രാജ്യത്ത് 99.93 കോടി മൊബീല്‍ വരിക്കാര്‍

രാജ്യത്ത് 99.93 കോടി മൊബീല്‍ വരിക്കാര്‍

എയര്‍ടെലിന് തന്നെയാണ് ഏറ്റവും കൂടുതല്‍ വരിക്കാരുള്ളത്, 29.57 കോടി

മുംബൈ: രാജ്യത്തെ മൊബീല്‍ വരിക്കാരുടെ എണ്ണത്തില്‍ മികച്ച വളര്‍ച്ച. 1.08 കോടി വര്‍ധനയോടെ ഫെബ്രുവരിയില്‍ മൊബീല്‍ വരിക്കാരുടെ എണ്ണം 99.93 കോടിയായി. രാജ്യത്തെ പ്രമുഖ ടെലികോം, ഇന്റര്‍നെറ്റ്, ടെക്‌നോളജി, ഡിജിറ്റല്‍ സേവന ദാതാക്കളുടെ സംഘടനയായ സിഒഎഐ ആണ് 2018 ജനുവരി അവസാനം വരെയുള്ള ഇന്ത്യയിലെ ടെലികോം വരിക്കാരുടെ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.

സിഒഎഐ പുറത്തിറക്കിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ ടെലികോം സേവന ദാതാക്കളുടെ കീഴിലുള്ള വരിക്കാരുടെ എണ്ണം 99.93 കോടിയിലെത്തി. റിലയന്‍സ് ജിയോ ഇന്‍ഫോകോം, മഹാനഗര്‍ ടെലിഫോണ്‍ നിഗം എന്നിവയുടെ 2017 ഡിസംബര്‍ അവസാനം വരെയുള്ള കണക്കുകളും ഇതില്‍ ഉള്‍പ്പെടുന്നതായി സംഘടന അറിയിച്ചു.

21.70 കോടി വരിക്കാരുമായി വോഡഫോണാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്

ടെലികോം കമ്പനികളില്‍ ഭാരതി എയര്‍ടെലാണ് മുന്നില്‍ നില്‍ക്കുന്നത്. ജനുവരിയില്‍ 41.73 ലക്ഷം വരിക്കാരെ കൂടി ചേര്‍ത്ത് 29.50 ശതമാനം വിപണി പങ്കാളിത്തത്തോടെ മൊത്തം എയര്‍ടെല്‍ വരിക്കാരുടെ എണ്ണം 29.57 കോടിയായി. 21.70 കോടിയുമായി വോഡഫോണാണ് തൊട്ടുപിന്നില്‍. 44.2 ലക്ഷം വരിക്കാരെ കൂടി ചേര്‍ത്തുകൊണ്ട് 20.20 കോടി വരിക്കാരുമായി ഐഡിയ സെല്ലുലാര്‍ ജനുവരിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ മൊബീല്‍ വരിക്കാരുടെ എണ്ണവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 8.67 കോടി വരിക്കാരുമായി യുപിയുടെ കിഴക്കന്‍ മേഖലയാണ് ഏറ്റവും മുന്നില്‍. 8.15 കോടിയുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുണ്ട്.

സാമ്പത്തിക ബാധ്യതകളില്‍ ഉഴലുന്ന ഒരു മേഖലയില്‍ വീണ്ടും വളര്‍ച്ച കണ്ടതില്‍ സന്തോഷമുണ്ടെന്ന് സിഒഎഐ ഡയറക്റ്റര്‍ ജനറല്‍ രാജന്‍ എസ് മാത്യുസ് പറഞ്ഞു. പ്രതിസന്ധിയിലകപ്പെട്ട മേഖലയെ സംബന്ധിച്ചിടത്തോളം ഇതു ശുഭസൂചകമാണ്. ഓപറേറ്റര്‍മാര്‍ ഇപ്പോള്‍ വോയ്‌സ്, ഡാറ്റ എന്നിവയ്ക്കപ്പുറത്തേക്ക് പുതിയ ആശയവിനിമയ സങ്കേതങ്ങള്‍ പരീക്ഷിക്കുകയാണെന്നും സര്‍ക്കാരിന്റെ ഡിജിറ്റല്‍ നയത്തിന് പൂര്‍ണ പിന്തുണയേകുന്നതില്‍ എല്ലാവരും നിരന്തരം വ്യാപൃതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy