എസി വിപണി വളര്‍ച്ച  ഇടിയും: ബി ത്യാഗരാജന്‍

എസി വിപണി വളര്‍ച്ച  ഇടിയും: ബി ത്യാഗരാജന്‍

ഊര്‍ജ കാര്യക്ഷമതാ അളവുകോലുകള്‍ പുതുക്കിയത് എസി വില നാല് മുതല്‍ ആറ് ശതമാനം വരെ വര്‍ധിപ്പിച്ചു

കൊച്ചി: 2018ല്‍ ഇന്ത്യന്‍ എയര്‍കണ്ടീഷണര്‍ വിപണിയുടെ വളര്‍ച്ച 15 മുതല്‍ 20 ശതമാനം എന്നതിലേക്ക് താഴുമെന്ന് ബ്ലൂസ്റ്റാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ബി ത്യാഗരാജന്‍. ഊര്‍ജ കാര്യക്ഷമതാ ലേബലുകളില്‍ വന്ന മാറ്റങ്ങളും അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയും മേഖലയെ പിന്നോട്ടടിച്ചേക്കുമെന്നും ഒരു പ്രമുഖ സാമ്പത്തിക ദിനപത്രത്തിനോട് അദ്ദേഹം പറഞ്ഞു.

ജനുവരി മുതല്‍ ഊര്‍ജ കാര്യക്ഷമതാ അളവുകോലുകള്‍ പുതുക്കിയത് എസി വില നാല് മുതല്‍ ആറ് ശതമാനം വരെ വര്‍ധിപ്പിച്ചു. സ്റ്റീല്‍, കോപ്പര്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതും ഉപഭോക്താക്കള്‍ക്കു മേലുള്ള ഭാരം ഉയര്‍ത്തി- ത്യാഗരാജന്‍ പറഞ്ഞു. തത്ഫലമായി ഈ വര്‍ഷത്തെ വളര്‍ച്ചാ പ്രതീക്ഷ 20 മുതല്‍ 25 ശതമാനം എന്നതില്‍ നിന്ന് കുറയ്‌ക്കേണ്ടിവരും. എന്നിരുന്നാലും വേനലിന്റെ കാഠിന്യം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട വളര്‍ച്ച ഉറപ്പു വരുത്തുമെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. ജിഎസ്ടിയും നോട്ട് അസാധുവാക്കലും നിഷ്പക്ഷമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. 2017ല്‍ റൂം എസി വിപണി 10 ശതമാനം വളര്‍ന്നു. ഞങ്ങളുടെ വളര്‍ച്ച 15 ശതമാനമായിരുന്നു- ത്യാഗരാജന്‍ പറഞ്ഞു.

ജമ്മുവില്‍ പുതിയ ഫാക്റ്ററി സ്ഥാപിക്കുന്ന പദ്ധതി കമ്പനി ഉപേക്ഷിച്ചേക്കും

നിലവില്‍ അഞ്ച് ഉല്‍പ്പാദന യൂണിറ്റുകളുള്ള കമ്പനി ജമ്മുവില്‍ പുതിയ ഫാക്റ്ററി സ്ഥാപിക്കുന്ന പദ്ധതി ഉപേക്ഷിച്ചേക്കും. ജിഎസ്ടി നടപ്പിലാക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരിലെ എക്‌സൈസ് തീരുവയുടെ കാര്യത്തില്‍ ഉറപ്പില്ലാത്തതാണ് ഈ തീരുമാനത്തിനു പിന്നില്‍. എന്നാല്‍ ശ്രീ സിറ്റിയില്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകും. ഇരു പദ്ധതികള്‍ക്കുമായുള്ള 200 കോടി രൂപയുടെ നിക്ഷേപം നിലനിര്‍ത്തുമെന്നും ത്യാഗരാജന്‍ അറിയിച്ചു.

ഇന്ത്യയിലെ വിപണി വിഹിതം നിലവിലെ 11.5 ശതമാനത്തില്‍ നിന്നും ഈ വര്‍ഷം 12.5 ശതമാനത്തിലേക്ക് ഉയര്‍ത്താമെന്നാണ് ബ്ലൂസ്റ്റാര്‍ കണക്കുകൂട്ടുന്നത്.

Comments

comments

Categories: Business & Economy