മരുന്ന് കഴിക്കാന്‍ മറന്നോ? ഓര്‍മിപ്പിക്കാന്‍ ‘കെയര്‍ഡോസ്’ റെഡി

മരുന്ന് കഴിക്കാന്‍ മറന്നോ? ഓര്‍മിപ്പിക്കാന്‍ ‘കെയര്‍ഡോസ്’ റെഡി

നിരവധി മരുന്നുകള്‍ ദീര്‍ഘകാലം കഴിക്കേണ്ട രോഗികള്‍ക്ക് ഒരു സഹായി എന്ന നിലയിലാണ് കെയര്‍ഡോസിന്റെ പ്രവര്‍ത്തനം. വീടുകളില്‍ മരുന്ന് കൃത്യമായി എടുത്തു നല്‍കാന്‍ ആളില്ലാത്തവരെയും മരുന്ന് കഴിക്കാന്‍ മറക്കുകയും ചെയ്യുന്ന മുതിര്‍ന്ന വ്യക്തികളെയാണ് ഇവര്‍ കൂടുതലായും ലക്ഷ്യമിടുന്നത്

സ്ഥിരമായി മരുന്ന് കഴിക്കുന്ന ആളാണോ നിങ്ങള്‍? ഓരോ മരുന്നും വലിയ സ്ട്രീപ്പുകളായി പഴ്‌സിലും മറ്റും സൂക്ഷിക്കാനും കൃത്യമായി ഓര്‍ത്തെടുക്കാനും ബുദ്ധിമുട്ടുന്നുണ്ടോ? ഉത്തരം അതെ എന്നാണെങ്കില്‍ കെയര്‍ഡോസ് എന്ന സ്മാര്‍ട്ട് ബോക്‌സ് ഉപകരണം സഹായിക്കാന്‍ തയാറാണ്. യഥാസമയം കഴിക്കേണ്ട മരുന്നുകളെല്ലാം ചെറിയ പായ്ക്കറ്റുകളായി ഇതില്‍ ഭദ്രമായിരിക്കും. മൊബീല്‍ അലേര്‍ട്ടിന്റെ സഹായത്തോടെ മരുന്ന് കഴിക്കാനുള്ള സമയം ഓര്‍മിപ്പിക്കുന്നതു കൂടാതെ മരുന്ന് തീരുന്നതിന് ദിവസങ്ങള്‍ക്കു മുമ്പായി പുതിയ റീഫില്‍ പായ്ക്കറ്റ് വീടുകളില്‍ എത്തുകയും ചെയ്യും. ഡല്‍ഹി ആസ്ഥാനമായ കെയര്‍ഡോസ് എന്ന മെഡിസിന്‍ മാനേജ്‌മെന്റ് സ്റ്റാര്‍ട്ടപ്പാണ് അവരുടെ കെയര്‍ഡോസ് സ്മാര്‍ട്ട് ഉല്‍പ്പന്നത്തിലൂടെ മെഡിക്കല്‍ രംഗത്ത് സജീവമാകുന്നത്.

നിരവധി വെല്ലുവിളികള്‍ നിറഞ്ഞ മേഖലയാണ് മെഡിക്കല്‍ രംഗം. പ്രത്യേകിച്ചും ഓരോ രോഗികളും കഴിക്കേണ്ട മരുന്നുകളുടേയും അവര്‍ക്കായി ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടേയും കാര്യത്തിലാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ വേണ്ടിവരാറുള്ളത്. സാധാരണഗതിയില്‍ ഡോക്റ്റര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി അനുസരിച്ച് മെഡിസിന്‍ യഥാക്രമം കഴിക്കുമ്പോഴേ അതിനാനുപാതികമായി രോഗശമനം ഉണ്ടാകൂ. ദീര്‍ഘകാലം കഴിക്കേണ്ട മരുന്നുകളില്‍ അവ കഴിക്കേണ്ട നിര്‍ദേശങ്ങള്‍ എത്ര പേര്‍ അനുസരിക്കുന്നുണ്ട്? ഒരു ചെറിയ പാകപ്പിഴപോലും നിരവധി പാര്‍ശ്വഫലങ്ങള്‍ രോഗികളില്‍ സൃഷ്ടിക്കുമെന്നിരിക്കെ ഈ ഭയാനക സാഹചര്യം പലരും സൗകര്യപൂര്‍വം വിസ്മരിക്കുകയാണ് പതിവ്. ഡോക്റ്റര്‍മാര്‍ക്കും ആരോഗ്യ മേഖലയിലെ അനുബന്ധ സേവനങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം സാഹചര്യങ്ങള്‍ക്കുള്ള പ്രതിവിധി എന്ന നിലയിലാണ് കെയര്‍ ഡോസിന്റെ മേഖലയിലേക്കുള്ള കടന്നുവരവ്. ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ തുടക്കമിട്ട കമ്പനി രണ്ടു വര്‍ഷത്തിനുള്ളില്‍ ആരോഗ്യ മേഖലയിലെ സജീവ സാന്നിധ്യമായി മാറിയത് രോഗികളോടുള്ള അവരുടെ ആത്മാര്‍ത്ഥ സമീപനം ഒന്നുകൊണ്ടുമാത്രമാണ്.

