ആസ്തികളുടെ നിരീക്ഷണത്തിന് സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിക്കും

ആസ്തികളുടെ നിരീക്ഷണത്തിന് സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിക്കും

ന്യൂഡെല്‍ഹി: രാജ്യത്തുടനീളമുള്ള തങ്ങളുടെ ആസ്തികള്‍ നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഉപഗ്രഹ ചിത്രങ്ങളെ റെയില്‍വേ പ്രയോജനപ്പെടുത്തും. ഇതിനായി പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒയുമായി റെയ്ല്‍വേ ധാരണാപത്രം ഒപ്പുവെച്ചു. ഐഎസ്ആര്‍ഒയുടെ ഭുവന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ എടുക്കുക.

‘സ്റ്റേഷനു ചുറ്റുമുള്ള എല്ലാ പുതിയ കൈയേറ്റങ്ങളെയും തിരിച്ചറിയുന്നതിന് ഉപഗ്രഹ ചിത്രങ്ങള്‍ ഇന്ത്യന്‍ റെയ്ല്‍വേ ഉപയോഗിക്കും. രാജ്യത്തുടനീളം ജ്യോഗ്രഫിക്കല്‍ ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റംസ് (ജിഐഎസ്) പ്ലാറ്റ്‌ഫോമില്‍ റെയ്ല്‍വെ ആസ്തികളുടെ ജിപിഎസ് അധിഷ്ഠിത മാപ്പിംഗ് തയാറാക്കുന്നത് ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തീകരിക്കും’, റെയ്ല്‍വേ മന്ത്രാലയ വക്താവ് അറിയിച്ചു.

ഭൂമി ഉള്‍പ്പടെ നിരവധി ആസ്തികള്‍ ഇന്ത്യന്‍ റെയ്ല്‍വേയ്ക്ക് കീഴിലുണ്ട്. ഇവ കാര്യക്ഷമമായി നിരീക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി ഒരു ജിഐഎസ് പോര്‍ട്ടല്‍ വികസിപ്പിക്കും. പിന്നീട് ഐഎസ്ആര്‍ഒ നല്‍കുന്ന ചിത്രങ്ങളും ജിഐഎസിലെ ആസ്തി വിവരങ്ങളും തമ്മില്‍ താരതമ്യം ചെയ്ത് കൈയേറ്റങ്ങള്‍ കണ്ടുപിടിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Comments

comments

Categories: Slider, Top Stories