളര്‍ സ്‌കീം, അലോയ് വീല്‍ ഡിസൈന്‍ എന്നിവയോടെയാണ് ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന പുതിയ ഹ്യുണ്ടായ് ക്രേറ്റയെ കണ്ടത്. ഇന്ത്യ, തെക്കേ അമേരിക്ക, ചൈന എന്നീ വിപണികളിലേക്കായി മൂന്ന് വ്യത്യസ്ത ക്രേറ്റയാണ് ഹ്യുണ്ടായ് വില്‍ക്കുന്നത്.

ഇന്ത്യ, തെക്കേ അമേരിക്ക, ചൈന എന്നീ വിപണികളിലേക്കായി മൂന്ന് വ്യത്യസ്ത ക്രേറ്റയാണ് ഹ്യുണ്ടായ് വില്‍ക്കുന്നത്

ഇന്ത്യയില്‍ പുറത്തിറക്കുന്ന പരിഷ്‌കരിച്ച ഹ്യുണ്ടായ് ക്രേറ്റയില്‍ വലിയ ഹെക്‌സഗണല്‍ ഗ്രില്ല് നല്‍കും. ചുറ്റും നല്ല കനത്തില്‍ ക്രോം അലങ്കാരം ഉണ്ടായിരിക്കും. ഫ്രണ്ട് ബംപര്‍ പുതിയതായിരിക്കും. ഫോഗ് ലാംപുകള്‍ക്കായി പ്രത്യേക ഹൗസിംഗുകള്‍ കാണാം. എസ്‌യുവിയുടെ പിന്‍വശത്തെ ബംപര്‍ ചെറുതായി റീഡിസൈന്‍ ചെയ്തിരിക്കും. എല്‍ഇഡികള്‍ ഉള്‍പ്പെടുത്തി ടെയ്ല്‍ലാംപുകള്‍ പരിഷ്‌കരിക്കും. അതേസമയം എന്‍ജിനുകളില്‍ മാറ്റമുണ്ടായിരിക്കില്ല. നിലവിലെ അതേ 1.4 ലിറ്റര്‍, 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ തുടര്‍ന്നും കരുത്ത് പകരും.

Comments

comments

Categories: Auto