ഹോളിവുഡ് സംരംഭത്തില്‍ 400 മില്ല്യണ്‍ ഡോളര്‍ ഓഹരിയെടുത്ത് സൗദി ഫണ്ട്

ഹോളിവുഡ് സംരംഭത്തില്‍ 400 മില്ല്യണ്‍ ഡോളര്‍ ഓഹരിയെടുത്ത് സൗദി ഫണ്ട്

ഹോളിവുഡിലെ ഏറ്റവും വലിയ ടാലന്റ് & ഇവന്റെ മാനേജ്‌മെന്റ് സംരംഭമായ എന്‍ഡവറിലാണ് സൗദിയുടെ സോവറിന്‍ വെല്‍ത്ത് ഓഹരിയെടുത്തിരിക്കുന്നത്

റിയാദ്: ബെന്‍ അഫ്‌ളക്‌, മാറ്റ് ഡാമന്‍ തുടങ്ങിയ നിരവധി സെലിബ്രിറ്റി ഹോളിവുഡ് സൂപ്പര്‍ താരങ്ങളെ മാനേജ് ചെയ്യുന്ന ഏജന്‍സിയായ എന്‍ഡവറില്‍ 400 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ച് സൗദിയുടെ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കുതിപ്പ് തുടരുന്നു. സൗദി സര്‍ക്കാരിന് കീഴിലുള്ള സോവറിന്‍ വെല്‍ത്ത് ഫണ്ടാണ് പിഐഎഫ് എന്നറിയപ്പെടുന്ന പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. ലോകത്തുടനീളം വ്യാപകമായി നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് പിഐഎഫിന്റെ പുതിയ ഡീല്‍.

സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഏറ്റെടുക്കല്‍.

ഹോളിവുഡ് ടാലന്റ് ഏജന്‍സിയായ ഡബ്ല്യുഎംഇ (WME)യുടെ ഹോള്‍ഡിംഗ് കമ്പനിയാണ് എന്‍ഡവര്‍. ഇതിനായുള്ള പ്രാഥമിക ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് പിഐഎഫ് എന്ന് ജനുവരിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ഏകദേശം 400 ദശലക്ഷം ഡോളറാണ് ഹോളിവുഡ് ഏജന്‍സിയില്‍ പിഐഎഫ് നിക്ഷേപിക്കുന്നത്. വരുമാനസ്രോതസ്സുകളെ വൈവിധ്യവല്‍ക്കരിക്കുന്ന സൗദിയുടെ നീക്കത്തില്‍ സുപ്രധാനമാണ് ഹോളിവുഡ് നിക്ഷേപം. പരമ്പരാഗതമായ കെട്ടുപാടുകളില്‍ കുരുങ്ങി കിടക്കില്ലെന്ന സന്ദേശം കൂടിയാണ് ഇത് നല്‍കുന്നത്.

ഏജന്‍സിയുടെ 5 ശതമാനത്തിനും പത്ത് ശതമാനത്തിനും ഇടയിലുള്ള ഓഹരികളാണ് പിഐഎഫിന്റെ കൈയിലെത്തുന്നതെന്നാണ് സൂചന. 2017 ഓഗസ്റ്റിലെ കണക്കനുസരിച്ച് 6.3 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയാണ് എന്‍ഡവര്‍. സില്‍വര്‍ ലേക്ക്, ജപ്പാനിലെ വമ്പന്‍ ഇന്റര്‍നെറ്റ് കമ്പനി സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്, സിംഗപ്പൂരിന്റെ സോവറിന്‍ വെല്‍ത്ത്ഫണ്ട്, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളാണ് എന്‍ഡവറിലെ പ്രധാന നിക്ഷേപകര്‍.

