ഈ എംജി കാറുകള്‍ ഇന്ത്യയിലെത്തിയേക്കും

ഈ എംജി കാറുകള്‍ ഇന്ത്യയിലെത്തിയേക്കും

ഇന്ത്യയില്‍ ആദ്യം പുറത്തിറക്കുന്ന വാഹനം എസ്‌യുവി ആയിരിക്കും

ന്യൂഡെല്‍ഹി : ‘ഇന്ത്യാ പദ്ധതി’ സംബന്ധിച്ച് എംജി മോട്ടോര്‍ (മോറിസ് ഗാരേജസ്) ചില കാര്യങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യം പുറത്തിറക്കുന്നത് എസ്‌യുവി ആയിരിക്കുമെന്നാണ് ഏറ്റവും വലിയ പ്രഖ്യാപനം. അടുത്ത വര്‍ഷം വാഹനം വിപണിയില്‍ അവതരിപ്പിക്കും. ഗുജറാത്തിലെ ഹാലോള്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റ് നവീകരിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ എംജി മോട്ടോര്‍. ജനറല്‍ മോട്ടോഴ്‌സില്‍നിന്നാണ് ഈ പ്ലാന്റ് എംജി മോട്ടോര്‍ ഏറ്റെടുത്തത്. ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ 2,000 കോടി രൂപയുടെ നിക്ഷേപമാണ് ഇംഗ്ലീഷ് ഓട്ടോമോട്ടീവ് ബ്രാന്‍ഡ് നടത്തുന്നത്. ചൈനീസ് കമ്പനിയായ എസ്എഐസി മോട്ടോര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് എംജി മോട്ടോറിന്റെ ഉടമസ്ഥര്‍. ആറ് വര്‍ഷത്തിനുള്ളില്‍ 3,000 കോടി രൂപയുടെ നിക്ഷേപം കൂടി നടത്തും. 2019 മുതല്‍ ഓരോ വര്‍ഷവും ഒരു പുതിയ വാഹനം പുറത്തിറക്കും. ഇന്ത്യയില്‍ വലിയ പ്രതീക്ഷകളാണ് എംജി മോട്ടോര്‍ വെച്ചുപുലര്‍ത്തുന്നത്. വരും വര്‍ഷങ്ങളില്‍ എംജി മോട്ടോര്‍ ഇന്ത്യയിലെത്തിക്കാന്‍ സാധ്യതയുള്ള കാറുകള്‍ ഇവയാണ്.

എംജി ഇസഡ്എസ്

എംജി മോട്ടോറിന്റെ കോംപാക്റ്റ് എസ്‌യുവിയാണ് ഇസഡ്എസ്. ഇന്ത്യയില്‍ ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റര്‍ തുടങ്ങിയ കാറുകളായിരിക്കും എതിരാളികള്‍. തായ്‌ലാന്‍ഡില്‍ വില്‍ക്കുന്ന എംജി ഇസഡ്എസ് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ എന്‍ജിന്‍ 83 ബിഎച്ച്പി കരുത്തും പരമാവധി 150 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഫീച്ചറുകളില്‍ പിശുക്ക് കാണിക്കില്ല. സുരക്ഷ കണക്കിലെടുക്കുമ്പോള്‍, ടോപ് മോഡലില്‍ ആറ് എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് അസ്സിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസ്സിസ്റ്റ്, റിയര്‍ വ്യൂ ക്യാമറ തുടങ്ങിയവ ഉണ്ടായിരിക്കും.

എംജി ജിഎസ്

എംജി മോട്ടോറില്‍നിന്നുള്ള മറ്റൊരു എസ്‌യുവിയാണ് ജിഎസ്. ജീപ്പ് കോംപസ്, ഹ്യുണ്ടായ് ടക്‌സണ്‍ തുടങ്ങിയ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങള്‍ കരുതിയിരുന്നാല്‍ കൊള്ളാം. എംജി ഇസഡ്എസ് കോംപാക്റ്റ് എസ്‌യുവിയേക്കാള്‍ അല്‍പ്പം കൂടുതല്‍ പ്രീമിയം സ്വഭാവം പുലര്‍ത്തുന്നതാണ് ജിഎസ്. 1.5 ലിറ്റര്‍, 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് തായ്‌ലാന്‍ഡില്‍ വാഹനം ലഭിക്കുന്നത്. ആദ്യത്തെ എന്‍ജിന്‍ 165 ബിഎച്ച്പിയും 250 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുമ്പോള്‍ രണ്ടാമത്തെ എന്‍ജിന്‍ 215 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എംജി ഇസഡ്എസ്സിന് നല്‍കിയ എല്ലാ സുരക്ഷാ ഫീച്ചറുകളും ജിഎസ്സിനും ലഭിച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷന്‍ സഹിതം 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ റിക്ലൈനിംഗ് സീറ്റുകള്‍, സണ്‍റൂഫ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. എംജി ജിഎസ്സിന്റെ ടോപ് വേരിയന്റുകള്‍ ഓള്‍ വീല്‍ ഡ്രൈവ് ആണ്.

എംജി 3

എംജി മോട്ടോറിന്റെ എംജി 3 ഒരു ഹാച്ച്ബാക്കാണ്. പ്രീമിയം ഹാച്ച്ബാക്ക് എന്ന നിലയിലാണ് എംജി 3 തായ്‌ലാന്‍ഡില്‍ വില്‍ക്കുന്നത്. ഹ്യുണ്ടായ് ഐ20, മാരുതി സുസുകി ബലേനോ, ഹോണ്ട ജാസ് തുടങ്ങിയവരാണ് എതിരാളികള്‍. ക്രൂസ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, സണ്‍റൂഫ്, ഓട്ടോ ഹെഡ്‌ലാംപുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്. ആറ് എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഹില്‍ ഹോള്‍ഡ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഫീച്ചറുകളാണ്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 104 ബിഎച്ച്പി കരുത്തും പരമാവധി 137 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും.

എംജി 5

തെക്കുകിഴക്കനേഷ്യയില്‍, പ്രത്യേകിച്ച് തായ്‌ലാന്‍ഡില്‍ എംജി മോട്ടോര്‍ രണ്ട് സെഡാന്‍ വില്‍ക്കുന്നുണ്ട്. എംജി 5, എംജി 6 എന്നിവയാണ് ഈ സെഡാനുകള്‍. മിഡ് സൈസ് സെഡാനായ എംജി 5 ഇന്ത്യയില്‍ മിക്കവാറും അവതരിപ്പിച്ചേക്കും. വമ്പന്‍ മത്സരം നടക്കുന്ന ഈ സെഗ്‌മെന്റില്‍ ഇപ്പോള്‍ വാഴുന്നത് ഹ്യുണ്ടായ് വെര്‍ണ, ഹോണ്ട സിറ്റി, മാരുതി സുസുകി സിയാസ് തുടങ്ങിയവരാണ്. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ്, എയര്‍ബാഗുകള്‍, എബിഎസ്, റിയര്‍ വ്യൂ ക്യാമറ, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്രൈവിംഗ് മോഡുകള്‍ എന്നിവ ഫീച്ചറുകളാണ്. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. പെട്രോള്‍ എന്‍ജിന്‍ 105 ബിഎച്ച്പി കരുത്തും 135 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ 127 ബിഎച്ച്പി കരുത്തും 210 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

Comments

comments

Categories: Auto