പത്ത് നഗരങ്ങളില്‍ ഇലക്ട്രിക് ബസ്സുകള്‍ : ടാറ്റയും ഗോള്‍ഡ്‌സ്‌റ്റോണ്‍-ബിവൈഡിയും അശോക് ലെയ്‌ലാന്‍ഡും കരാര്‍ നേടി

പത്ത് നഗരങ്ങളില്‍ ഇലക്ട്രിക് ബസ്സുകള്‍ : ടാറ്റയും ഗോള്‍ഡ്‌സ്‌റ്റോണ്‍-ബിവൈഡിയും അശോക് ലെയ്‌ലാന്‍ഡും കരാര്‍ നേടി

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്‌സ്, ജെബിഎം സോളാറിസ് കമ്പനികള്‍ക്ക് നിരാശ

ന്യൂഡെല്‍ഹി : രാജ്യത്തെ പത്ത് നഗരങ്ങള്‍ക്ക് ടാറ്റ മോട്ടോഴ്‌സും ഗോള്‍ഡ്‌സ്‌റ്റോണ്‍-ബിവൈഡിയും അശോക് ലെയ്‌ലാന്‍ഡും ഇലക്ട്രിക് ബസ്സുകള്‍ വിതരണം ചെയ്യും. പത്തില്‍ ഒമ്പത് നഗരങ്ങളിലും ടാറ്റ മോട്ടോഴ്‌സിന്റെയും ഗോള്‍ഡ്‌സ്‌റ്റോണ്‍-ബിവൈഡിയുടെയും വൈദ്യുത ബസ്സുകള്‍ ഇനി സര്‍വീസ് നടത്തുന്നത് കാണാം. ഈ മൂന്ന് വാഹന നിര്‍മ്മാതാക്കള്‍ക്കാണ് ഇലക്ട്രിക് ബസ്സുകള്‍ വിതരണം ചെയ്യുന്നതിന് കരാര്‍ ലഭിച്ചിരിക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്‌സ്, ജെബിഎം സോളാറിസ് കമ്പനികള്‍ നിരാശരായി.

ഹൈദരാബാദ് ആസ്ഥാനമായ ഗോള്‍ഡ്‌സ്‌റ്റോണ്‍ ഇന്‍ഫ്രാടെക്, ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ബിവൈഡി എന്നിവയുടെ സംയുക്ത സംരംഭമാണ് ഗോള്‍ഡ്‌സ്‌റ്റോണ്‍-ബിവൈഡി. ബില്‍ഡ് യുവര്‍ ഡ്രീംസ് എന്നതിന്റെ ചുരുക്കെഴുത്താണ് ബിവൈഡി. വിപണി വിലയേക്കാള്‍ ഏകദേശം 30 ശതമാനം കുറച്ചാണ് ടാറ്റയും ഗോള്‍ഡ്‌സ്‌റ്റോണ്‍-ബിവൈഡിയും ക്വോട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയുടെ കുതിപ്പിന് ആക്കം കൂട്ടുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.

ബെംഗളൂരു, മുംബൈ, ഹൈദരാബാദ് നഗരങ്ങള്‍ക്ക് 290 ഇലക്ട്രിക് ബസ്സുകള്‍ വിതരണം ചെയ്യുന്നതിനുള്ള വിവിധ കരാറുകളാണ് ഗോള്‍ഡ്‌സ്‌റ്റോണ്‍-ബിവൈഡി സ്വന്തമാക്കിയത്. ചൈനയിലെ ടെസ്‌ല എന്നറിയപ്പെടുന്ന ബിവൈഡിയില്‍ അമേരിക്കന്‍ അതിസമ്പന്നനായ വാറന്‍ ബഫിറ്റ് നിക്ഷേപം നടത്തിയിട്ടുണ്ട്. ജയ്പുര്‍, ഇന്ദോര്‍, ലഖ്‌നൗ, കൊല്‍ക്കത്ത, ജമ്മു, ഗുവഹാത്തി എന്നീ ആറ് നഗരങ്ങള്‍ക്കാണ് ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് ബസ്സുകള്‍ നല്‍കുന്നത്. ഈ നഗരങ്ങളിലേക്കായി ആകെ 190 ഇലക്ട്രിക് ബസ്സുകള്‍ വിതരണം ചെയ്യും. അഹമ്മദാബാദ് നഗരത്തിന് അശോക് ലെയ്‌ലാന്‍ഡാണ് 40 ഇലക്ട്രിക് ബസ്സുകള്‍ നല്‍കുന്നത്.

