ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് മെഹുല്‍ ചോക്‌സി

ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് മെഹുല്‍ ചോക്‌സി

ഇന്ത്യയിലെ ബിസിനസുകളില്‍ നേരിട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും ചോക്‌സി പറയുന്നു

ന്യൂഡെല്‍ഹി: ബിസിനസ് തിരക്കുകളും മോശം ആരോഗ്യസ്ഥിതിയും മൂലം തനിക്കെതിരായ അന്വേഷണവുമായി സഹകരിക്കാനാവില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യവസായി മെഹുല്‍ ചോക്‌സി. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (സിബിഐ) അയച്ച പുതിയ കത്തിലാണ് ചോക്‌സി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പൊതുമേഖലാ വായ്പാദാതാക്കളായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടിയിലധിം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ്,സിബിഐ അന്വേഷണങ്ങള്‍ ചോക്‌സി നേരിട്ടുകൊണ്ടിരിക്കുകയാണ്.

അന്വേഷണവുമായി സഹകരിക്കണമെന്ന സിബിഐയുടെ ആവശ്യത്തോട് രണ്ടാം തവണയാണ് ചോക്‌സി പ്രതികരിക്കുന്നത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാലും ആരോഗ്യസ്ഥിതി മോശമായതിനാലും ഇന്ത്യയിലേക്കെത്താനാവില്ലെന്ന് മാര്‍ച്ച് ആദ്യം സിബിഐക്ക് അയച്ച കത്തില്‍ ചോക്‌സി അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെ തള്ളിയ സിബിഐ അന്വേഷണവുമായി എത്രയും വേഗം സഹകരിക്കാന്‍ വീണ്ടും ആവശ്യപ്പെടുകയായിരുന്നു.

വിദേശത്തെ തന്റെ ബിസിനസ് ചുമതലകളുമായി ബന്ധപ്പെട്ട് വളരെ തിരക്കിലാണെന്നും ഇന്ത്യയിലെ ബിസിനസുകളില്‍ നേരിട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും ചോക്‌സി കത്തില്‍ പറയുന്നു. പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ചോക്‌സിക്ക് ഇന്ത്യയിലുള്ള നിരവധി സ്വത്തുക്കള്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും പിടിച്ചെടുത്തിരുന്നു.

വിവിധ ഏജന്‍സികള്‍ വഴി തനിക്കെതിരെ നടത്തുന്ന അന്വേഷണം നീതിരഹിതമാണെന്നും താന്‍ കൊടും കുറ്റവാളിയാണെന്ന തരത്തിലുള്ള ആരോപണം കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് തടസം സൃഷ്ടിക്കുകയാണെന്നും കത്തില്‍ പറയുന്നു. തന്റെ കുടുംബത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകളും ചോക്‌സി കത്തില്‍ പ്രകടിപ്പിച്ചു. തനിക്കും കുടുംബത്തിനുമെതിരായ ഭീഷണികള്‍ തുടരുകയാണ്. ബിസിനസ് ബന്ധമുണ്ടായിരുന്ന വ്യക്തികളില്‍ നിന്നും തനിക്ക് ഭീഷണിയുണ്ട്. തന്റെ ഇന്ത്യയിലെ ബിസിനസുകള്‍ പെട്ടെന്ന് പൂര്‍ണമായും അവസാനിപ്പിച്ചതിനാല്‍ ജീവനക്കാര്‍,ഉപയോക്താക്കള്‍,വായ്പാദാതാക്കള്‍ എന്നിവര്‍ തനിക്ക് നേരെ ശത്രുത കാണിക്കാന്‍ ആരംഭിച്ചുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ആടുത്ത ആറ് മാസത്തിനുള്ളില്‍ ചോക്‌സി ഇന്ത്യയില്‍ തിരിച്ചെത്താന്‍ സാധ്യതയില്ലെന്നാണ് കത്ത് നല്‍കുന്ന സൂചന. ദൂരയാത്ര ചെയ്യാന്‍ പറ്റിയ ആരോഗ്യസ്ഥിതിയിലല്ല താനെന്നും ചോക്‌സി കത്തില്‍ പറയുന്നുണ്ട്. ഹൃദയസംബന്ധമായ ഒരു ശസ്ത്രക്രിയ ഈ വര്‍ഷം ഫെബ്രുവരി ആദ്യം തനിക്ക് നടന്നിരുന്നു. അതിന്റെ തുടര്‍ ചികിത്സകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. നാല് മുതല്‍ ആറ് മാസം വരെ യാത്ര ചെയ്യരുതെന്നാണ് തനിക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Slider, Top Stories