സൗദി അറേബ്യയില്‍ ആദ്യ ഡിജെ പാര്‍ട്ടി

സൗദി അറേബ്യയില്‍ ആദ്യ ഡിജെ പാര്‍ട്ടി

ഡിജെ അര്‍മിന്‍ വന്‍ ബൂറെന്‍ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയില്‍ ജൂണ്‍ 17ന് പറന്നെത്തും

റിയാദ്: ലോകപ്രശസ്തനായ ഡിജെ അര്‍മിന്‍ വന്‍ ബൂറെന്‍ സൗദിയിലെത്തുന്നു. സാംസ്‌കാരിക മാറ്റത്തിന്റെ പാതയിലുള്ള സൗദിയില്‍ ആദ്യമായി ഡിജെ പാര്‍ട്ടി നടക്കുന്നതിന്റെ ഭാഗമായാണ് അര്‍മിന്‍ എത്തുന്നത്. കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയില്‍ ജൂണ്‍ 17നാണ് ഡിജെ പാര്‍ട്ടി നടക്കുക. കൂടുതല്‍ തുറന്ന സമൂഹമായി സൗദി മാറുന്നതിന്റെ ഭാഗമായാണ് വിനോദരംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്.

സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജ്യത്ത് നടപ്പിലാക്കുന്ന സാമൂഹ്യ, സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചരിത്രപരമായ മാറ്റങ്ങളാണ് പ്രാവര്‍ത്തികമാകുന്നത്.

സൗദി സമൂഹത്തില്‍ നടക്കുന്ന നിര്‍ണായകമായ ഉദാരവല്‍ക്കരണമെന്നാണ് മാറ്റങ്ങളെ രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്

പ്രശസ്തമായ ഡിജെ മാസിക അഞ്ച് തവണ നമ്പര്‍ വണ്‍ ഡിജെ ആയി തെരഞ്ഞെടുത്തിട്ടുള്ള സെലിബ്രിറ്റിയാണ് ഡച്ച് പൗരനായ വാന്‍ ബൂറെന്‍. സൗദി അറേബ്യയുടെ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റിയുടെ പിന്തുണയോടെ ബ്രാക്കറ്റ്‌സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനു പിന്നാലെ നിരവധി കണ്‍സര്‍ട്ടുകള്‍, കോമിക്ക് കോണ്‍ ഫെസ്റ്റിവല്‍, മിക്‌സഡ് ജെന്‍ഡര്‍ നാഷണല്‍ ഡേ സെലിബ്രേഷന്‍ തുടങ്ങി നിരവധി പരിപാടികളാണ് സൗദിയില്‍ അരങ്ങേറാനിരിക്കുന്നത്.

അടുത്തിടെയാണ് പതിറ്റാണ്ടുകള്‍ നീണ്ട സിനിമാ വിലക്ക് സൗദി നീക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനെത്തുടര്‍ന്ന് 300 തിയറ്ററുകള്‍ 2030 ആകുമ്പോഴേക്കും രാജ്യത്ത് തുറക്കുമെന്നാണ് പ്രതീക്ഷ. ജൂണ്‍ മുതല്‍ വനിതകള്‍ക്ക് സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള സാഹചര്യവുമുണ്ടാകും. സൗദി സമൂഹത്തില്‍ നടക്കുന്ന നിര്‍ണായകമായ ഉദാരവല്‍ക്കരണമെന്നാണ് മാറ്റങ്ങളെ രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്.

Comments

comments

Categories: Arabia