തൊഴില്‍ശക്തി വര്‍ധിപ്പിക്കാന്‍ 7.5 % വളര്‍ച്ച രാജ്യത്തിന് മതിയാകില്ലെന്ന് രഘുറാം രാജന്‍

തൊഴില്‍ശക്തി വര്‍ധിപ്പിക്കാന്‍ 7.5 % വളര്‍ച്ച രാജ്യത്തിന് മതിയാകില്ലെന്ന് രഘുറാം രാജന്‍

രാജ്യത്തെ പരിഷ്‌കരണ നടപടികള്‍ മുന്നോട്ടു പോകുന്നത് മന്ദ ഗതിയില്‍

ന്യൂഡെല്‍ഹി: പ്രതിവര്‍ഷം 1.2 കോടി ജനങ്ങളെ ഇന്ത്യയുടെ തൊഴില്‍ ശക്തിയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനായി 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച മതിയാകില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മുന്‍ ഗവര്‍ണര്‍ റഘുറാം രാജന്‍. ഇരട്ടയക്കത്തിലുള്ള വളര്‍ച്ച അനിവാര്യമാണെന്നും സമീപഭാവിയില്‍ ഇന്ത്യക്ക് 10 ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍ സാധിക്കുമെന്നും അമേരിക്കന്‍ മാധ്യമമായ സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 2013 സെപ്റ്റംബര്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെയാണ് രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവി വഹിച്ചിരുന്നത്. നിലവില്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ച് വരികയാണ്.

അടിസ്ഥാന സൗകര്യം, ബിസിനസ് സൗഹാര്‍ദം തുടങ്ങിയവയിലെ നവീകരണങ്ങള്‍ രാജ്യത്ത് സംഭവിക്കുന്നത് മന്ദഗതിയിലാണ്. രാഷ്ട്രീയമായ ഭിന്നതകളാണ് പലപ്പോഴും കാലതാമസത്തിന് കാരണമാകുന്നത്. എന്നാല്‍ വലിയൊരു വിഭാഗം യുവജനത രാജ്യത്തിനുള്ളതിനാലും ലോകം മാറ്റത്തിന്റെ പാതയിലായതിനാലും നവീകരണങ്ങള്‍ വേഗത്തിലാക്കേണ്ടത് അനിവാര്യമാണെന്നും രാജന്‍ കൂട്ടിച്ചേര്‍ത്തു.

ചരക്ക് സേവന നികുതി, നോട്ട് അസാധുവാക്കല്‍ എന്നിവയുടെ നടപ്പിലാക്കല്‍, പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്താനുള്ള പദ്ധതി തുടങ്ങിയ ഘടനാപരമായ പരിഷ്‌കരണ നടപടികള്‍ക്ക് ചില പ്രതികൂലമായ അനന്തരഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തി വരികയാണ്. വന്‍തോതില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് 10 മുതല്‍ 20 വര്‍ഷം വരെ ഇന്ത്യയ്ക്ക് വേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടിസ്ഥാന സൗകര്യ വികസനം, ബിസിനസ് സൗഹാര്‍ദം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം തുടങ്ങിയവയുടെ ഗുണനിലവാരത്തലില്‍ രാജ്യം ഇനിയും പുരോഗതി കൈവരിക്കാനുണ്ടെന്നാണ് രാജന്‍ നിരീക്ഷിക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പ് വരെ പരിഷ്‌കരണ നടപടികളില്‍ വലിയ മുന്നേറ്റം ഉണ്ടാവില്ല. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം പരിഷ്‌കരണ നടപടികളുടെ വേഗത വര്‍ധിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 10 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും രഘുറാം രാജന്‍ പറഞ്ഞു.

Comments

comments

Categories: Business & Economy