രോഗികളുടെ ഉത്തമ സഹായി

ഒരു വ്യക്തിക്ക് അവര്‍ കഴിക്കുന്ന മെഡിസിന്‍ സംബന്ധമായ എല്ലാതരത്തിലുമുള്ള മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്നതിനൊപ്പം അവരെ സ്ഥിരമായി മരുന്ന് കഴിക്കാന്‍ ഓര്‍മിപ്പിക്കുക കൂടി ചെയ്യുന്ന ഒരു മെഡിക്കല്‍ സംരംഭമാണ് കെയര്‍ഡോസ്. ഒരു രോഗിയുടെ ആരോഗ്യ കാര്യത്തിലുള്ള പരിപൂര്‍ണ പരിരക്ഷയ്ക്കാണ് കെയര്‍ഡോസ് മുന്‍തൂക്കം നല്‍കുന്നത്. സ്ഥിരമായി മരുന്നുകള്‍ കഴിക്കുന്നവരെ ലക്ഷ്യമാക്കിയുള്ള ഒരു സംരംഭമാണിത്. ഐഒടി അധിഷ്ഠിത സാങ്കേതിക വിദ്യയില്‍ തയാറാക്കിയ കെയര്‍ഡോസ് എന്ന ഉപകരണത്തിലൂടെ രോഗികള്‍ക്ക് അവര്‍ കഴിക്കേണ്ട മരുന്നിനെ കുറിച്ചുള്ള പ്രിസ്‌ക്രിപ്ഷനും കൃത്യമായ അളവുകളില്‍ ഗുളികകളും ചെറിയ ഫോയിലുകളില്‍ പായ്ക്ക് ചെയ്തു ലഭിക്കും. ഇതു കൂടാതെ മരുന്ന് കഴിക്കേണ്ടത് യഥാസമയം ഓര്‍മിപ്പിക്കുന്നതിനായി മൊബീല്‍ അലേര്‍ട്ടും ഇവര്‍ക്ക്് നല്‍കുന്നു. രോഗികളുടെയും അവര്‍ കഴിക്കുന്ന മരുന്നുകളുടെയും ഡാറ്റാ പ്രകാരം ഇവ തീരുന്നത് അനുസരിച്ച് കൃത്യമായി റീഫില്‍ പായ്ക്കുകള്‍ വീടുകളില്‍ എത്തിക്കാനുമുള്ള ഹൈടെക് രീതിക്കാണ് ഗൗരി ആന്‍ഗ്രിഷ് എന്ന 28കാരി കെയര്‍ഡോസിലൂടെ തുടക്കം കുറിച്ചത്. രോഗികളുടെ മരുന്നിന്റെ ലിസ്റ്റ് പ്രകാരം അവ മുന്‍കൂട്ടി തയാറാക്കി കെയര്‍ഡോസ് ഉപകരണത്തില്‍ സ്‌റ്റോര്‍ ചെയ്തുവെച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. വീടുകളില്‍ മരുന്ന് കൃത്യമായി എടുത്തു നല്‍കാന്‍ ആളില്ലാത്തവരെയും മരുന്ന് കഴിക്കാന്‍ മറക്കുകയും ചെയ്യുന്ന മുതിര്‍ന്ന വ്യക്തികളെ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവര്‍ത്തനം.

കെയര്‍ഡോസ് എന്ന ഉപകരണത്തിലൂടെ രോഗികള്‍ക്ക് കഴിക്കേണ്ട മരുന്നിനെ കുറിച്ചുള്ള പ്രിസ്‌ക്രിപ്ഷനും കൃത്യമായ അളവുകളില്‍ ഗുളികകളും ചെറിയ ഫോയിലുകളില്‍ പായ്ക്ക് ചെയ്തു ലഭിക്കും. ഇതു കൂടാതെ മരുന്ന് കഴിക്കേണ്ടത് യഥാസമയം ഓര്‍മിപ്പിക്കുന്നതിനായി മൊബീല്‍ അലേര്‍ട്ടും ഇവര്‍ക്ക് നല്‍കുന്നു

നിരവധി ആരോഗ്യ കേന്ദ്രങ്ങളിലെ കൃത്യതയാര്‍ന്ന ഡാറ്റകളുടെയും വിശകലനങ്ങളുടെയും സഹായത്തോടെയാണ് ഇവിടെ മെഡിക്കല്‍ സഹായം സാധ്യമാക്കിയിരിക്കുന്നത്. ഗൗരി ആന്‍ഗ്രിഷ്, കിന്‍ഷുക് കൊച്ചാര്‍, ശ്രീവത്സ സോമാനി എന്നിവരാണ് കെയര്‍ഡോസിന്റെ അണിയറപ്രവര്‍ത്തകര്‍.

