ഫേസ്ബുക്കിന് പ്രതിച്ഛായ നഷ്ടപ്പെടുന്നുവോ ?

ഫേസ്ബുക്കിന് പ്രതിച്ഛായ നഷ്ടപ്പെടുന്നുവോ ?

ഏറ്റവും വലിയ നവമാധ്യമ ശൃംഖലയായ ഫേസ്ബുക്ക്, വന്‍ പ്രതിസന്ധിയെ നേരിടുകയാണ്. ഫേസ്ബുക്കിലൂടെ വ്യക്തിയുടെ സ്വകാര്യത നഷ്ടപ്പെടുമെന്നു കഴിഞ്ഞ ദിവസം തെളിഞ്ഞതോടെയാണു കമ്പനി പ്രതിസന്ധിയിലകപ്പെട്ടത്. ഇതേ തുടര്‍ന്നു സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് രംഗത്തുവരികയുണ്ടായി. ഫേസ്ബുക്കില്‍ യൂസറുടെ ഡാറ്റ സംരക്ഷിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും, ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുമെന്നും സുക്കര്‍ബെര്‍ഗ് വ്യക്തമാക്കി. ഫേസ്ബുക്കിനെ പ്രതിസന്ധിയിലകപ്പെടുത്തിയതിനു പിന്നില്‍ നിരവധി ഘടകങ്ങളുണ്ടെങ്കിലും പ്രധാന കാരണമായി തീര്‍ന്നതു കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കണ്‍സല്‍ട്ടിംഗ് സ്ഥാപനമാണ്. ഹെഡ്ജ് ഫണ്ട് ശതകോടീശ്വരനായ റോബര്‍ട്ട് മെര്‍സറിന്റെ ഉടമസ്ഥതയിലുള്ളതാണു കേംബ്രിഡ്ജ് അനലിറ്റിക്ക. ഇൗ സ്ഥാപനത്തിന്റെ മേല്‍നോട്ടം കുറച്ചുകാലം വഹിച്ചിരുന്നതു ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേശകരിലൊരാളായിരുന്ന സ്റ്റീവ് ബാനനായിരുന്നു. 2015 മുതല്‍ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കണ്‍സല്‍ട്ടിംഗ് സ്ഥാപനം ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ ക്യാംപെയ്‌നുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 2016 നവംബര്‍ എട്ടിന് അരങ്ങേറിയ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി സ്ഥാനാര്‍ഥിയായിരുന്ന ട്രംപിന് അനുകൂലമായ വിധത്തില്‍ ഫേസ്ബുക്കിന്റെ ടൈംലൈനില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു കേംബ്രിഡ്ജ് അനലിറ്റിക്ക. ഇത് ട്രംപിന്റെ വിജയത്തിനു കാരണമായതായിട്ടാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.

എങ്ങനെയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക പ്രതിസ്ഥാനത്ത് വന്നത് ?

ഡാറ്റ ഇന്ന് എണ്ണയേക്കാള്‍ അമൂല്യമേറിയ വസ്തുവാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഫേസ്ബുക്ക് ഇപ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നതിനു പിന്നിലും കാരണം ഡാറ്റയാണ്. ഫേസ്ബുക്കിലുള്ള അസംഖ്യമായ വ്യക്തിവിവരങ്ങള്‍ അഥവാ ഡാറ്റ 2013-ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഫസറായ അലക്‌സാണ്ടര്‍ കോഗന്‍ ഒരു ഫേസ്ബുക്ക് ആപ്പ് വഴി ശേഖരിച്ചു.

ഫേസ്ബുക്കില്‍ നമ്മള്‍ പതിവായി കാണുന്ന ഒരു കാര്യമുണ്ട്. അത് നമ്മള്‍ 20 വര്‍ഷം കഴിഞ്ഞാല്‍ എങ്ങനെയിരിക്കും അല്ലെങ്കില്‍ 80 വയസാകുമ്പോള്‍ എങ്ങനെയിരിക്കും ? നമ്മളെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വ്യക്തികളാരാണ് ? തുടങ്ങിയ ചോദ്യങ്ങളും അതിനു ചിത്രങ്ങളോടു കൂടിയ ഉത്തരങ്ങളുമുണ്ടാകും. ഇത് ടൈംലൈനില്‍ ദൃശ്യവുമായിരിക്കും. ഇത് ഒരു പ്രത്യേക ആപ്പിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതു പോലൊരു ആപ്പ് ആണ് പ്രഫസര്‍ കോഗന്‍ വികസിപ്പിച്ചത്. ഇത്തരം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുമ്പോള്‍ ആപ്പ് വികസിപ്പിച്ചവര്‍ക്ക് യൂസര്‍ അവരുടെ എല്ലാ വിവരങ്ങളും കൈമാറാന്‍ സമ്മതമാണെന്ന് അറിയിക്കാറുണ്ട്.

