ഗൂഗിള്‍ 300 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും

ഗൂഗിള്‍ 300 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും

ഗുണനിലവാരമുള്ള മാധ്യമപ്രവര്‍ത്തനം സാധ്യമാക്കുന്നതിനും നൂതന സാങ്കേതികവിദ്യയിലൂടെ വാര്‍ത്താ മാധ്യമങ്ങളുടെ സുസ്ഥിര വളര്‍ച്ചയും ലക്ഷ്യമിടുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ആധുനിക ഡിജിറ്റല്‍ യുഗത്തില്‍ വാര്‍ത്താ മാധ്യമ സ്ഥാപനങ്ങളെ മികച്ച നേട്ടം കൈവരിക്കാന്‍ സഹായിക്കാന്‍ പദ്ധതിയുമായി ടെക് ഭീമന്‍മാരായ ഗൂഗിള്‍ രംഗത്ത്. ഇതിന്റെ ഭാഗമായി ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവ് (ജിഎന്‍ഐ) എന്ന പദ്ധതിക്കു കീഴില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ മാധ്യമസ്ഥാപനങ്ങളില്‍ ഗൂഗിള്‍ 300 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തും. മീഡിയ ഔട്ട്‌ലെറ്റുകളെ ഇന്നൊവേറ്റീവ് സാങ്കേതികവിദ്യകളുപയോഗിച്ച് പുതിയ ബിസിനസ് മാതൃകകള്‍ ആരംഭിക്കുന്നതിന് ജിഎന്‍ഐ സഹായിക്കും.

മാധ്യമ രംഗത്തെ ബിസിനസ് മാതൃക നിരന്തരം മാറ്റത്തിന് വിധേയമായികൊണ്ടിരിക്കുകയാണ്. സാങ്കേതിക മേഖലയില്‍ ദ്രുതഗതിയിലുണ്ടാകുന്ന പരിവര്‍ത്തനം വാര്‍ത്താ വ്യവസായം ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ് ഗൂഗിളിന്റെ അഭിപ്രായം. നിക്ഷേപത്തിനു പുറമെ വാര്‍ത്താ മേഖലയുടെ അടിയന്തരാവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പരിശ്രമം കമ്പനി ശക്തിപ്പെടുത്തുമെന്നും ഗൂഗിള്‍ ചീഫ് ബിസിനസ് ഓഫീസര്‍ ഫിലിപ്പ്് ഷിന്‍ഡ്‌ലര്‍ പറഞ്ഞു. വികസനം, ശക്തിപ്പെടുത്തല്‍, ഗുണനിലവാരമുള്ള മാധ്യമപ്രവര്‍ത്തനം എന്നിങ്ങനെ പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്കാണ് ജിഎന്‍ഐ പ്രാധാന്യം നല്‍കുന്നത്. സുസ്ഥിരമായ വളര്‍ച്ചയ്ക്കും നൂതന സാങ്കേതികവിദ്യ വഴിയുള്ള വാര്‍ത്താ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും സഹായകമായ ബിസിനസ് മാതൃകകളിലാണ് ജിഎന്‍ഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മീഡിയ ഔട്ട്‌ലെറ്റുകളെ ഇന്നൊവേറ്റീവ് സാങ്കേതികവിദ്യകളുപയോഗിച്ച് പുതിയ ബിസിനസ് മാതൃകകള്‍ ആരംഭിക്കുന്നതിന് ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവ് (ജിഎന്‍ഐ) സഹായിക്കും

ഗൂഗിള്‍ ഇതിനുമുമ്പും മാധ്യമരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. പ്രസാധകര്‍ക്ക് വീഡിയോ വിതരണം ലളിതമാക്കാനും ചെലവ് കുറയ്ക്കാനും സഹായകരമായി മൊബീല്‍ വെബ്, യുടൂബ് പ്ലെയര്‍ എന്നിവയുടെ പരിഷ്‌കരണത്തിനായുള്ള ഓപ്പണ്‍-സോഴ്‌സ് ആക്‌സിലറേറ്റഡ് മൊബീല്‍ പേജ് പ്രൊജക്റ്റ് നടപ്പിലാക്കാന്‍ ഗൂഗിള്‍ മാധ്യമ മേഖലയുമായി സഹകരിച്ചിരുന്നു. ഗൂഗിളിലെ വാര്‍ത്താ ഉള്ളടക്കത്തെ കണ്ടെത്താന്‍ സഹായിക്കുന്നതിനായി ഫ്‌ളെക്‌സിബിള്‍ സാംപിളിംഗ്, ന്യൂസ്‌റൂമുകള്‍ക്ക് പരിശീലനവും എഡിറ്റോറിയല്‍ പങ്കാളിത്തവും നല്‍കുന്ന ഗൂഗിള്‍ ന്യൂസ് ലാബ്, യൂറോപ്യന്‍ വാര്‍ത്താ ബിസിനസ് മേഖലയില്‍ ഇന്നൊവേഷന്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന ഡിജിറ്റല്‍ ന്യൂസ് ഇനിഷ്യേറ്റീവ് എന്നിവയെല്ലാം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

കുറച്ചു വര്‍ഷങ്ങളായി പ്രസാധകരുമായി ചേര്‍ന്ന് വാര്‍ത്താ ഉള്ളടക്കങ്ങളുടെ കൃത്യതയും നിലവാരവും ഉറപ്പു വരുത്താനും അങ്ങനെ തെറ്റായ വാര്‍ത്തകള്‍ ഒഴിവാക്കാനും ഗൂഗിള്‍ ശ്രമിച്ചു വരുന്നുണ്ട്. തെരഞ്ഞെടുപ്പുകാല വാര്‍ത്തകളിലും ബ്രേക്കിംഗ് ന്യൂസുകളിലും കടന്നു കൂടുന്ന തെറ്റായ വാര്‍ത്തകള്‍ തടയുന്നതിനായി ഡിസ്ഇന്‍ഫോ ലാബ്, ഫസ്റ്റ് ഡ്രാഫ്റ്റ് സംവിധാനങ്ങളും ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. കൂടാതെ സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റി, പോയ്ന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ലോക്കല്‍ മീഡിയ അസോസിയേഷന്‍ എന്നിവരുമായി സഹകരിച്ച് യുവ ഉപഭോക്താക്കളുടെ ഡിജിറ്റല്‍ സാക്ഷരത വര്‍ധിപ്പിക്കാന്‍ മീഡിയവൈസ് എന്ന പദ്ധതിയും ഗൂഗിളിനുണ്ട്. വാര്‍ത്തകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും വാര്‍ത്താ അനുഭവം വര്‍ധിപ്പിക്കുന്നതിനും മാധ്യമപ്രവര്‍ത്തകരെ സൈബര്‍ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുമായി ഗൂഗിള്‍ ഇപ്പോഴും ലോകമെമ്പാടുമുള്ള മാധ്യമ കമ്പനിതകളുമായി സഹകരിക്കുന്നുണ്ട്.

Comments

comments

Categories: Business & Economy