മെഡിക്കല്‍ രംഗത്തെ വേറിട്ട സമീപനം

നോട്ടിംഗ്ഹാം സര്‍വകലാശാലയില്‍ നിന്നും ബയോടെക്‌നോളജി പഠിച്ചിറങ്ങിയ ഗൗരി ആരോഗ്യമേഖലയിലെ ബിസിനസ് വശങ്ങളിലേക്കു കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മക്കിന്‍സെ ആന്‍ഡ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. നിരവധി ഫാര്‍മ കമ്പനികളുമായി അടുത്തിടപഴകാനുള്ള സാഹചര്യം ഇവിടെ ലഭിക്കുകയുണ്ടായി. രോഗികളിലെ മെഡിസിന്‍ ഉപഭോഗത്തിലെ പാളിച്ചകളും പൊരുത്തക്കേടുകളും മേഖലയില്‍ ഇന്നും പരിഹരിക്കപ്പെടാത്ത പ്രശ്‌നമായി നിലകൊള്ളുന്നതായി ഇവിടെ നിന്നും ഗൗരി മനസിലാക്കി. മെഡിക്കല്‍ രംഗത്തെ ഈ വിടവ് നികത്തുക എന്ന തീരുമാനത്തിലുറച്ച് 2013 ജോലി ഉപേക്ഷിച്ച ഗൗരി മേഖലയെ കുറിച്ച് കൂടുതല്‍ അറിയാനും ഉപഭോക്താക്കളില്‍ അവബോധം ജനിപ്പിക്കുന്നതിനായി കെയര്‍ ഡോസിന്റെ ആദ്യപടിയെന്നോണം ഒരു റീട്ടെയ്ല്‍ ഫാര്‍മസിക്കു തുടക്കം കുറിച്ചു. പിന്നീട് മെഡിസിന്‍ മാനേജ്‌മെന്റ് വെഞ്ച്വര്‍ എന്ന നിലയില്‍ 2016 ലാണ് കെയര്‍ഡോസിന് രൂപം നല്‍കിയത്.

മെഷീന്‍ സാങ്കേതികവിദ്യ സജീവമായ കാലത്ത് പുതിയ ടെക്‌നോളജിയിലൂടെ ആരോഗ്യരംഗത്ത് സമൂലമായ ഒരു മാറ്റമാണ് കെയര്‍ഡോസ് നടപ്പാക്കുന്നത്. 2017 ലാണ് ഗൗരിയുടെ കെയര്‍ ഡോസിനൊപ്പം കിന്‍ഷുക് കൊച്ചാര്‍, ശ്രീവത്സ സോമാനി എന്നിവര്‍ സഹസ്ഥാപകരായി ചേര്‍ന്നത്. 2017ല്‍ നാസ്ഡാക്ക് എന്‍ട്രപ്രണേറിയല്‍ സെന്ററിലെ മൈല്‍സ്റ്റോണ്‍ മേക്കര്‍ പ്രോഗ്രാമിലേക്ക് ഗൗരി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സഹസ്ഥാപകര്‍ കെയര്‍ഡോസിനൊപ്പം ചേര്‍ന്നത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും എംബിഎ ബിരുദം നേടിയ കിന്‍ഷുക് കെയര്‍ഡോസിന്റെ സിഒഒ ആയി പ്രവര്‍ത്തിക്കുന്നു. പെന്‍സില്‍വാനിയ സ്റ്റേറ്റ് സര്‍വകലാശാലയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്രീവാസ്തവ കെയര്‍ഡോസിലെ ചീഫ് ടെക്‌നോളജി ഓഫീസര്‍ കൂടിയാണ്. നിലവില്‍ ഒമ്പതു പേരടങ്ങിയ സംഘമാണ് കെയര്‍ഡോസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ഐഒടി അധിഷ്ഠിത വിതരണശൃംഖല

കെയര്‍ഡോസ് ഉപകരണങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ (മള്‍ട്ടിഡോസ് പാക്കേജിംഗ്, ട്രാക്കിംഗ്, അലേര്‍ട്ട്, മെഡിസിന്‍ റീഫില്‍) ആശുപത്രി ശൃംഖലകളുമായി രോഗികളുടെ കൃത്യമായ മെഡിക്കല്‍ ഡാറ്റാ വിശകലനം എന്നീ പ്രവര്‍ത്തനങ്ങളിലൂടെയാണ് കെയര്‍ഡോസ് പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. ദീര്‍ഘ കാലയളവില്‍ മരുന്ന് കഴിക്കുന്ന 50 ല്‍ പരം രോഗികളിലായി 11 തരം മെഡിസിനുകളുമായി തുടക്കം കുറിച്ച കമ്പനി ഇപ്പോള്‍ ആരോഗ്യ പരിരക്ഷയുടെ കാര്യത്തില്‍ മേഖലയില്‍ കൂടുതല്‍ സജീവമാകുന്നുണ്ട്. ഡെല്‍ഹിക്കു പുറമെ കൂടുതല്‍ നഗരങ്ങളിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍ കമ്പനി.

Comments

comments