വയല്‍ക്കിളി സമരത്തെ അനുകൂലിച്ച് മേധാ പട്കര്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍

വയല്‍ക്കിളി സമരത്തെ അനുകൂലിച്ച് മേധാ പട്കര്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍

കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ദേശീയപാത ബൈപാസ് നിര്‍മിക്കുന്നതിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ സിപിഎമ്മും പൊലീസും ചേര്‍ന്നു പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് മേധ പട്കര്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഭരണമുള്ളിടത്തു വേട്ടക്കാരനൊപ്പവും ഭരണമില്ലാത്തിടത്ത് ഇരകള്‍ക്കൊപ്പവും എന്ന സിപിഎമ്മിന്റെ കാപട്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നു മേധ പട്കര്‍, എം.ജി.എസ്.നാരായണന്‍, സാറാ ജോസഫ്, സിനിമാതാരങ്ങളായ ശ്രീനിവാസന്‍, ജോയ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള മുപ്പത്തിരണ്ടോളം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒപ്പിട്ടു പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിക്കുന്നു. മഹാരാഷ്ട്രയില്‍ ഐതിഹാസികമായ ലോങ് മാര്‍ച്ചിലൂടെ കര്‍ഷകരിലും ആദിവാസികളിലും പ്രതീക്ഷയുണര്‍ത്തിയ അതേ പാര്‍ട്ടി കേരളത്തില്‍ ഭൂമാഫിയയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. കടുത്ത ചൂടും കുടിവെള്ളക്ഷാമവും നേരിടുന്ന കേരളത്തില്‍ പ്രാദേശിക പരിസ്ഥിതിയെയും കാലാവസ്ഥയെയും ദോഷകരമായി ബാധിക്കുന്ന രീതിയില്‍ ഭൂമിയുടെ ഘടന മാറ്റിമറിക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് കൊണ്ടു വരുന്നത്. ഇതാണ് കീഴാറ്റൂരിലെ കര്‍ഷകര്‍ എതിര്‍ക്കുന്നത്.

എം.എന്‍.കാരശ്ശേരി, സിവിക് ചന്ദ്രന്‍, എം.ഗീതാനന്ദന്‍, പുരുഷന്‍ ഏലൂര്‍, റഫീഖ് അഹമ്മദ്, കല്‍പ്പറ്റ നാരായണന്‍, യു.കെ.കുമാരന്‍, സി.ആര്‍.പരമേശ്വരന്‍, കെ.വേണു, വി.ടി.ജയദേവന്‍, ഡോ. ടി.വി.സജീവ്, എ.ശ്രീധരന്‍, ഡോ. എസ്.ഉഷ, കുസുമം ജോസഫ്, വിളയാടി വേണുഗോപാല്‍ തുടങ്ങിയ പ്രമുഖരാണ് കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഒപ്പുവച്ചത്.

 

 

 

Comments

comments

Categories: FK News