വീഴ്ച സംഭവിച്ചു, ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സുക്കര്‍ബെര്‍ഗ്

വീഴ്ച സംഭവിച്ചു, ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സുക്കര്‍ബെര്‍ഗ്

ഒരു പ്രത്യേക ടൂള്‍ബാര്‍ വഴി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വിവരങ്ങളില്‍ കൂടുതല്‍ നിയന്ത്രണം നല്‍കും

ലണ്ടന്‍: ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ചോര്‍ത്തപ്പെട്ടുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് രംഗത്ത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഫേസ്ബുക്ക് പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെയുമാണ് സുക്കര്‍ബര്‍ഗ് മറുപടി നല്‍കിയത്.

ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഇന്ത്യയും ബ്രസീലുമടക്കമുള്ള രാജ്യങ്ങള്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുകയാണ്. അതിലാല്‍ തന്നെ ഫേസ്ബുക്കിലെ ഡാറ്റ സുരക്ഷ ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിബദ്ധരാണ്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരെ സേവിക്കാന്‍ തങ്ങള്‍ അര്‍ഹരല്ലെന്നും സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലടക്കം ജനവിധിയെ സ്വാധീനിക്കാന്‍ ബ്രിട്ടീഷ് കമ്പനിയായ കേം ബ്രിഡ്ജ് അനലിറ്റിക്ക ലക്ഷക്കണക്കിന് ഫേസ്ബുക്ക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്തയോട് ആദ്യമായാണ് സുക്കര്‍ബര്‍ഗ് പ്രതികരിക്കുന്നത്.

ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്ന ആപ്പുകളെ ശക്തമായി നിരീക്ഷിക്കുമെന്ന് സുക്കര്‍ബെര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചു. ഉപയോക്താക്കളുടെ വിവരങ്ങള്‍ അന്യായമായി ശേഖരിക്കുന്ന ഡെവലപര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകും. കൂടാതെ ഒരു പ്രത്യേക ടൂള്‍ബാര്‍ വഴി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വിവരങ്ങളില്‍ കൂടുതല്‍ നിയന്ത്രണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാന്‍ 2014 മുതല്‍ സുപ്രധാനമായ ചില നടപടികള്‍ തങ്ങള്‍ സ്വീകരിച്ചിരുന്നുവെന്നും എന്നാല്‍ ഇക്കാര്യത്തില്‍ പിഴവ് സംഭവിച്ചതിനാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടീഷ് റിസര്‍ച്ചറായ അലക്‌സാണ്ടര്‍ കോഗന്‍ നിര്‍മിച്ച ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഡാറ്റാ അനലറ്റിക്കല്‍ സ്ഥാപനമായ കേംബ്രിഡ്ജ് അനലറ്റിക്കയാണ് ഫേസ്ബുക്കില്‍ നിന്ന് അമ്പത് മില്യണിലേറെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത 270,000 ആളുകളുടെയും അവരുടെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെയും വിവരങ്ങളാണ് അനുമതി കൂടാതെ കൈക്കലാക്കിയത്.കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കുവേണ്ടി ജോലിചെയ്തിരുന്ന ക്രിസ്റ്റഫര്‍ വൈലിയാണ് കമ്പനി ഫെയ്‌സ്ബുക്കില്‍നിന്ന് വിവരം ചോര്‍ത്തിയെന്ന് വെളിപ്പെടുത്തിയത്.

കോഗന്‍,കേംബ്രിഡ്ജ് അനലിറ്റിക്ക, ഫേസ്ബുക്ക് എന്നിവ തമ്മിലുള്ള വിശ്വാസ്യതയെ തകര്‍ക്കുന്ന സംഭവമാണിതെന്നും അതിലുപരി തങ്ങള്‍ പങ്കിട്ട വിവരങ്ങള്‍ സുരക്ഷിതമാണെന്ന് കരുതിയിരുന്ന ഉപയോക്താക്കളും ഫേസ്ബുക്കും തമ്മിലുള്ള വിശ്വാസത്തത്തിന്റെ ലംഘനമാണെന്നും സുക്കര്‍ബര്‍ഗ് കുറിച്ചു.
സുരക്ഷാ വീഴ്ചയില്‍ യുഎസിലും യൂറോപ്പിലും ഫേസ്ബുക്കിനെതിരെ അന്വേഷണം നടന്നുവരികയാണ്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ ഫേസ്ബുക്കിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവിധ തെരഞ്ഞെടുപ്പുകളില്‍ ബിജെപി, കോണ്‍ഗ്രസ്, ജെഡിയു തുടങ്ങിയ പാര്‍ട്ടികളുമായി ബന്ധമുണ്ടെന്നാണ് കേംബ്രിജ് അനലിറ്റിക്കയുടെ ഇന്ത്യന്‍ പങ്കാളി ഒവ്‌ലീന്‍ ബിസിനസ് ഇന്റലിജന്‍സിന്റെ (ഒബിഐ) വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. നാലു തെരഞ്ഞെടുപ്പുകളിലും മിഷന്‍ 272ലും ബിജെപിക്കായി പ്രവര്‍ത്തിച്ചുവെന്ന് സാമൂഹ്യമാധ്യമമായ ലിങ്ക്ഡ്ഇനില്‍ ഒവ്‌ലീന്റെ ഡയറക്റ്റര്‍മാരില്‍ ഒരാളായ ഹിമാന്‍ഷു ശര്‍മ വെളിപ്പെടുത്തിയതും കോലാഹലങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

ഡിലീറ്റ് ഫേസ്ബുക്ക് എന്ന ഹാഷ് ടാഗില്‍ ഫേസ്ബുക്കിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. വാട്‌സാപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്റ്റണാണ് ഈ ആഹ്വാനം ട്വിറ്റര്‍ വഴി ആദ്യം നടത്തിയത്. ഡാറ്റ ചോര്‍ച്ച വിവരം പുറത്തു വന്നതിനെ തുടര്‍ന്ന് സാമ്പത്തിക വിപണികളില്‍ നിന്നും ഫേസ്ബുക്കിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനിയുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു. നിക്ഷേപകര്‍ ഓഹരികള്‍ പിന്‍വലിച്ചതു മൂലം രണ്ടു ദിവസം കൊണ്ട് കമ്പനിയുടെ മൂല്യത്തില്‍ 50 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്.

Comments

comments

Categories: Slider, Top Stories