ഏജന്‍സിയുടെ 5 ശതമാനത്തിനും പത്ത് ശതമാനത്തിനും ഇടയിലുള്ള ഓഹരികളാണ് പിഐഎഫിന്റെ കൈയിലെത്തുന്നതെന്നാണ് സൂചന. 2017 ഓഗസ്റ്റിലെ കണക്കനുസരിച്ച് 6.3 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയാണ് എന്‍ഡവര്‍

എന്റര്‍ടെയ്ന്‍മെന്റ്, സ്‌പോര്‍ട്‌സ്, ഫാഷന്‍ ബിസിനസുകളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ പുതിയ നിക്ഷേപം എന്‍ഡവറിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. സിനിമാ താരങ്ങളും സംവിധായകരും എല്ലാം പ്രതിനിധീകരിക്കുന്ന ഡബ്ല്യുഎംഇ നിയന്ത്രിക്കുന്നത് എന്‍ഡവറാണ്. പ്രൊഫഷണല്‍ ബുള്‍ റൈഡേഴ്‌സ്, ദി മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍, സ്‌പോര്‍ട്‌സ്, ഫാഷന്‍ കമ്പനിയായ ഐഎംജി തുടങ്ങിയവയുടെ ഉടമസ്ഥാവകാശവും കൈയാളുന്നത് ഡബ്ല്യുഎംഇ തന്നെയാണ്.

മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് കമ്പനിയായ അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പിനെ 2016ല്‍ എന്‍ഡവര്‍ ഏറ്റെടുത്തത് വലിയ വാര്‍ത്തയായിരുന്നു. കമ്പനിയുടെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു അത്. ഇതിനോടകം തന്നെ പല വലിയ ഡീലുകളും പിഐഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്ലാക്‌സ്റ്റോണ്‍ ഗ്രൂപ്പ് മാനേജ് ചെയ്യുന്ന യുഎസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടിലേക്ക് 20 ബില്ല്യണ്‍ ഡോളര്‍ നല്‍കുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സോഫ്റ്റ്ബാങ്ക് മാനേജ് ചെയ്യുന്ന ടെക്‌നോളജി ഫണ്ടിലേക്ക് 45 ബില്ല്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്നും പിഐഎഫ് വ്യക്തമാക്കിയിരുന്നു. യുബര്‍ ടെക്‌നോളജീസില്‍ പിഐഎഫ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഓഹരി നേടിയിട്ടുമുണ്ട്.

ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് രാജ്യത്തിനകത്തും പുറത്തു നിക്ഷേപിക്കുന്നതിനെക്കുറിച്ച് സൗദി ഫണ്ട് ചിന്തിക്കുന്നുണ്ട്. മൊത്തം രണ്ട് ട്രില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്ന ഭീമനായി വളരാനാണ് സൗദി വെല്‍ത്ത് ഫണ്ട് ലക്ഷ്യമിടുന്നത്. ഇതിനായാണ് ബാങ്കുകളില്‍ നിന്ന് വായ്‌പെയെടുക്കാനുള്ള പദ്ധതിയെക്കുറിച്ച് ചിന്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നിരവധി ആഭ്യന്തര, രാജ്യാന്തര ബാങ്കുകളുമായി ഇതിനോടകം പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഈ വര്‍ഷം തന്നെ അഞ്ച് ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ശ്രമം. എണ്ണ ഇതര മേഖലകളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് നിക്ഷേപം നടത്തി അതില്‍ നിന്നും നേട്ടമുണ്ടാക്കുക എന്നതിനെക്കുറിച്ച് പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചിന്തിക്കുന്നത്.

കഴിഞ്ഞ ഒക്‌റ്റോബറില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്താന്‍ 1.07 ബില്യണ്‍ ഡോളറിന്റെ ഫണ്ട് രൂപീകരിക്കുമെന്ന് സൗദിപബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചിരുന്നു. പിഐഎഫ് കൊണ്ടുവരുന്ന ഫണ്ട് ഓഫ് ഫണ്ട്‌സിലൂടെ സംരംഭങ്ങള്‍ക്ക് മികച്ച മൂലധനം ലഭ്യമാക്കാനാണ് നീക്കം. കൂടാതെ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വര്‍ കാപ്പിറ്റല്‍ മേഖലകളെ ശക്തിപ്പെടുത്താന്‍ ഫണ്ട് സഹായിക്കുമെന്നും പിഐഎഫ് പത്രക്കുറിപ്പിലൂടെ പറഞ്ഞിരുന്നു.

എന്‍ഡവറുമായുള്ള ഡീലിന്റെ ഭാഗമായി ഏപ്രില്‍ ആദ്യം എന്‍ഡവര്‍ സിഇഒ അറി ഇമ്മാനുവല്‍ ആഥിത്യമരുളുന്ന ലോസ്ഏഞ്ചല്‍സിലെ ഡിന്നര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ സൗദിയുടെ നായകന്‍ പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: Arabia