കേരളത്തിന്റെ വരുകാല പ്രതീക്ഷയായ പുഷ്പ കൃഷിയെ പോത്സാഹിപ്പിക്കും വിധമാണ് കേരള കാര്‍ഷിക സര്‍വ്വകാലാശാലയും കാര്‍ഷിക ഗവേഷണ കേന്ദ്രവും ഈയിടെ നടത്തിയ അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് സജീകരിച്ചത്. ഫെസ്റ്റിന്റെ ഭാഗമായി അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കിയ ഇരുപതോളം സ്റ്റാളുകളില്‍ പ്രദര്‍ശനത്തിന് എത്തിയവരെ അത്ഭുതപ്പെടുത്തി കൊണ്ട് വിരിഞ്ഞു നിന്നത് 500 ല്‍ പരം വ്യത്യസ്ത ഓര്‍ക്കിഡുകളാണ്. സിക്കിമില്‍ നിന്നുള്ള ഓര്‍ക്കിഡുകളാണ് പ്രദര്‍ശനത്തിലെ താരങ്ങളായത്. ജൈവ സംസ്ഥാനമായ സിക്കീമില്‍ ആണ് ഏറ്റവുമധികം ഓര്‍ക്കിഡുകളുടെ ഉത്പാദനം നടക്കുന്നത്. അവിടെ 70 ശതമാനം വരുമാനവും അവര്‍ ഉണ്ടാക്കുന്നത് ഓര്‍ക്കിഡ് കൃഷിയിലൂടെയാണ്. അതില്‍ കൂടുതലും കൃഷി ചെയ്യുന്നത് സ്ത്രീകളാണെന്നതും ഒരു പ്രത്യേകതയാണ്. മേളയില്‍ സിക്കീമില്‍ നിന്നെത്തിയ 60 ഓളം ഓര്ക്കിഡുകള്ക്കാണ് ഏറ്റവുമധികം വില്‍പ്പന നടന്നത്.
ആകൃതിയിലും വര്‍ണത്തിലും ഭംഗിയിലും വൈവിധ്യങ്ങള്‍ ഉണ്ടെങ്കിലും ഓര്‍ക്കിഡുകള്‍ക്ക് സാധാരണ സുഗന്ധം കുറവാണ്. എന്നാല്‍ അമ്പലവയലില്‍ നടന്ന അന്താരാഷ്ട്ര ഓര്‍ക്കിഡ് മേളയില്‍ സുഗന്ധമുള്ള പത്തിനം ഓര്‍ക്കിഡുകള്‍ സന്ദര്‍ശകര്‍ക്ക് നല്‍കിയത് അപൂര്‍വ്വ അനുഭവമാണ്. വെള്ളാനിക്കര കാര്‍ഷിക കോളജില്‍ നിന്നുമാണ് ഇവ ഇവിടേയ്ക്ക് എത്തിയത്. ഫ്രാഗന് വെഡാസ് ഇനത്തില്‍ പെട്ടവയും വന്യ വിഭാഗത്തില്‍ പെട്ടവയും കാറ്റലിയാസ് വിഭാഗത്തില്‍ പെട്ടവയുമാണ് വെള്ളാനിക്കര കാര്‍ഷിക കോളജില്‍ പ്രധാനമായും ഉള്ളവ. ഓര്‍ക്കിഡ് പൂക്കളിലെ മുഖ്യ ഇനങ്ങളായ സിസാര്‍ പിങ്ക്, വൈറ്റ് കേപ് ഓറഞ്ച്, പിങ്ക് വാനില, സോണിയ, യെലോ പര്‍പ്പിള്‍ പിങ്ക് സ്പോട്ട്, കാലിക്സോ, ജൈലാക് വൈറ്റ് എന്നിവയും മേളയിലെ മുഖ്യ ആകര്‍ഷണങ്ങളായിരുന്നു. മുമ്പ് വന്‍കിടക്കാര്‍ മാത്രം ഉപയോഗിച്ചിരുന്ന അലങ്കാരപ്പൂക്കളും ചെടികളും ഇന്ന് ചെറുകിട ആളുകളില്‍ പോലും വ്യാപിച്ചിരുക്കുന്നു, ഇടത്തരക്കാരില്‍ പൂക്കളോടുള്ള ഭ്രമം വര്‍ദ്ധിച്ചത് ഈ മേഖലയിലെ കര്‍ഷകര്‍ക്കും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. മുറിക്കുള്ളിലും ടെറസിലും മുറ്റത്തുമെല്ലാം എളുപ്പത്തില്‍ നടത്താവുന്ന കൃഷിയായതിനാല്‍ ഓര്ക്കിഡുളും മറ്റും അനന്ത സാധ്യതകളാണ് ഒരുക്കുന്നത്. പൂ കൃഷിയെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വരും നാളുകളിലും വ്യത്യസ്ത തരത്തിലുള്ള പൂ പ്രദര്‍ശന മേളകള്‍ സംഘടിപ്പിക്കാന്‍ തയ്യാറാവുമെന്ന് കോ- കണ്‍വീനര്‍ ഡോ. പി രാജേന്ദ്രന് പറഞ്ഞു. വയനാടിലെ പൂക്കൃഷി മേഖലയാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഓര്‍ക്കിഡ് ഫെസ്റ്റ് സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.