മൂത്രാശയ കാന്‍സര്‍ ആത്മഹത്യാ പ്രവണത വര്‍ധിപ്പിക്കുമെന്നു പഠനം

മൂത്രാശയ കാന്‍സര്‍ ആത്മഹത്യാ പ്രവണത വര്‍ധിപ്പിക്കുമെന്നു പഠനം

മൂത്രാശയ കാന്‍സര്‍ ബാധിച്ച രോഗികളില്‍ ആത്മഹത്യാ പ്രവണത കൂടുതലാണെന്നു പുതിയ പഠനം. പ്രൊസ്റ്റേറ്റ്, ബ്ലാഡര്‍, കിഡ്‌നി കാന്‍സറുകള്‍ ബാധിച്ചവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആത്മഹത്യാ പ്രവണത അഞ്ചു ശതമാനത്തോളം കൂടുതലാണെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത്തരം കാന്‍സര്‍ രോഗങ്ങള്‍ കണ്ടെത്തുമ്പോഴും അവയുടെ ചികില്‍സാ വേളയിലും അഞ്ചു മുതല്‍ 25 ശതമാനം രോഗികളില്‍ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ കണ്ടു വരാറുണ്ട്. കാന്‍സര്‍ രോഗികള്‍ രോഗ നിര്‍ണയത്തിനുശേഷം പൊതുവെ മാനസിക സമ്മര്‍ദത്തിന് അടിമപ്പെടാറുണ്ട്. എന്നാല്‍ വിവിധ രാജ്യങ്ങളിലെ കണക്കുകള്‍ പ്രകാരം കാന്‍സര്‍ രോഗികളില്‍ തന്നെ മൂത്രാശയ കാന്‍സര്‍ ബാധിച്ചവരില്‍ ആത്മഹത്യ പ്രവണത വളരെയധികമാണെന്നു കണ്ടെത്തിയതായി ലണ്ടനിലെ സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലെ ഗവേഷകനും സഹലേഖനുമായ മെഹ്‌റന്‍ അഫ്‌സര്‍ പറയുന്നു.

ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ നടന്ന 33ാമത് യുറോപ്യന്‍ അസോസിയേഷന്‍ ഓഫ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട പഠനത്തില്‍ ഇംഗ്ലണ്ട്, വെയ്ല്‍സ് ഹോസ്പിറ്റലുകളിലെ 2001 മുതല്‍ 2011 വരെയുള്ള ഡാറ്റാകള്‍ നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്. ഡാറ്റാകള്‍ പ്രകാരം സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ 9 ലക്ഷത്തില്‍ പരം കാന്‍സര്‍ ബാധിതരെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 162 ആത്മഹത്യകളും 1222 ആത്മഹത്യശ്രമങ്ങളും ഇതിനോടകം നടന്നതായി പഠനം വ്യക്തമാക്കുന്നു. പൊതുവെ എല്ലാതരത്തിലുമുള്ള കാന്‍സര്‍ ബാധിതരിലെ ആത്മഹത്യാ നിരക്ക് ഒരു ലക്ഷം ആളുകളില്‍ 30 എന്ന തോതിലാണെന്നിരിക്കെ കിഡ്‌നി കാന്‍സര്‍ ബാധിച്ചവരിലെ ഇത് 36, ബ്ലാഡര്‍ കാന്‍സര്‍ ബാധിതരില്‍ 48, പ്രൊസ്റ്റേറ്റ് കാന്‍സര്‍ ബാധിതരില്‍ 52 എന്നിങ്ങനെ വര്‍ധിച്ച തോതിലാണെന്നും ഗവേഷകര്‍ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: FK Special, Health