പിഎന്‍ബിയുടെ നഷ്ടം 14500 കോടി രൂപയായേക്കുമെന്ന് കേന്ദ്രം

പിഎന്‍ബിയുടെ നഷ്ടം 14500 കോടി രൂപയായേക്കുമെന്ന് കേന്ദ്രം

നീരവ് മോദിയും മെഹുല്‍ ചോക്‌സിയും നടത്തിയ തട്ടിപ്പില്‍ 13923 കോടി രൂപയാണ് പിഎന്‍ബി നഷ്ടം കണക്കാക്കുന്നത്

ന്യൂഡെല്‍ഹി: വജ്രവ്യാപാരികള്‍ നടത്തിയ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം പഞ്ചാബ് നാഷണല്‍ ബാങ്കി (പിഎന്‍ബി)ന് 14500 കോടി രൂപയുടെ നഷ്ടം പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തട്ടിപ്പിലൂടെ കൈമോശം വന്ന പണവും പ്രതീക്ഷിത നഷ്ടങ്ങളും ചേര്‍ത്താണിത്.

നീരവ് മോദിയും മെഹുല്‍ ചോക്‌സിയും നടത്തിയ തട്ടിപ്പില്‍ 13923 കോടി രൂപയാണ് പിഎന്‍ബി നഷ്ടം കണക്കാക്കുന്നത്. ഫെബ്രുവരി 22 വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, 1251.96 കോടി രൂപയുടെ അധിക നഷ്ടവും ഉള്‍പ്പെടുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

2015-16 സാമ്പത്തിക വര്‍ഷത്തില്‍ ക്രമക്കേടുകളെ തുടര്‍ന്ന് 341.03 കോടി രൂപയുടെ നഷ്ടം പിഎന്‍ബിക്ക് നേരിടേണ്ടിവന്നിരുന്നു

2015-16 സാമ്പത്തിക വര്‍ഷത്തില്‍ ക്രമക്കേടുകളെ തുടര്‍ന്ന് 341.03 കോടി രൂപയുടെ നഷ്ടമാണ് പിഎന്‍ബിക്ക് നേരിടേണ്ടിവന്നിരുന്നത്. തൊട്ടടുത്ത ധനകാര്യ വര്‍ഷം ഇത് 2633.82 കോടിയിലേക്ക് ഉയര്‍ന്നു. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിത നഷ്ടമുള്‍പ്പെടെ 15506.39 കോടിയുടെ നഷ്ടം ഇതിനകം ബാങ്ക് രേഖപ്പെടുത്തിക്കഴിഞ്ഞു.

നീരവ് മോദിയും ചോക്‌സിയും ഉള്‍പ്പെടുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ മുംബൈ ബഞ്ചിന് മുമ്പാകെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരും അവരുമായി ബന്ധപ്പെട്ട മറ്റു കമ്പനികളും ട്രസ്റ്റുകളും വ്യക്തികളും ഇനിയൊരു കൂടുതല്‍ ഉത്തരവുണ്ടാകുന്നത് വരെ സ്വത്തുവകകള്‍ കൈമാറ്റം ചെയ്യാനോ പണം നീക്കം ചെയ്യാനോ കൈമാറ്റം ചെയ്യാനോ പാടില്ലെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു.

Comments

comments

Categories: Business & Economy