കേന്ദ്ര ഘന വ്യവസായ മന്ത്രാലയത്തിന്റെ ഭാഗിക സാമ്പത്തിക സഹായത്തോടെയാണ് സ്വന്തം സംസ്ഥാനത്തെ നഗര ഗതാഗതത്തിനായി സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ ഇലക്ട്രിക് ബസ്സുകള്‍ വാങ്ങുന്നത്. പത്ത് നഗരങ്ങള്‍ക്കുവേണ്ടിയും ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. 700 ഇലക്ട്രിക് ബസ്സുകള്‍ വാങ്ങുന്നതിന് ഡെല്‍ഹി വൈകാതെ ടെന്‍ഡര്‍ വിളിക്കും. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് (ഹൈബ്രിഡ് &) ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (ഫെയിം ഇന്ത്യ) പദ്ധതി പ്രകാരമാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് അതാത് നഗരങ്ങള്‍ക്ക് 60 ശതമാനം സബ്‌സിഡി നല്‍കുന്നു. കരാറനുസരിച്ച് ചില നഗരങ്ങളില്‍ അതാത് കമ്പനികള്‍ തന്നെ ബസ്സുകള്‍ സര്‍വീസ് നടത്തേണ്ടതായി വരും.

കൊല്‍ക്കത്ത നഗരത്തിനായി 40 ബസ്സുകള്‍ വാങ്ങുന്ന വെസ്റ്റ് ബംഗാള്‍ ട്രാന്‍സ്‌പോര്‍ട്ട്് കോര്‍പ്പറേഷന് ഒരു ബസ്സിന് 77 ലക്ഷം രൂപ എന്ന വിലയിലാണ് ടാറ്റ മോട്ടോഴ്‌സ് വിതരണം ചെയ്യുന്നത്. 77 ലക്ഷം രൂപ മുതല്‍ 99 ലക്ഷം രൂപ വരെ വിലയിലാണ് ടാറ്റ മോട്ടോഴ്‌സ് വിവിധ മോഡലുകള്‍ നല്‍കുന്നത്. നിലവിലെ വിപണി വിലയനുസരിച്ച് 1.2 കോടിക്കും 1.7 കോടി രൂപയ്ക്കുമിടയില്‍ വില വരുന്ന മോഡലുകളാണ് ഇവ. സപ്ലൈ-ഓപ്പറേറ്റ് കരാറനുസരിച്ച് ബെംഗളൂരുവില്‍ സര്‍വീസ് നടത്തുന്നതിന് കിലോമീറ്ററിന് 29.28 രൂപയും ഹൈദരാബാദില്‍ 36 രൂപയും ഗോള്‍ഡ്‌സ്‌റ്റോണ്‍ -ബിവൈഡി ക്വോട്ട് ചെയ്തു.

വിപണി വിലയേക്കാള്‍ ഏകദേശം 30 ശതമാനം കുറച്ചാണ് ടാറ്റയും ഗോള്‍ഡ്‌സ്‌റ്റോണ്‍-ബിവൈഡിയും ക്വോട്ട് ചെയ്തിരിക്കുന്നത്

ഇലക്ട്രിക് ബസ്സുകളും ഇലക്ട്രിക് ടാക്‌സികളും ഇലക്ട്രിക് ഓട്ടോറിക്ഷകളും വാങ്ങുന്നതിന് പതിനൊന്ന് സംസ്ഥാനങ്ങള്‍ക്കായി 440 കോടി രൂപയാണ് 2017 ഡിസംബറില്‍ ഘന വ്യവസായ മന്ത്രാലയം അനുവദിച്ചത്. ഗുവാഹാത്തി, ജമ്മു നഗരങ്ങള്‍ 15 ബസ്സുകളും മറ്റ് നഗരങ്ങള്‍ 40 ബസ്സുകള്‍ വീതവുമാണ് വാങ്ങുന്നത്. എന്നാല്‍ ബെംഗളൂരു 150 ബസ്സുകള്‍ക്കാണ് ടെന്‍ഡര്‍ വിളിച്ചത്. ഹൈദരാബാദ് നഗരത്തിനായി തെലങ്കാന സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ 100 ഇലക്ട്രിക് ബസ്സുകളാണ് വാങ്ങുന്നത്.

Comments

comments

Categories: Auto