ആഫ്രിക്കയുടെ സ്വതന്ത്രവ്യാപാര സ്വപ്‌നങ്ങള്‍

ആഫ്രിക്കയുടെ സ്വതന്ത്രവ്യാപാര സ്വപ്‌നങ്ങള്‍

കരാര്‍ ഒപ്പിടാന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ റുവാന്‍ഡയില്‍ ഒരുമിക്കുന്നു

യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്രവ്യാപാരക്കരാര്‍ മാതൃകയില്‍ ആഫ്രിക്കന്‍ കരാറിന് ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ നീക്കം ശക്തമാക്കുന്നു. ദക്ഷിണാഫ്രിക്ക മുതല്‍ ഈജിപ്റ്റ് വരെയുള്ള 1.2 ബില്യണ്‍ ജനങ്ങളെ ഉള്‍ക്കൊള്ളുന്ന സ്വതന്ത്രവ്യാപാരക്കരാറാണ് ലക്ഷ്യം. കുറഞ്ഞസമയത്തിനുള്ളില്‍ ഈ കരാര്‍ സ്വന്തമാക്കാനാണ് ആഫ്രിക്കയുടെ നീക്കം. എന്നാല്‍ നൈജീരിയയുടെ പിന്മാറ്റം ഇപ്പോള്‍ നീക്കത്തിനു തിരിച്ചടിയായിരിക്കുന്നു. കരാറിന്റെ വിജയസാധ്യതയെത്തന്നെ ഇത് ചോദ്യം ചെയ്യുന്നു. അമ്പതിലധികം ആഫ്രിക്കന്‍രാജ്യങ്ങളിലേക്കും പുറത്തേക്കുമുള്ള ചരക്ക്, സേവനങ്ങളുടെയും ഒരുപക്ഷേ തൊഴിലാളികളുടെ പോലും ആയവ്യയങ്ങള്‍ ഉള്‍പ്പെടുത്തിയ കരാറായിരിക്കുമിത്. പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഭൂഖണ്ഡത്തിലെ തൊഴിലില്ലായ്മ കുറയ്ക്കാനും ഇതിലൂടെ കഴിയുമെന്നു വിശ്വസിക്കപ്പെടുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കിടയിലെ വ്യാപാരം ശക്തിപ്പെടുത്തുന്നതിനൊപ്പം കിഴക്കും പടിഞ്ഞാറും രാജ്യങ്ങളിലെ വന്‍ സമ്പദ് വ്യവസ്ഥകള്‍ക്ക് അസംസ്‌കൃതവസ്തുക്കള്‍ കൊടുക്കുന്ന പ്രധാന ഇടമായി ഭൂഖണ്ഡം മാറും.

കരാറിന്റെ കാര്യത്തില്‍ പല ആഫ്രിക്കന്‍ രാജ്യങ്ങളും സ്വാഭാവികമായും ഉല്‍സുകരാണ്. അതിനാല്‍ ഈ രാജ്യങ്ങളുടെ വലിയൊരു നിരതന്നെ ഈയാഴ്ച കരാര്‍ ഒപ്പിടുന്ന റുവാന്‍ഡന്‍ തലസ്ഥാനം കിഗലിയില്‍ അണിനിരക്കുമെന്നു പ്രതീക്ഷിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിന്റെ ഏകോപനത്തിനും സമഗ്രവിപണി സ്ഥാപിക്കുന്നതിനും പ്രതിജ്ഞാബദ്ധമായ നീക്കമാണിതെന്ന് ദക്ഷിണാഫ്രിക്കന്‍ വാണിജ്യ-വ്യവസായവകുപ്പ് വിശേഷിപ്പിച്ചിരിക്കുന്നു. ഒരു ബില്യണ്‍ ഉപയോക്താക്കള്‍ ഉള്‍പ്പെടുന്ന 2.6 ട്രില്യണ്‍ ഡോളര്‍ ജിഡിപി വളര്‍ച്ചയുള്ള വിപണിയായിരിക്കുമിത്. അതൊരു വന്‍കിട ഉദാരവല്‍കൃത വിപണിയാകുമെന്നാണ് കെനിയന്‍ സര്‍ക്കാര്‍ അറിയിക്കുന്നത്. സംരംഭകരുടെ മാല്‍സര്യം ശക്തമാക്കുകയും ഉല്‍പ്പന്നങ്ങളുടെ മൂല്യം വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ട് ഉല്‍പ്പാദനം വര്‍ധിച്ചുവരുന്ന ചെലവില്‍ ആനുപാതിക ലാഭമുണ്ടാക്കുന്ന വിധം പരമാവധി വിഭവചൂഷണം ഉറപ്പാക്കുന്നതുമാണിത്. എന്നാല്‍ ഈ കരാര്‍ ഒപ്പിടും മുമ്പു തന്നെ തടസങ്ങള്‍ നേരിട്ടു തുടങ്ങി.

നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഖാരി ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചതാണ് ആദ്യ തിരിച്ചടി. നൈജീരിയയിലെ വ്യാപാരസമൂഹവും വ്യവസായ സംഘടനകളും കരാറിനെക്കുറിച്ച് തങ്ങളുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന വിമര്‍ശനമുയര്‍ത്തി രംഗത്തു വന്നിട്ടുണ്ട്. കരാറിലെ വ്യവസ്ഥകളെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കകളുണ്ടെന്നും അതു പരിഹരിക്കണമെന്നുമാണ് അവരുടെ ആവശ്യം. കരാറിലെ ജോലിക്കാരുടെ സ്വതന്ത്രക്കൈമാറ്റമടക്കമുള്ള മേഖലകളാണ് ആശങ്കയുടെ പ്രധാനകാരണം. ഇത് നൈജീരിയയില്‍ തൊഴിലാളി ക്ഷാമമുണ്ടാക്കുമെന്നും ഇത് ആഭ്യന്തരവ്യാപാരത്തിനു ഭീഷണി സൃഷ്ടിക്കുമെന്നുമാണ് ഇവരുടെ വാദം. ഇതോടെ ആഫ്രിക്കയുടെ സ്വപ്‌ന സമ്പദ് വ്യവസ്ഥയിലേക്കുള്ള പ്രവേശനം മങ്ങിയിരിക്കുന്നു. പദ്ധതിയുടെ മൊത്തം സാധ്യതയ്ക്കും ഇത് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നു. സ്വതന്ത്രവ്യാപാരക്കരാറില്‍ ഒപ്പുവെക്കാന്‍ എല്ലാ കക്ഷികളും സമ്മതിച്ചിട്ടു പോലും ശരിയായ തുടക്കത്തിനു സാധിച്ചില്ല. ഒപ്പുവച്ച കരാറിലെ മഷി ഉണങ്ങും മുമ്പേ അത് എത്രയും പെട്ടെന്ന് പ്രാവര്‍ത്തികമാക്കാം എന്ന ചിന്ത ഉടലെടുത്തു. എപ്പോഴാണ് അത് സ്ഥിതിഗതികളില്‍ മാറ്റമുണ്ടാക്കുന്നത് എന്ന ചോദ്യവുമുയരുന്നു.

മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും ഇതര ആഫ്രിക്കന്‍ രാജ്യങ്ങളുമായി വ്യാപാരബന്ധം പുലര്‍ത്തുന്നതിനേക്കാള്‍ ഭൂഖണ്ഡത്തിനു പുറത്തുള്ള രാജ്യങ്ങളുമായി ഇടപെടാനാണ് ആഗ്രഹിക്കുന്നത്. ഇതിനു പകരം പരസ്പരമുള്ള വ്യാപാരത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം ആകെ വ്യാപാരത്തിന്റെ 16 ശതമാനമായിരിക്കുമ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളുമായി ഇത് 51ഉം യൂറോപ്പുമായി 70 ശതമാനവുമാണ്‌

സ്വതന്ത്രവ്യാപാരമേഖലയില്‍ രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാകും വരെ ചരക്കുകൈമാറ്റത്തിന് രേഖയിലെ പ്രഖ്യാപനങ്ങളെ ചെറിയ തോതില്‍ ആശ്രയിക്കേണ്ടി വരും. അത്തരം കരാര്‍പ്രകരം ഒപ്പിട്ട ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പരസ്പര വ്യാപാരബന്ധം ശക്തിപ്പെടുത്താന്‍ താരിഫുകള്‍ കുറയ്‌ക്കേണ്ടി വരുന്നു. പൊതുവേ പറഞ്ഞാല്‍ അടുത്ത സാമ്പത്തിക സഹകരണത്തിന് ഏറ്റവും സമഗ്രമായ ആദ്യപടിയാണിത്. അടുത്ത ഘട്ടത്തില്‍ അതൊരു കസ്റ്റംസ് സംഘടനയായിരിക്കും. അവിടെ ഓരോ രാജ്യത്തിനും സമാന താരിഫുകളായിരിക്കും ഭൂഖണ്ഡാന്തര വിനിമയത്തിനുള്ളത്. ഉഭയബന്ധത്തിലാകട്ടെ കുറഞ്ഞ താരിഫില്‍ വിനിമയം നടത്തുകയോ താരിഫ് തന്നെ ഉപേക്ഷിക്കുകയോ ചെയ്യാം. അടുത്തത് ചരക്കുകളും സേവനങ്ങളും തൊഴിലാളികൈമാറ്റവും സംബന്ധിച്ച് താരിഫ് ഉള്‍പ്പെടുന്ന പൊതുകമ്പോളമാണ്. അടുത്ത രാജ്യങ്ങളുമായി ക്വോട്ടാവിമുക്തമായ ഒരു പൊതുവ്യാപാര ബന്ധവും രാഷ്ട്രീയ ഏകീകരണവും ഏകീകൃത നാണയ വ്യവസ്ഥയുമാണ് അടുത്ത ഘട്ടം.

