കേംബ്രിഡ്ജ് അനലിറ്റിക്കയും കോണ്‍ഗ്രസും തമ്മിലെ ‘ബന്ധം’ സര്‍ക്കാരിന്റെ സൃഷ്ടിയെന്ന് രാഹുല്‍ ഗാന്ധി; മൊസൂളില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത് മറയ്ക്കാനെന്നും ആരോപണം

കേംബ്രിഡ്ജ് അനലിറ്റിക്കയും കോണ്‍ഗ്രസും തമ്മിലെ ‘ബന്ധം’ സര്‍ക്കാരിന്റെ സൃഷ്ടിയെന്ന് രാഹുല്‍ ഗാന്ധി; മൊസൂളില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത് മറയ്ക്കാനെന്നും ആരോപണം

ന്യൂഡെല്‍ഹി : വിവാദ വിവരശേഖരണ സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്കയും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മില്‍ ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ കേന്ദ്ര സര്‍ക്കാരിന്റെ സൃഷ്ടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇറാഖിലെ മൊസൂളില്‍ 39 ഇന്ത്യക്കാരെ ഭീകരര്‍ വധിച്ചത് സംബന്ധിച്ച വാര്‍ത്തകള്‍ മറയ്ക്കാനാണ് സര്‍ക്കാര്‍ കേംബ്രിഡ്ജ്-കോണ്‍ഗ്രസ് ബന്ധം സൃഷ്ടിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ട്വിറ്ററിലൂടെയാണ് വിവാദ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

കേംബ്രിഡ്ജ് വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ചാടിക്കടിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ പറഞ്ഞു. അതോടെ മൊസൂളിലെ 39 ഇന്ത്യക്കാര്‍ വിസ്മരിക്കപ്പെട്ടു.

ബ്രിട്ടണ്‍ ആസ്ഥാനമായ വിവരശേഖരണ സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക ഫേസ്ബുക്കിലൂടെ വന്‍തോതില്‍ ഇന്ത്യക്കാരുടെ വിവരശേഖരണം നടത്തുകയും പ്രൊഫൈലുകള്‍ തയാറാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുവേണ്ടി തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച ഏജന്‍സി, ഇന്ത്യക്കാരുടെ ചോര്‍ത്തിയ വിവരങ്ങള്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി ഉപയോഗിക്കാന്‍ ചര്‍ച്ച നടന്നതായി ബിജെപി ആരോപിക്കുന്നു. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന തെളിഞ്ഞാല്‍ കടുത്ത നടപടി ഉണ്ടാവുമെന്ന് ഫേസ്ബുക്കിന് ഇന്നലെ കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേബ്രിഡ്ജുമായി നടന്ന ഇടപാട് വിശ്വാസ്യതയില്‍ വിള്ളലുണ്ടാക്കിയെന്നും ഇനി കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നുമാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രതികരിച്ചത്.

Comments

comments

Categories: FK News, Politics, Top Stories