എസ്സാര്‍ സ്റ്റീലിനെ വിടാതെ  ആര്‍സലര്‍മിത്തല്‍

എസ്സാര്‍ സ്റ്റീലിനെ വിടാതെ  ആര്‍സലര്‍മിത്തല്‍

റീബിഡിംഗില്‍ പങ്കെടുക്കാന്‍  സന്നദ്ധത പ്രകടിപ്പിച്ചു

ന്യൂഡെല്‍ഹി: പാപ്പരത്വ നടപടികള്‍ നേരിടുന്ന എസ്സാര്‍ സ്റ്റീലിന് വേണ്ടിയുള്ള പുതിയ ബിഡിംഗില്‍ പങ്കെടുക്കുമെന്ന് ആര്‍സലര്‍മിത്തല്‍ കമ്പനി അറിയിച്ചു. പ്രാഥമിക ബിഡ് സംബന്ധിച്ച തീരുമാനം എന്തു തന്നെയാണെങ്കിലും വീണ്ടും ബിഡ് സമര്‍പ്പിക്കാന്‍ അര്‍ഹത നേടാനാവുമെന്നും കമ്പനി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എസ്സാറിന്റെ പ്രശ്‌ന പരിഹാര ഉദ്യോഗസ്ഥനില്‍ നിന്നും അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ വീണ്ടും ബിഡ് സമര്‍പ്പിക്കുകയാണ് ലക്ഷ്യം- ആര്‍സലര്‍മിത്തല്‍ പ്രസ്താവനയില്‍ പറഞ്ഞു. എസ്സാര്‍ സ്റ്റീലിനു വേണ്ടി ആര്‍സലര്‍മിത്തല്‍ മുന്നില്‍വെച്ച ബിഡ് പ്രശ്‌ന പരിഹാര ഉദ്യോഗസ്ഥന്‍ അടുത്തിടെയാണ് തള്ളിക്കളഞ്ഞത്. കിട്ടാക്കട, പാപ്പരത്വ നിയമ പ്രകാരമുള്ള മാനദണ്ഡം പാലിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണിത്. ആര്‍സലറിന്റെ പ്രധാന എതിരാളികളായ നുമെറ്റല്‍ കമ്പനിക്കും സമാന വിധി തന്നെയായിരുന്നു.

പ്രാഥമിക ബിഡ് സംബന്ധിച്ച തീരുമാനം എന്തു തന്നെയാണെങ്കിലും വീണ്ടും്അവസരം ലഭിക്കുമെന്ന് കമ്പനിക്ക് ആത്മവിശ്വാസം

കിട്ടാക്കട, പാപ്പരത്വ നിയമം ആര്‍ട്ടിക്കിള്‍ 29 എ പ്രകാരം സമ്മര്‍ദ്ദിത ആസ്തികളുള്ള സ്ഥാപനങ്ങളുടെ പ്രൊമോട്ടര്‍മാര്‍ക്ക് ബാധ്യത തീര്‍ക്കാതെ പാപ്പരത്വ നടപടികള്‍ നേരിടുന്ന മറ്റു കമ്പനികളുടെ പ്രശ്‌നപരിഹാര പ്രക്രിയയില്‍ പങ്കാളികളാകാന്‍ സാധിക്കില്ല. വായ്പാ ബാധ്യതയുള്ള ഉത്തം ഗാല്‍വ സ്റ്റീലില്‍ ആര്‍സലര്‍മിത്തലിന് 29 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. ആര്‍ട്ടിക്കിള്‍ 29 എക്ക് കീഴിലെ നിബന്ധനകള്‍ പാലിക്കുന്നതിന് ഉത്തം ഗാല്‍വയുടെ ഉടമസ്ഥരായ മിഗ്‌ലാനി കുടുംബത്തിന് തന്നെ ആര്‍സലര്‍മിത്തല്‍ ഓഹരികള്‍ കൈമാറുകയും ചെയ്തു. എന്നാല്‍ ഉത്തം ഗാല്‍വയുടെ പ്രൊമോട്ടര്‍ സ്ഥാനത്ത് നിന്ന് ആര്‍സലര്‍മിത്തലിന്റെ പേര് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഇതുവരെ നീക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രൊമോര്‍ട്ടര്‍ സ്ഥാനം നീക്കം ചെയ്യണമെന്ന അപേക്ഷയില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനും ആര്‍സലര്‍മിത്തല്‍ ആലോചിക്കുന്നുണ്ട്. ഉത്തം ഗാല്‍വയുടെ ബാധ്യതകള്‍ പരിഹരിക്കുന്നതിന് ആര്‍സലര്‍മിത്തല്‍ 3000 കോടി രൂപ നല്‍കുമെന്ന വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Comments

comments

Categories: Business & Economy