യൂറോപ്യന്‍ യൂണിയന് കസ്റ്റംസ് യൂണിയന്‍ ഒരുക്കാന്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള അര നൂറ്റാണ്ട് വേണ്ടി വന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ത്തന്നെ പൂര്‍വആഫ്രിക്കയും ദക്ഷിണാഫ്രിക്കയും തമ്മില്‍ സംയുക്ത സംവിധാനം നിലവിലുണ്ട്. ഭൂഖണ്ഡമൊട്ടാകെ വിപുലമായ വ്യാപാരമേഖല യാഥാര്‍ത്ഥ്യമാക്കുന്നതിന് അതിനകത്തു തന്നെയുള്ള രാജ്യാന്തരവ്യാപാരമായിരിക്കും ഉചിതം. എന്നാല്‍ ഇതൊരു വെല്ലുവിളിയാണ്. മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും ഇതര ആഫ്രിക്കന്‍ രാജ്യങ്ങളുമായി വ്യാപാരബന്ധം പുലര്‍ത്തുന്നതിനേക്കാള്‍ ഭൂഖണ്ഡത്തിനു പുറത്തുള്ള രാജ്യങ്ങളുമായി ഇടപെടാനാണ് ആഗ്രഹിക്കുന്നത്. ഇതിനു പകരം പരസ്പരമുള്ള വ്യാപാരത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം ആകെ വ്യാപാരത്തിന്റെ 16 ശതമാനമായിരിക്കുമ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളുമായി ഇത് 51ഉം യൂറോപ്പുമായി 70 ശതമാനവുമാണ്. ഭൂഖണ്ഡത്തിന്റെ വലുപ്പമാണ് മറ്റൊരു പ്രശ്‌നം. ഭൂമിശാസ്ത്രപരമായി മാത്രമല്ല, അംഗരാജ്യങ്ങളുടെ എണ്ണവും കണക്കിലെടുക്കുകയാണ്.

1950-ല്‍ യൂറോപ്പ് സംയോജനപ്രക്രിയ ആരംഭിച്ചപ്പോള്‍ ആറു രാജ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. 60 വര്‍ഷത്തിനു ശേഷം യൂറോപ്യന്‍ യൂണിയനില്‍ 28 അംഗങ്ങളായി. ആഫ്രിക്കയിലാകട്ടെ 54 രാജ്യങ്ങളും. അതിനാല്‍ കരാര്‍നടപ്പാക്കലും സഹകരണവും നിര്‍ണായകമാകുന്നു. എല്ലാ രാജ്യങ്ങളുടെയും പാര്‍ലമെന്റുകള്‍ അംഗീകരിക്കുന്നതടക്കമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. പലരാജ്യങ്ങളിലും രാഷ്ട്രീയ അസ്ഥിരതയും അസ്വസ്ഥതയും നിലനില്‍ക്കുന്നുവെന്ന കാര്യവും കണക്കിലെടുക്കണം. ഏതായാലും ആഫ്രിക്കന്‍ സ്വതന്ത്രവ്യാപാരമേഖല വിലയൊരു ദൗത്യമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അത് അനിശ്ചിതത്വത്തിലായിരിക്കുന്നു. ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ക്കിടയിലെ പരസ്പരവിശ്വാസവും സഹകരണവും കൊണ്ടു മാത്രമേ ഇത് പ്രവൃത്തി പഥത്തിലെത്തൂ. അതിന് ഇതിന്റെ സാമ്പത്തിക, വ്യാപാര നേട്ടങ്ങളെക്കുറിച്ച് ഈ രാജ്യങ്ങളിലെ പൗരന്മാരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

Comments

comments

Categories: FK Special, Slider