ലോകബാങ്കിന്റെ വിമര്‍ശനം ഉള്‍ക്കൊള്ളാം

ലോകബാങ്കിന്റെ വിമര്‍ശനം ഉള്‍ക്കൊള്ളാം

ലോകത്തെ ഏറ്റവും സങ്കീര്‍ണമായ നികുതി സംവിധാനമാണ് ഇന്ത്യയിലേതെന്ന ലോകബാങ്കിന്റെ വിമര്‍ശനത്തെ ഉള്‍ക്കൊള്ളുകയാണ് നല്ലത്. ജിഎസ്ടി നിരക്കുകളില്‍ ചില ഏകീകരണങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്

ലോകത്തിലെ ഏറ്റവും സങ്കീര്‍ണമായ നികുതി സംവിധാനം ഇന്ത്യയിലാണെന്നാണ് അടുത്തിടെ ലോകബാങ്ക് ചൂണ്ടിക്കാണിച്ചത്. ജിഎസ്ടി (ഏകീകൃത ചരക്ക് സേവന നികുതി)യെ സംബന്ധിച്ച് തീര്‍ത്തും ക്രിയാത്മകമായ വിമര്‍ശനം തന്നെയാണ് ലോകബാങ്ക് നടത്തിയിരിക്കുന്നത്. ഒരു രാഷ്ട്രം ഒരു നികുതിയെന്ന ഉദാത്തമായ സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ജിഎസ്ടി അവതരിപ്പിച്ചത്. അത് തീര്‍ത്തും മികച്ച തീരുമാനവുമായി. എന്നാല്‍ നികുതിനിരക്കിലെ സങ്കീര്‍ണതകള്‍ കുറയ്‌ക്കേണ്ടതു തന്നെയാണ്. നിലവിലുള്ളത് നാല് നിരക്കുകള്‍, നിരവധി ഉള്‍പ്പന്നങ്ങള്‍ക്ക് നികുതിയില്ല, സ്വര്‍ണത്തിന് പ്രത്യേക നിരക്ക്. ജനജീവിതത്തോട് വളരെ അടുത്ത് നില്‍ക്കുന്ന പെട്രോളിയം, ഇലക്ട്രിസിറ്റി, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയവ ജിഎസ്ടിയുടെ പരിധിയില്‍ വരികയുമില്ല. ഇതിന് പുറമെ സെസ്സും. ഇങ്ങനെ അല്‍പ്പം സങ്കീര്‍ണം തന്നെയാണ് നമ്മുടെ നികുതി സംവിധാനങ്ങള്‍.

ലോകത്തിലെ രണ്ടാമത്തെ ഉയര്‍ന്ന നികുതി നിരക്കാണ് ഇന്ത്യയുടെ ടോപ് ജിഎസ്ടി സ്ലാബിലേത്. ഒരേരീതിയിലുള്ള പരോക്ഷ നികുതി സംവിധാനം പിന്തുടരുന്ന 115 രാജ്യങ്ങളുടെ നികുതി ഘടനകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോക ബാങ്കിന്റെ ഈ വിലയിരുത്തല്‍ വന്നത്. നികുതി നിരക്ക് സംബന്ധിച്ച ആശയക്കുഴപ്പങ്ങളും സങ്കീര്‍ണതകളും ഒഴിവാക്കുന്നതിന് വ്യവസ്ഥാപിത രീതിയില്‍ ജിഎസ്ടി നടപ്പാക്കണമെന്നാണ് ലോക ബാങ്ക് നിര്‍ദേശിക്കുന്നത്.

0%, 5%, 12%, 18%, 28% എന്നിങ്ങനെയാണ് ഇന്ത്യയുടെ ജിഎസ്ടി സ്ലാബുകള്‍. ഇതില്‍ 12 ശതമാനവും 18 ശതമാനവും ലയിപ്പിച്ച് ഒരു നിരക്കാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നികുതി സംവിധാനം ലളിതമാക്കുകയാണെന്ന ഉദ്ദേശ്യത്തിലാണല്ലോ ജിഎസ്ടി ആവിഷ്‌കരിച്ചത്. അപ്പോള്‍ എന്തിനാണി ഇത്രയധികം സ്ലാബുകള്‍ എന്നതാണ് പ്രശ്‌നം. മാത്രമല്ല ഇത് ജിഎസ്ടിയുടെ ഗുണം സാധാരണക്കാരിലേക്ക് പകരുന്നതിന് തടസമാവുകയും ചെയ്യുന്നുണ്ട്.

ജിഎസ്ടി സംവിധാനത്തിലേക്ക് പൂര്‍ണമായുള്ള പരിവര്‍ത്തനം സാധ്യമാകുന്നതോടെ നികുതി സ്ലാബുകള്‍ കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നത് നല്ല കാര്യം തന്നെ. എന്നാല്‍ അത് എത്രയും പെട്ടെന്ന് നടപ്പാക്കുകയാണ് വേണ്ടത്. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനു ശേഷം ചില ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറഞ്ഞെങ്കിലും ഭൂരിപക്ഷം വരുന്ന ഉല്‍പ്പന്നങ്ങള്‍ക്കും വില കൂടുകയാണുണ്ടായത്. ഇതും കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുക്കണം.

ജിഎസ്ടി നടപ്പാക്കിയിട്ടുള്ള 49 രാജ്യങ്ങളില്‍ ഏക നികുതി സ്ലാബാണ് നിലവിലുള്ളത്. 28 രാജ്യങ്ങളാണ് രണ്ട് സ്ലാബുകള്‍ സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളള്‍ മാത്രമാണ് ഇത്രയുമധികം സ്ലാബുകള്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യക്ക് നല്ലത് ഏകനികുതി നിരക്കാണ്. അതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. കുറച്ച് അവശ്യ ഉള്‍പ്പന്നങ്ങള്‍ക്ക് നികുതി ഒഴിവാക്കുകയുമാകാം. എന്തായാലും ജിഎസ്ടി സംബന്ധിച്ച് ഇനിയും ചില ഉടച്ചുവാര്‍ക്കലുകള്‍ അനിവാര്യമാണെന്ന് തന്നെയാണ് ലോകബാങ്കിന്റെ വിമര്‍ശനങ്ങള്‍ സൂചിപ്പിക്കുന്നത്.

Comments

comments

Categories: Editorial, Slider