കൊളംബിയ സംയുക്ത സംരംഭം : ഹീറോ മോട്ടോകോര്‍പ്പ് ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു

കൊളംബിയ സംയുക്ത സംരംഭം : ഹീറോ മോട്ടോകോര്‍പ്പ് ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു

നിലവിലെ 51 ശതമാനത്തില്‍നിന്ന് 68 ശതമാനമായി ഉയര്‍ത്തി

ന്യൂഡെല്‍ഹി : കൊളംബിയ സംയുക്ത സംരംഭത്തിലെ ഓഹരി പങ്കാളിത്തം ഹീറോ മോട്ടോകോര്‍പ്പ് വര്‍ധിപ്പിച്ചു. നിലവിലെ 51 ശതമാനത്തില്‍നിന്ന് 68 ശതമാനമായാണ് ഉയര്‍ത്തിയത്. ഇതോടെ പാര്‍ട്ണറായ വൂവണ്‍ ഹോള്‍ഡിംഗ്‌സിന്റെ ഓഹരി പങ്കാളിത്തം 32 ശതമാനമായി കുറഞ്ഞു.

2014 ലാണ് എച്ച്എംസിഎല്‍ കൊളംബിയ എന്ന സംയുക്ത സംരംഭം ആരംഭിച്ചത്. എച്ച്എംസിഎല്‍ നെതര്‍ലാന്‍ഡ്‌സ് എന്ന പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി മുഖേനയാണ് എച്ച്എംസിഎല്‍ കൊളംബിയയുടെ നിയന്ത്രണ ഓഹരി ഹീറോ മോട്ടോകോര്‍പ്പ് സ്വന്തമാക്കിയത്. ഹീറോ മോട്ടോകോര്‍പ്പിന്റെ വിവിധ മോഡലുകളുടെ വില്‍പ്പനയും വിതരണവും വിപണനവുമാണ് എച്ച്എംസിഎല്‍ കൊളംബിയ നടത്തുന്നത്.

കൊളംബിയയിലെ ആദ്യത്തെയും വിദേശത്തെ അഞ്ചാമത്തെയുമായ മാനുഫാക്ച്ചറിംഗ് പ്ലാന്റ് ഹീറോ മോട്ടോകോര്‍പ്പ് നേരത്തേ തുറന്നിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ഡിമാന്‍ഡ് കണക്കിലെടുത്തും ഇന്ത്യയ്ക്ക് പുറത്തെ കയറ്റുമതി കേന്ദ്രം എന്ന നിലയിലുമാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.

സംയുക്ത സംരംഭത്തിലെ ഓഹരി മൂലധനത്തില്‍ എച്ച്എംസിഎല്‍ നെതര്‍ലാന്‍ഡ്‌സ് പുതിയ നിക്ഷേപം നടത്തിയതോടെ ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍നിന്ന് 68 ശതമാനമായതായി ഹീറോ മോട്ടോകോര്‍പ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എച്ച്എംസിഎല്‍ നെതര്‍ലാന്‍ഡ്‌സ് മുഖേനയാണ് എച്ച്എംസിഎല്‍ കൊളംബിയയുടെ ഓഹരി ഹീറോ മോട്ടോകോര്‍പ്പ് സ്വന്തമാക്കിയത്

തെക്കേ, വടക്കേ അമേരിക്കന്‍ വിപണികളില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹീറോ മോട്ടോകോര്‍പ്പ് കൊളംബിയ പ്ലാന്റ് തുറന്നത്. 70 മില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ചാണ് മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിച്ചത്. ഇതില്‍ 38 മില്യണ്‍ ഡോളര്‍ മൂലധന ചെലവിനത്തില്‍ ഉപയോഗിച്ചെങ്കില്‍ ബാക്കി പ്രവര്‍ത്തന മൂലധനമാണ്.

Comments

comments

Categories: Auto