ന്യൂകാസില്‍ ക്ലബിനെയും ക്രിസ്റ്റ്യാനോയേയും സ്വന്തമാക്കാന്‍ ബോക്‌സിംഗ് താരം മെയ്‌വെതര്‍

ന്യൂകാസില്‍ ക്ലബിനെയും ക്രിസ്റ്റ്യാനോയേയും സ്വന്തമാക്കാന്‍ ബോക്‌സിംഗ് താരം മെയ്‌വെതര്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് ന്യൂകാസില്‍ യുണൈറ്റഡിനെ സ്വന്തമാക്കാന്‍ അമേരിക്കന്‍ പ്രൊഫഷണല്‍ ബോക്‌സിംഗ് ഇതിഹാസം ഫ്‌ളോയ്ഡ് മെയ്‌വെതര്‍ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. വ്യവസായ സാമ്രാജ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മെയ്‌വെതറിന്റെ പുതിയ നീക്കമെന്നാണറിയുന്നത്. ന്യൂകാസില്‍ ഉടമയായ മൈക്ക് ആഷ്‌ലി ക്ലബ് വില്‍ക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് മെയ്‌വെതര്‍ ഫുട്‌ബോള്‍ താത്പര്യവുമായി രംഗത്തെത്തിയത്. ക്ലബ് വാങ്ങുകയാണെങ്കില്‍ റയല്‍ മാഡ്രിഡിലെ സൂപ്പര്‍ താരവും സുഹൃത്തുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിക്കാനും ബോക്‌സിംഗ് താരത്തിന് പദ്ധതിയുണ്ട്. ന്യൂകാസില്‍ നഗരത്തോടുള്ള താരത്തിന്റെ വ്യക്തിപരമായ ഇഷ്ടവും ഇവിടുത്തെ ഫുട്‌ബോള്‍ ക്ലബ് സ്വന്തമാക്കുന്നതിന് മെയ്‌വെതറിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

ന്യൂകാസില്‍ യുണൈറ്റഡ് ക്ലബിനെ സ്വന്തമാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിന് ശേഷം, തനിക്ക് എല്ലാ കായിക ഇനങ്ങളും ഇഷ്ടമാണെന്ന് അറിയിച്ച മെയ്‌വെതര്‍ പുതിയ ബിസിനസുകള്‍ക്കായി പലപ്പോഴും പണം മുടക്കാറുണ്ടെന്നും എന്നാല്‍ ഹൃദയം കൊണ്ട് കാശ് മുടക്കിയാല്‍ നഷ്ടമാകുമെന്നതിനാല്‍ ബുദ്ധിപൂര്‍വം മാത്രമേ അത്തരം കാര്യങ്ങള്‍ ചെയ്യാറുള്ളൂവെന്നും വ്യക്തമാക്കി. പ്രൊഫഷണല്‍ ബോക്‌സിംഗ് കരിയറില്‍ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ലാത്ത ഫ്‌ളോയ്ഡ് മെയ്‌വെതര്‍ ലോകത്ത് ഏറ്റവുമധികം തുക പ്രതിഫലമായി കൈപ്പറ്റുന്ന കായിക താരങ്ങളില്‍ ഒരാള്‍ കൂടിയാണ്.

 

Comments

comments

Categories: Top Stories