സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലേക്ക്

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലേക്ക്

13 പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തിലെന്ന് റിയാബ്

കൊച്ചി: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന റിയാബിന്റെ (RIAB- Public Sector Retsructuring and Internal Audit Board) പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു തുടങ്ങി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറുമ്പോള്‍, 5 പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ച ഉറപ്പാക്കി സമ്പദ്‌വ്യവസ്ഥയുടെ മുഖ്യ ഘടകമായി നിലനിര്‍ത്തണമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് റിയാബ്, വ്യവസായ വകുപ്പിന് കീഴിലുള്ള 42 പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണം ഏറ്റെടുത്തത്.

18 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നഷ്ടത്തിന്റെ കണക്കുകള്‍ കുറയ്ക്കാന്‍ കഴിഞ്ഞു

ഇതിനകം ചിട്ടയായ ഭരണ രീതി, കൃത്യമായ ഓഡിറ്റിംഗ്, ശരിയായ ഇടവേളകളിലുള്ള റിവ്യൂ മീറ്റിംഗുകള്‍ എന്നിവയിലൂടെ 13 പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു. 18 പൊതുമേഖലാ സ്ഥാപനങ്ങളിലെ നഷ്ടത്തിന്റെ കണക്കുകള്‍ കുറയ്ക്കാനും കഴിഞ്ഞു. വരുന്ന സാമ്പത്തിക വര്‍ഷത്തോടെ ഈ സ്ഥാപനങ്ങളും ലാഭത്തിലാകും. കഴിഞ്ഞ സര്‍ക്കാര്‍ ഭരണത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ 131.86 കോടി രൂപയുടെ മൊത്തം നഷ്ടമായിരുന്നു കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്നത്. റിയാബിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ റീസ്ട്രക്ച്ചറിംഗ് പദ്ധതികളുടെ ഫലമായി ആദ്യവര്‍ഷം തന്നെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 131.86 കോടിയില്‍ നിന്നും 80.86 കോടി രൂപയായി കുറയ്ക്കാന്‍ കഴിഞ്ഞു-റിയാബ് ചെയര്‍മാന്‍ എം പി സുകുമാരന്‍ നായര്‍ ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

സാമ്പത്തിക നഷ്ടം ഏറെ വരുത്തി വച്ചിരിക്കുന്ന ടെക്‌സ്‌റ്റൈല്‍ മേഖലയെ അടിമുടി മാറ്റിയെഴുതുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. പി നന്ദകുമാര്‍ കമ്മറ്റിയുടെ നിര്‍ദേശപ്രകാരം ടെക്‌സ്‌റ്റൈല്‍ മേഖലയുടെ വികസനത്തിനായി ഒരു ടെക്‌സ്‌റ്റൈല്‍ കമ്മീഷന്‍ രൂപീകരിക്കാനും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്-അദ്ദേഹം വ്യക്തമാക്കി. 2017-18 ബജറ്റില്‍ 283 കോടി രൂപ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കായി വകയിരുത്തിയത് ഈ രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories