ഓസ്‌ട്രേലിയയില്‍ മറൈന്‍ പാര്‍ക്കുകള്‍ തുറക്കുന്നു

ഓസ്‌ട്രേലിയയില്‍ മറൈന്‍ പാര്‍ക്കുകള്‍ തുറക്കുന്നു

കാന്‍ബെറ(ഓസ്‌ട്രേലിയ): ഏറ്റവും വലിയ പവിഴപ്പുറ്റ് കൂട്ടങ്ങളുടെ ശൃംഖലയായ ഗ്രേറ്റ് ബാരിയര്‍ റീഫിലേക്കുള്ള പ്രവേശനകവാടമെന്ന് അറിയപ്പെടുന്ന കോറല്‍ കടലില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനത്തിനായി കൂടുതല്‍ സമുദ്ര പാര്‍ക്കുകള്‍ (മറൈന്‍ പാര്‍ക്കുകള്‍) തുറക്കാന്‍ ഓസ്‌ട്രേലിയന്‍ ഭരണകൂടം ബുധനാഴ്ച തീരുമാനിച്ചു. ഈ വര്‍ഷം ജുലൈ മാസത്തോടെ തീരുമാനം നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്. കോറല്‍ കടലിന്റെ 70 ശതമാനവും ഇനി മുതല്‍ yellow zone ആകും. അതായത്, കടലിന്റെ അടിത്തട്ടിനു(sea bed) മീതെ മീന്‍പിടുത്തം അനുവദിക്കും. ലോകത്തിലെ തന്നെ പ്രാധാന്യം നിറഞ്ഞ സംരക്ഷിത മേഖലകളിലൊന്നാണു ഗ്രേറ്റ് ബാരിയര്‍ റീഫിനു സമീപമുള്ള പ്രദേശം. ഈ പ്രദേശത്തിന്റെ പ്രാധാന്യത്തെ വിലകുറച്ചു കാണുന്നതാണു സര്‍ക്കാരിന്റെ പുതിയ തീരുമാനമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ടൂറിസവും, ഫിഷിംഗ് വ്യവസായവും പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി സമുദ്രപ്രദേശങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കി വന്നിരുന്ന ഉന്നതതല പരിരക്ഷ തിരിച്ചെടുക്കുന്നതിനു തുല്യമാണു പുതിയ തീരുമാനമെന്നാണു പരിസ്ഥിതിവാദികളുടെ പരാതി. കോറല്‍ കടലിനു ‘ഗ്രീന്‍ സോണ്‍’ സംരക്ഷണമാണ് ഇത്രയും കാലം നല്‍കി വരുന്നത്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ ഈ മേഖലയുടെ സംരക്ഷണം പകുതിയായി കുറയുമെന്നും പറയപ്പെടുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സമുദ്ര സംരക്ഷണ മേഖലകളുള്ളത് ഓസ്‌ട്രേലിയയിലാണ്. ഏകദേശം 3.3 മില്യന്‍ ചതുരശ്ര കിലോമീറ്റര്‍ വരും ഓസ്‌ട്രേലിയയിലെ സമുദ്ര സംരക്ഷണ മേഖല. പുതിയ തീരുമാനം നടപ്പിലാക്കിയാലും 3.3 മില്യന്‍ ചതുരശ്ര കിലോമീറ്റര്‍ പ്രദേശം സംരക്ഷിത മേഖലയായി തന്നെ തുടരും.

Comments

comments

Categories: FK Special