ഡിജിറ്റല്‍ രംഗത്ത് വലിയ മുന്നേറ്റം നടത്താന്‍ കേരളത്തിന് സാധിക്കും: മുഖ്യമന്ത്രി

ഡിജിറ്റല്‍ രംഗത്ത് വലിയ മുന്നേറ്റം നടത്താന്‍ കേരളത്തിന് സാധിക്കും: മുഖ്യമന്ത്രി

നൂറിലധികം സര്‍ക്കാര്‍ വകുപ്പുകളുടെ വിവരങ്ങള്‍ മൊബീലില്‍ ലഭ്യമാക്കുന്ന എം കേരളം ആപ്പ് അവതരിപ്പിച്ചു

കൊച്ചി: ഡിജിറ്റല്‍ രംഗത്ത് വലിയ മുന്നേറ്റം നടത്താന്‍ കേരളത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിറ്റല്‍ ജീവിതശൈലി സാര്‍വത്രികമാക്കുകയും സാങ്കേതിക രംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ # ഫ്യൂച്ചര്‍ ഡിജിറ്റല്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കിംഗ്, ഗതാഗതം തുടങ്ങിയ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് സംസ്ഥാനത്തെ ഡിജിറ്റല്‍ രംഗത്തുണ്ടാകുന്നത്. മനുഷ്യശേഷിയുള്ള കേരളത്തിന് ഡിജിറ്റല്‍ രംഗത്ത് ഏറെ മുന്നേറാനാകും. ഡിജിറ്റല്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് യുവാക്കളുടെ വൈദഗ്ധ്യം വികസിപ്പിക്കേണ്ടതുണ്ടെന്നും അറിവാണ് സംസ്ഥാനത്തിന്റെ ഭാവിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ഡെസ്റ്റിനേഷനായി കേരളത്തെ ഉയര്‍ത്തിക്കാട്ടാനും ഡിജിറ്റല്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ഉച്ചകോടി നിര്‍ണായക ചുവടുവയ്പ്പാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഡിജിറ്റല്‍ ലോകത്ത് മുന്നേറാന്‍ 10 ദശലക്ഷം ചതുരശ്രയടിയുള്ള ഐടി പാര്‍ക്കുകള്‍ കേരളത്തിലുണ്ട്. 1000 ഇടങ്ങളില്‍ സൗജന്യ വൈഫൈ സംവിധാനം ആരംഭിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കി വരികയാണ്. കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ്‌വര്‍ക്ക്( കെ ഫോണ്‍) പദ്ധതി നടപ്പിലാകുന്നതോടെ കേരളത്തിലെവിടെയും പരിധിയില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭിക്കുമെന്ന് ഐടി സെക്രട്ടറി എം ശിവശങ്കര്‍ അറിയിച്ചു. കേരള ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് ലിമിറ്റഡും കെഎസ്ഇബിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 20 ലക്ഷം കുടുംബങ്ങളിലും സര്‍ക്കാര്‍ ഓഫീസ്, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കേബിള്‍ വഴി സംസ്ഥാനത്ത് 2000 വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കും. 1028 കോടിയാണ് പദ്ധതിയുടെ അടങ്കല്‍ തുകയെന്നും അദ്ദേഹം വിശദീകരിച്ചു.

ബിസിനസ് നിര്‍വചനം മാറുന്നതിനൊപ്പം കേരളവും മാറണമെന്ന് ഐടി ഉന്നതാധികാര സമിതി(എച്ച്പിഐസി) ചെയര്‍മാന്‍ എസ് ഡി ഷിബുലാല്‍ പറഞ്ഞു. ഐടി രംഗത്ത് കേരളത്തിന് മുന്നേറാനുള്ള വഴിയൊരുക്കലാണ് ഈ സമ്മേളനമെന്നും അദ്ദേഹം അറിയിച്ചു. നൂറിലധികം സര്‍ക്കാര്‍ വകുപ്പുകളുടെ വിവരങ്ങള്‍ മൊബീലില്‍ ലഭ്യമാക്കുന്ന എം കേരളം ആപ്പിന്റെ അവതരണവും ചടങ്ങില്‍ പ്രഖ്യാപിച്ചു. ബില്ലടയ്ക്കാനും സേവനങ്ങള്‍ മനസിലാക്കാനും ആപ്പിലൂടെ കഴിയും. ആപ്പ് സ്റ്റേറില്‍ നിന്നും പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Comments

comments

Categories: Slider, Top Stories