This is your digital life എന്നൊരു പേഴ്‌സണാലിറ്റി ക്വിസ് ആപ്പ് (നിങ്ങളുടെ വ്യക്തിത്വം ഏതുതരത്തിലാണെന്നു കണ്ടുപിടിക്കാം എന്നു വാഗ്ദാനം ചെയ്തു കൊണ്ടുള്ളത്) ഉപയോഗിച്ചാണ് പ്രഫസര്‍ കോഗന്‍ ഫേസ്ബുക്കില്‍നിന്നും ഡാറ്റ കളക്റ്റ് ചെയ്തത്. 2,47,000 പേര്‍ കോഗന്റെ ആപ്പ് ഉപയോഗിച്ചു. ഇങ്ങനെ ആപ്പ് ഉപയോഗിച്ചവരുടെയും അവരുടെ സുഹൃത്തുക്കളുടെയും പ്രൊഫൈലും കൂടി പ്രഫസര്‍ കോഗന് ലഭിച്ചു.
ആകെ 500 ലക്ഷം ആളുകളുടെ വിവരമാണ് അദ്ദേഹം ശേഖരിച്ചത്. ഈ ഡാറ്റ അദ്ദേഹം മറിച്ചു വിറ്റു. ഈ ഡാറ്റ വാങ്ങിയവരില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുമുണ്ടായിരുന്നു. ഏകദേശം ഒരു ദശലക്ഷം ഡോളര്‍ (ഏകദേശം ആറ് കോടി, 50 ലക്ഷം, 65,000 രൂപ) ഡാറ്റ വാങ്ങുന്നതിനായി കേംബ്രിഡ്ജ് അനലിറ്റിക്ക ചെലവഴിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ ഡാറ്റയില്‍നിന്നും അവര്‍ അമേരിക്കന്‍ വംശജരായവരുടെ മാത്രം പ്രൊഫൈലുകള്‍ വേര്‍തിരിച്ചെടുക്കുകയും അവരുടെ ഫേസ്ബുക്ക് എക്കൗണ്ടിലെ ടൈംലൈനില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ട്രംപിന് അനുകൂലമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ഘടകം നന്നായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ട്രംപിന്റെ വിജയമെന്നാണു വിലയിരുത്തപ്പെടുന്നത്.

