സെല്‍ഫ് ഡ്രൈവിംഗ് കാറിടിച്ച് സ്ത്രീ മരിച്ചു

സെല്‍ഫ് ഡ്രൈവിംഗ് കാറിടിച്ച് സ്ത്രീ മരിച്ചു

യുബര്‍ ടാക്‌സിയായ വോള്‍വോ എക്‌സ്‌സി90 ഓട്ടോണമസ് കാറാണ് സ്ത്രീയെ ഇടിച്ചുതെറിപ്പിച്ചത്

അരിസോണ : സെല്‍ഫ് ഡ്രൈവിംഗ് യുബര്‍ കാറിടിച്ച് സ്ത്രീ മരിച്ചു. എലെയ്ന്‍ ഹെര്‍സ്‌ബെര്‍ഗാണ് (49) മരിച്ചത്. അരിസോണയ്ക്കു സമീപം ടെംപിയില്‍ ഞായറാഴ്ച്ച രാത്രി പത്ത് മണിക്കാണ് (മൗണ്ടെയ്ന്‍ സ്റ്റാന്‍ഡേഡ് ടൈം) അപകടം നടന്നത്. റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് മരണമടഞ്ഞത്. ഓട്ടോണമസ് കാര്‍ ഇടിച്ച് മരിക്കുന്ന ആദ്യ സംഭവമാണിത്. വോള്‍വോ എക്‌സ്‌സി90 ഓട്ടോണമസ് കാറാണ് സ്ത്രീയെ ഇടിച്ചുതെറിപ്പിച്ചത്. അപകട സമയത്ത് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തിലാണ് കാര്‍ സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. സ്റ്റിയറിംഗ് വീലിന് പിന്നില്‍ ഓപ്പറേറ്റര്‍ ഉണ്ടായിരുന്നെങ്കിലും വാഹനം ഓട്ടോണമസ് മോഡിലായിരുന്നു.

ഇതേതുടര്‍ന്ന് സാന്‍ ഫ്രാന്‍സിസ്‌കോ, ടൊറന്റോ, പിറ്റ്‌സ്ബര്‍ഗ് തുടങ്ങിയ വടക്കേ അമേരിക്കന്‍ നഗരങ്ങളില്‍ സര്‍വീസ് നടത്തുന്നതും പരീക്ഷണം തുടരുന്നതുമായ സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങളെല്ലാം യുബര്‍ തല്‍ക്കാലം നിരത്തുകൡനിന്ന് പിന്‍വലിച്ചു. അവിശ്വസനീയവും ദു:ഖകരവുമായ വാര്‍ത്തയില്‍ യുബര്‍ സിഇഒ ദാര ഖോസ്രോഷാഹി നടുക്കം രേഖപ്പെടുത്തി. മരണപ്പെട്ട എലെയ്ന്‍ ഹെര്‍സ്‌ബെര്‍ഗിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയ്ക്ക് കനത്ത തിരിച്ചടിയാണ് അപകടം വരുത്തിവെച്ചിരിക്കുന്നത്.

റോബോട്ട് കാറുകള്‍ നിരത്തുകളിലെത്തുന്നതോടെ വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ കുരവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു

യുബര്‍, ആല്‍ഫബെറ്റ്, ജനറല്‍ മോട്ടോഴ്‌സ് തുടങ്ങി വിവിധ കമ്പനികള്‍ പുറത്തിറക്കുന്ന റോബോട്ട് കാറുകള്‍ നിരത്തുകളിലെത്തുന്നതോടെ വാഹനാപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആ പ്രതീക്ഷയ്ക്കാണ് മങ്ങലേറ്റിരിക്കുന്നത്. സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ തുറന്നുകാട്ടുന്നതാണ് ടെംപിയില്‍ നടന്ന അപകടം. സെല്‍ഫ് ഡ്രൈവിംഗ് കാറുകളെ സംബന്ധിച്ച നിയമം യുഎസ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് അപകടം നടന്നിരിക്കുന്നത്. പൊതു നിരത്തുകളില്‍ ഓട്ടോണമസ് വാഹനങ്ങള്‍ പരീക്ഷിക്കുകയും സര്‍വീസ് നടത്തുകയും ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് അപകട മരണമെന്ന് ഡെമോക്രാറ്റിക് സെനറ്ററായ എഡ്വേര്‍ഡ് മാര്‍ക്കീ പറഞ്ഞു.

Comments

comments

Categories: Auto