സോളാര്‍ മേഖലയില്‍ മേധാവിത്തം നിലനിര്‍ത്തി സുസ്‌ലോണ്‍

സോളാര്‍ മേഖലയില്‍ മേധാവിത്തം നിലനിര്‍ത്തി സുസ്‌ലോണ്‍

ന്യൂഡെല്‍ഹി: നയങ്ങളിലെ മാറ്റം മൂലം നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഒമ്പത് മാസക്കാലയളവില്‍ ഇന്ത്യയുടെ സോളാര്‍ മേഖലയുടെ വ്യാപ്തി 70 ശതമാനം കുറഞ്ഞെങ്കിലും വിപണി മേധാവിത്തം സുസ്‌ലോണ്‍ നിലനിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. സോളാര്‍ വിപണി ഇടിവ് നേരിട്ട സമയത്ത് ഗണ്യമായി ചെലവ് ചുരുക്കിക്കൊണ്ടാണ് കമ്പനി പ്രവര്‍ത്തിച്ചതെന്ന് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടിവ് ജെപി ചലസാനി പറഞ്ഞു.

2017 ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 85.84 കോടി രൂപയായി കുറഞ്ഞു. മുന്‍വര്‍ഷത്തിലിത് 262.89 കോടി രൂപയായിരുന്നു. മികച്ച ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യയും തങ്ങള്‍ അവതരിപ്പിക്കുകയാണെന്നും പുതിയ ഉല്‍പ്പന്നങ്ങള്‍ക്കായി ആര്‍ ആന്‍ഡ് ഡി (റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്) വിഭാഗം വളരെ നന്നായാണ് പ്രവര്‍ത്തിക്കുന്നതെന്നും ചലസാനി പറഞ്ഞു.

2015 സാമ്പത്തിക വര്‍ഷത്തില്‍ 19 ശതമാനമായിരുന്നു സുസ്‌ലോണിന്റെ വിപണി വിഹിതം. 2016 സാമ്പത്തിക വര്‍ഷത്തിലിത് 26 ശതമാനമായി മെച്ചപ്പെടുകയും 2017 സാമ്പത്തിക വര്‍ഷമെത്തിയപ്പോള്‍ വീണ്ടും ഉയര്‍ന്ന് 33 ശതമാനമാകുകയും ചെയ്തു. 2018 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ ഒമ്പത് മാസക്കാലയളവില്‍ 33 ശതമാനം വിപണി വിഹിതം കമ്പനി നിലനിര്‍ത്തിയിട്ടുണ്ട്. ആഭ്യന്തര ചെലവ് ചുരുക്കിക്കൊണ്ടാണ് പ്രതികൂലാവസ്ഥയെ കമ്പനി നേരിട്ടതെന്നും തങ്ങളുടെ തൊഴില്‍ ശേഷിയും നിശ്ചിത ചെലവുകളും ഒമ്പത് മാസക്കാലയളവില്‍ 25 ശതമാനത്തിലധികം കുറച്ചുവെന്നും ചലസാനി ചൂണ്ടിക്കാട്ടി.

സോളര്‍ മേഖലയിലെ സമഗ്ര വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന കമ്പനി എന്ന നിലയില്‍ വിപണയുടെ വ്യാപ്തി കുറയുമ്പോല്‍ തങ്ങളെയത് കൂടുതലായി ബാധിക്കുന്നുവെന്നും വ്യാപ്തി ഉയരുമ്പോള്‍ തങ്ങള്‍ കൂടുതല്‍ നേട്ടം കൊയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സുസ്‌ലോണ്‍ നല്‍കുന്ന മെച്ചപ്പെട്ട സാങ്കേതിക ഉല്‍പ്പന്നങ്ങളിലൂടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഒരു കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനും ഊര്‍ജ ഉല്‍പ്പാദകര്‍ക്ക് സാധിക്കുമെന്ന് ചലസാനി വ്യക്തമാക്കി. ആദായത്തിലെ സമ്മര്‍ദം തുടരുമെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ മെച്ചപ്പെടല്‍ കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.

Comments

comments

Categories: Business & Economy