പ്രഫസര്‍ കോഗന്‍ ഇവിടെ തെറ്റുകാരനല്ലേ എന്നൊരു ചോദ്യം സ്വാഭാവികമായും ഉയരാം. എന്നാല്‍ അദ്ദേഹം 2013-ല്‍ ആപ്പ് വികസിപ്പിച്ചതും ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചതും അക്കാലത്തു ഫേസ്ബുക്കിന്റെ നിയമങ്ങള്‍ പാലിച്ചു കൊണ്ടും, നിയമാനുസൃത രീതിയിലുമായിരുന്നു. കോഗന്‍ ഇവിടെ ചെയ്ത ഒരേയൊരു തെറ്റ് എന്നത് അദ്ദേഹം കേംബ്രിഡ്ജ് അനലിറ്റിക്ക ഉള്‍പ്പെടെയുള്ള മൂന്നാം കക്ഷികള്‍ക്ക് (third party) ഡാറ്റ കൈമാറി എന്നതാണ്. ഇക്കാര്യത്തില്‍ ഫേസ്ബുക്കിന്റെ പോരായ്മ എന്നു പറയാവുന്നത് അവര്‍ക്ക് ആപ്പ് ഡവലപ്പര്‍മാരേയും, അഡ്വര്‍ടൈസര്‍മാരെയും സമ്പൂര്‍ണമായി നിരീക്ഷിക്കാന്‍ സാധിച്ചിരുന്നില്ല എന്നതാണ്. ആപ്പ് ഡവലപ്പര്‍മാരും അഡ്വര്‍ടൈസര്‍മാരും ഒരിക്കല്‍ ഫേസ്ബുക്കില്‍നിന്നും ശേഖരിച്ച ഡാറ്റ പിന്നീട് എന്തു കാര്യങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തുന്നതെന്നും ഫേസ്ബുക്കിന് നിരീക്ഷിക്കാന്‍ സംവിധാനമില്ല.
ഈ മാസം 16ന് ഒരു Whistle blower ആണ് Observer എന്ന ബ്രിട്ടീഷ് മാധ്യമത്തിലൂടെ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ അഴിമതി കഥകള്‍ പുറത്തുവിട്ടത്. ഫേസ്ബുക്കില്‍, 2015 മുതല്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ട്രംപിനു വേണ്ടി പ്രചാരണം നടത്തുന്ന കാര്യം ഫേസ്ബുക്കിനും അറിയാമായിരുന്നെന്നും ഒബ്‌സര്‍വര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇതേ തുടര്‍ന്നു 19നു ഫേസ്ബുക്കിന്റെ ഓഹരിമൂല്യം കൂപ്പുകുത്തുകയും ചെയ്തു. ഒറ്റ ദിനം കൊണ്ട് 37 ബില്യന്‍ ഡോളറിന്റെ നഷ്ടം ഫേസ്ബുക്കിനുണ്ടായി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച് ഓണ്‍ലൈനില്‍ പ്രചാരണം നടത്തുന്നതായി 2015 ഡിസംബര്‍ 11-ന് ദി ഗാര്‍ഡിയന്‍ എന്ന ബ്രിട്ടീഷ് പത്രവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ രണ്ട് വര്‍ഷം മുന്‍പ് തന്നെ ഫേസ്ബുക്കിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അത് ചൂടുപിടിച്ചത് ഈ കഴിഞ്ഞ ദിവസം ഒബ്‌സര്‍വറില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നെന്നു മാത്രം.

#deletefacebook

യൂസര്‍മാര്‍ ഫേസ്ബുക്ക് എക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രചാരണവുമായി വാട്ട്‌സ് ആപ്പ് സഹസ്ഥാപകനായിരുന്ന ബ്രയാന്‍ ആക്ടണ്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.ക It is time. #deletefacebook എന്നാണ് അദ്ദേഹം ഈ മാസം 21-ന് ട്വിറ്ററില്‍ കുറിച്ചത്. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരിക്കൊള്ളവേയാണ് ബ്രയാന്‍ ഫേസ്ബുക്കിനെതിരേ രംഗത്തുവന്നത് എന്നതും ശ്രദ്ധേയമായി. 2014-ല്‍ വാട്ട്‌സ്ആപ്പിനെ 19 ബില്യന്‍ ഡോളറിനു ഫേസ്ബുക്ക് ഏറ്റെടുത്തിരുന്നു. ഇതിനു ശേഷം വാട്ട്‌സ്ആപ്പ് സ്ഥാപകരായ ജെന്‍കോമും, ബ്രയാന്‍ ആക്ടണും വാട്ട്‌സ്ആപ്പിന്റെ അടുത്ത വികസനഘട്ടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. പക്ഷേ ബ്രയാന്‍ ആക്ടണ്‍ 2017-ല്‍ ഫേസ്ബുക്കില്‍നിന്നും രാജിവച്ച് സ്വന്തം പ്രൊജക്റ്റുമായി മുന്നേറിയിരുന്നു.

അമേരിക്കയിലും മറ്റു പാശ്ചാത്യനാടുകളിലും ഫേസ്ബുക്ക് ഉപേക്ഷിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നു സമീപകാലത്ത് ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. അവിടെ സ്‌നാപ് ചാറ്റ് എന്ന നവമാധ്യമത്തോടാണ് കൗമാരക്കാര്‍ക്കും, യുവാക്കള്‍ക്കും താത്പര്യമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മാത്രമല്ല ഫേസ്ബുക്ക് ഇപ്പോള്‍ പ്രായമേറിയവരുടെയും കാരണവന്മാരുടെയും കൂട്ടായ്മയാണെന്നും പ്രചാരണമുണ്ട്. ഇത്തരത്തില്‍ ഫേസ്ബുക്ക് പലവിധത്തിലുള്ള പ്രചാരണങ്ങളെ നേരിടുമ്പോഴാണു കേംബ്രിഡ്ജ് അനലിറ്റിക്ക പ്രതിസന്ധി തീര്‍ത്തിരിക്കുന്നത്.

മറുപടിയുമായി സുക്കര്‍ബെര്‍ഗ്

കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട വിവാദം തുടങ്ങുന്നത് ഈ മാസം 16ന് ഒബ്‌സര്‍വറെന്ന ബ്രിട്ടീഷ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്. പിന്നീട് 19ന് ഫേസ്ബുക്കിന്റെ ഓഹരിവില കൂപ്പുകുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഈ മാസം 21ന് വിശദീകരണവുമായി രംഗത്തുവരികയുണ്ടായി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിശദീകരണം നല്‍കിയത്. ഉപയോക്താവിന്റെ ഡാറ്റ സംരക്ഷിക്കാന്‍ ഫേസ്ബുക്കിനു ബാധ്യതയുണ്ടെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ ഫേസ്ബുക്കിനു യൂസറിനെ സേവിക്കാനുള്ള അവകാശമില്ലെന്നും സുക്കര്‍ബെര്‍ഗ് പറഞ്ഞു. ഫേസ്ബുക്ക് ആരംഭിച്ചതു ഞാനാണ്. എന്റെ പ്ലാറ്റ്‌ഫോമില്‍ എന്തു സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം എനിക്കാണ്.വിവരങ്ങള്‍ പങ്കുവച്ച ആളുകളും ഫേസ്ബുക്കമായുള്ള വിശ്വാസ്യതയില്‍ ഇടിവ് സംഭവിച്ചിരിക്കുന്നു. ഫേസ്ബുക്കില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുന്ന ആപ്ലിക്കേഷനുകളെ ഇനിമുതല്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്നും ഇത്തരം ആപ്ലിക്കേഷുകള്‍ സംബന്ധിച്ചു ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിസ്റ്റഫര്‍ വൈല്‍ എന്ന വിസില്‍ ബ്ലോവര്‍

സ്വവര്‍ഗാനുരാഗിയും, ജന്തുജന്യമായ എല്ലാം ഉപേക്ഷിക്കുന്ന വിഭാഗക്കാരായ വീഗന്‍(vegan)എന്നു സ്വയം വിശേഷിപ്പിക്കുന്ന 28-കാരനായ ക്രിസ്റ്റഫര്‍ വൈലാണു കേംബ്രിഡ്ജ് അനലിറ്റിക്ക നടത്തിയ കള്ളത്തരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ താമസിക്കുന്ന വൈല്‍, ഹൈസ്‌ക്കൂളില്‍ വച്ച് പഠനം ഉപേക്ഷിച്ച വ്യക്തി കൂടിയാണ്. കുട്ടിക്കാലത്ത് എഴുതാനും വായിക്കാനും വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്ന dyslexia എന്ന അസുഖമുണ്ടായിരുന്നു വൈലിന്. ഇതേ തുടര്‍ന്നാണ് 16-ാം വയസില്‍ വിദ്യാഭ്യാസത്തോട് ബൈ പറഞ്ഞത്. തുടര്‍ന്ന് കാനഡയില്‍ അക്കാലത്ത് പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിന്റെ ഓഫീസില്‍ ജോലി ചെയ്തു. പിന്നീട് 20-ാം വയസില്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിയമം പഠിക്കാനായി ലണ്ടനിലേക്കു പറന്നു. ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ വൈല്‍ ജോലി ചെയ്തിരുന്നു. റിസര്‍ച്ച് ഡയറക്ടറായിട്ടായിരുന്നു ജോലി ചെയ്തത്.

കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍

അലക്‌സാണ്ടര്‍ കോഗന്‍: 32-കാരനാണു കോഗന്‍. ഇദ്ദേഹമാണ് ഫേസ്ബുക്ക് ആപ്പ് വികസിപ്പിച്ച് ഡാറ്റ ശേഖരിച്ച് ട്രംപിന്റെ വിജയത്തിനായി ഉപയോഗിച്ചത്. ഇയാള്‍ ഫേസ്ബുക്കിലൂടെ ശേഖരിച്ച ഡാറ്റയില്‍ ദശലക്ഷക്കണക്കിനു വരുന്ന അമേരിക്കന്‍ വോട്ടര്‍മാരുടെ മാനസികവും രാഷ്ട്രീയവുമായ പ്രൊഫൈലുകളും ഉള്‍പ്പെട്ടിരുന്നതായിട്ടാണു കണ്ടെത്തിയിരിക്കുന്നത്. കോഗന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഫസറും ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിന്റെ(ജിഎസ്ആര്‍) സ്ഥാപകനും ഡയറക്ടറുമാണ്. ജിഎസ്ആര്‍, സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസ് (എസ്‌സിഎല്‍) എന്ന സ്വകാര്യ ബ്രിട്ടീഷ് റിസര്‍ച്ച്, കമ്മ്യൂണിക്കേഷന്‍ സ്ഥാപനവുമായി വാണിജ്യകരാറിലേര്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു ഫേസ്ബുക്ക് ഡാറ്റ ശേഖരിച്ച്, അവ പ്രോസസ് ചെയ്തു കൊടുത്തത്. എസ്‌സിഎല്‍ എന്ന സ്ഥാപനം കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഒരു സഹസ്ഥാപനം കൂടിയാണ്.

റോബര്‍ട്ട് മെര്‍സര്‍: 71-കാരനായ റോബര്‍ട്ട് ലെറോയി മെര്‍സര്‍ അമേരിക്കന്‍ കമ്പ്യൂട്ടര്‍ സയന്റിസ്റ്റും. ഹെഡ്ജ് ഫണ്ട് സ്ഥാപനമായ റെനെയ്‌സന്‍സ് ടെക്‌നോളജീസിന്റെ സഹസ്ഥാപകനുമൊക്കെയാണ്. ഇദ്ദേഹം ബ്രെക്‌സിറ്റ് പ്രചാരണത്തിനായി നീല്‍ ഫരാഗേയ്ക്ക് ഡാറ്റ അനലിറ്റിക്‌സ് സേവനങ്ങള്‍ നല്‍കുകയുണ്ടായി. വലത്പക്ഷ രാഷ്ട്രീയ സംഘടനകള്‍ക്ക് ഉദാരമായി സംഭാവന ചെയ്യുന്ന വ്യക്തിയാണ് മെര്‍സര്‍. ഡൊണാള്‍ഡ് ട്രംപിന്റെ 2016-ലെ പ്രസിഡന്‍ഷ്യല്‍ ക്യാംപെയ്‌നിന് ഇദ്ദേഹം വന്‍തുക സംഭാവന നല്‍കിയിരുന്നു. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനത്തിന് ഇദ്ദേഹം വന്‍തുക സംഭാവനയായി നല്‍കിയിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. ഏകദേശം 15 ദശലക്ഷം ഡോളര്‍ സംഭാവന നല്‍കിയെന്ന് റിപ്പോര്‍ട്ടുണ്ട്.

സ്റ്റീവ് ബാനന്‍: ട്രംപിന്റെ henchman ആയിരുന്നു ഒരുകാലത്ത് 64-കാരനായ ബാനന്‍. തീവ്രവലത് രാഷ്ട്രീയക്കാരനായ ബാനന്‍ ബ്രെയ്റ്റ്ബാര്‍ട്ട് ന്യൂസിന്റെ അദ്ധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു. പ്രസിഡന്റ് ട്രംപിന്റെ ഭരണത്തില്‍ മുതിര്‍ന്ന ഉപദേശകനായിരുന്നെങ്കിലും പിന്നീട് അകല്‍ച്ചയിലായതിനെ തുടര്‍ന്നു ഉപദേശകവൃന്ദത്തില്‍നിന്നും പുറത്തായി. കേംബ്രിഡ്ജ് അനലിറ്റിക്ക 2015 മുതല്‍ ഫേസ്ബുക്കില്‍ പ്രചാരണം നടത്തിയപ്പോള്‍ അതിന്റെ തലപ്പത്ത് ഒരു ഉപജാപകന്റെ വേഷത്തില്‍ ബാനനുണ്ടായിരുന്നു.

അലക്‌സാണ്ടര്‍ നിക്‌സ്: ബ്രിട്ടീഷ് വംശജനും 42-കാരനുമായ നിക്‌സ് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സിഇഒ, എസ്‌സിഎല്‍ ഡയറക്ടര്‍ എന്നീ പദവികള്‍ വഹിക്കുന്നു.

Comments

comments

Categories: FK Special, Slider