പാകിസ്ഥാന് ചൈനയുടെ സമ്മാനം! അത്യാധുനിക മിസൈല്‍ ട്രാക്കിംഗ് സംവിധാനം ചൈന പാകിസ്ഥാനില്‍ സ്ഥാപിച്ചു; ഒരേ സമയം വിവിധ ലക്ഷ്യങ്ങളിലേക്ക് ആണവ മിസൈലുകള്‍ അയക്കാന്‍ സൗകര്യം

പാകിസ്ഥാന് ചൈനയുടെ സമ്മാനം! അത്യാധുനിക മിസൈല്‍ ട്രാക്കിംഗ് സംവിധാനം ചൈന പാകിസ്ഥാനില്‍ സ്ഥാപിച്ചു; ഒരേ സമയം വിവിധ ലക്ഷ്യങ്ങളിലേക്ക് ആണവ മിസൈലുകള്‍ അയക്കാന്‍ സൗകര്യം

ന്യൂഡെല്‍ഹി : തദ്ദേശീയമായി വികസിപ്പിച്ച തെരച്ചില്‍ യന്ത്രം ഘടിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ പാകിസ്ഥാന് അത്യാധുനിക മിസൈല്‍ ട്രാക്കിംഗ് സംവിധാനം കൈമാറിയ വിവരം ചൈനയും പുറത്തു വിട്ടു. ഇന്ത്യയെ നേരിടാന്‍ പാകിസ്ഥാന് ചൈന സഹായം നല്‍കുന്നെന്ന ആരോപണം ശരിവെക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. പണം നല്‍കിയിട്ടാണോ സൗജന്യമായാണോ ചൈന മിസൈല്‍ ട്രാക്കിംഗ് സംവിധാനം കൈമാറിയതെന്ന് വ്യക്തമല്ല. 3 മാസം മുന്‍പാണ് ചൈനീസ് സാങ്കേതിക വിദഗ്ധരും ശാസ്ത്രജ്ഞരും പാകിസ്ഥാനിലെത്തി മിസൈല്‍ സംവിധാനം വിന്യസിച്ചത്. പാകിസ്ഥാന്‍ സൈന്യം ഇതിന്റെ പരീക്ഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

ശത്രുരാജ്യത്തെ ഏത് സ്ഥലവും ലക്ഷ്യമാക്കി കൃത്യമായി മിസൈലുകള്‍ അയക്കാനുള്ള സംവിധാനമാണ് ട്രാക്കിംഗ് സംവിധാനത്തിലുള്ളത്. 2 ബൈനോക്കുലറുകള്‍ ഘടിപ്പിച്ച സാധാരണ സംവിധാനവത്തിന് പകരം 4 ദൂരദര്‍ശിനികളുള്ള കരുത്തുറ്റ സംവിധാനമാണിത്. ഒരേ സമയം വിവിധ ലക്ഷ്യ കേന്ദ്രങ്ങളിലേക്ക് മിസൈലുകള്‍ അയക്കാമെന്നതാണ് പ്രത്യേകത. പാകിസ്ഥാന് ഇത്തരമൊരു അതി നൂതന സാങ്കേതിക വിദ്യ കൈമാറുന്ന ആദ്യ രാജ്യമാണ് തങ്ങളെന്ന് ചൈനീസ് അക്കാദമി ഓഫ് സയന്‍സിന്റെ പ്രസ്താവനയില്‍ പറയുന്നു.

ചൈനയിലെ ഏത് പ്രവിശ്യയിലും ആണവാക്രമണം നടത്താന്‍ ശേഷിയുള്ള 5,000 കിലോമീറ്റര്‍ റേഞ്ചുള്ള അഗ്നി-5 മിസൈല്‍ ജനുവരി 18ന് ഇന്ത്യ പരീക്ഷിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനെ കൂടുതല്‍ ആണവായുധ സജ്ജമാക്കാന്‍ ചൈന നീക്കം ആരംഭിച്ചത്.

Comments

comments

Categories: FK News, Politics, Slider, World