കേരളത്തിന്റെ കടബാധ്യത 2,09,286 കോടി

കേരളത്തിന്റെ കടബാധ്യത 2,09,286 കോടി

തിരുവനന്തപുരം : കേരളത്തിന്റെ കടബാധ്യത 2,09,286 കോടി രൂപയായി ഉയര്‍ന്നു. ജനുവരി അവസാനം വരെയുള്ള കണക്കനുസരിച്ച് കേരളത്തിലെ ഓരോ ആളിന്റെയും കടബാധ്യത 60,950.59 രൂപയാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ചെലവുകള്‍ക്കായി 2018-19 സാമ്പത്തികവര്‍ഷം 25,985 കോടി രൂപയാണ് പൊതുവിപണിയില്‍നിന്നു വായ്പ എടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 29,083.54 കോടി രൂപയാണ് വായ്പയെടുത്തിട്ടുള്ളത്.

കടമായി ഇതുവരെ 12.307 കോടിയും സ്‌മോള്‍ സേവിങ്‌സ്, പ്രോവിഡന്റ് ഫണ്ട് എന്നിവയിലൂടെ 8,939 കോടി രൂപയും സര്‍ക്കാരിനു ലഭിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 54,843 കോടി രൂപയാണ് കടമെടുത്തത്. സംസ്ഥാന ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നു ശതമാനമാണ് വാര്‍ഷിക കടമെടുപ്പ് പരിധി. ഈ സാമ്പത്തിക വര്‍ഷം 20,402 കോടി രൂപയാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. സാമ്പത്തിക ദുരുപയോഗവും ശമ്പളത്തിനും പെന്‍ഷനുമായി വലിയ തുക നീക്കിവയ്‌ക്കേണ്ടി വരുന്നതുമാണ് പ്രതിസന്ധിയുടെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണത്തോടെ വര്‍ഷത്തില്‍ 7,600 കോടി രൂപയാണ് സംസ്ഥാനത്തിന് അധികമായി കണ്ടെത്തേണ്ടത്. ആകെ ചെലവിന്റെ 45 ശതമാനമാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളത്തിനും പെന്‍ഷനുമായി നീക്കിവയ്ക്കുന്നത്. ഏകദേശം 48,968 കോടി രൂപ. ശമ്പളത്തിന് 31,903 കോടിയും പെന്‍ഷന് 17,065 കോടി വീതവും. മുമ്പ് കടം വാങ്ങിയിരുന്നത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ കടം വാങ്ങുന്നത് നിത്യചെലവുകള്‍ക്കും കടം വീട്ടാനുമാണ്. പലിശ കൊടുക്കാന്‍പോലും കടം വാങ്ങുന്ന അവസ്ഥ. ഇങ്ങനെ കടം പെരുകുന്നത് സംസ്ഥാനത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് അനാവശ്യ ചെലവുകള്‍ കുറച്ച് വരുമാനത്തിനു പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുക തന്നെ വേണമെന്ന് അഞ്ചാം ധനകാര്യ കമ്മിഷന്‍ അധ്യക്ഷന്‍ ബി.എ. പ്രകാശ് പറയുന്നു.

 

Comments

comments

Categories: Business & Economy