മാനുഫാക്ച്ചറിംഗ് വില്‍പ്പന വര്‍ധിച്ചു; അറ്റ ലാഭത്തില്‍ നിരാശ: ആര്‍ബിഐ

മാനുഫാക്ച്ചറിംഗ് വില്‍പ്പന വര്‍ധിച്ചു; അറ്റ ലാഭത്തില്‍ നിരാശ: ആര്‍ബിഐ

ഐടി മേഖലയില്‍ നിന്നുള്ള വില്‍പ്പന വളര്‍ച്ച മാന്ദ്യത്തില്‍

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ രാജ്യത്തെ മാനുഫാക്ച്ചറിംഗ് മേഖലയില്‍ നിന്നുള്ള വില്‍പ്പന വളര്‍ച്ചയില്‍ പുരോഗതി നിരീക്ഷിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ കണക്കുകളുമായി താരതമ്യം ചെയ്തുകൊണ്ടുള്ളതാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. എന്നാല്‍, മാനുഫാക്ച്ചറിംഗ് കമ്പനികളുടെ അറ്റാദായം സംബന്ധിച്ച കണക്കുകള്‍ നിരാശജനകമാണെന്നാണ് കേന്ദ്ര ബാങ്ക് വെളിപ്പെടുത്തുന്നത്. വില്‍പ്പന വര്‍ധിച്ചെങ്കിലും പ്രവര്‍ത്തന ചെലവ് വര്‍ധിച്ചതും മറ്റു വരുമാനം കുറഞ്ഞതാണെന്ന് മാനുഫാക്ച്ചറിംഗ് കമ്പനികളുടെ ലാഭം ഇടിയാനുള്ള കാരണമായി ആര്‍ബിഐ പറയുന്നത്.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 2,705 സ്വകാര്യ കോര്‍പ്പറേറ്റുകളുടെ (എന്‍ജിഎന്‍എഫ്-നോണ്‍ ഗവണ്‍മെന്റ്, നോണ്‍ ഫിനാന്‍ഷ്യല്‍) മൂന്നാം പാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ആര്‍ബിഐയുടെ റിപ്പോര്‍ട്ട്. ഈ കണക്കുകള്‍ പ്രകാരം മാനുഫാക്ച്ചറിംഗ് കമ്പനികളുടെ വില്‍പ്പനയില്‍ 14 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണ് ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കാലയളവില്‍ കമ്പനികളുടെ സംയോജിത അറ്റാദായത്തില്‍ 2.4 ശതമാനത്തിന്റെ ഇടിവ് അനുഭവപ്പെട്ടതായും കണക്കുകള്‍ പറയുന്നു.

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഐടി മേഖലയില്‍ നിന്നുള്ള വില്‍പ്പനയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ വര്‍ധന മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ഐടി ഇതര സേവന രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ വളര്‍ച്ച വീണ്ടെടുക്കാനായതായും ഈ വിഭാഗങ്ങളില്‍ നിന്നുള്ള വില്‍പ്പന വളര്‍ച്ചയില്‍ പോസിറ്റീവ് തലത്തിലുള്ള വര്‍ധന അനുഭവപ്പെട്ടതായും കേന്ദ്ര ബാങ്ക് ചൂണ്ടിക്കാട്ടി.

രാസവളങ്ങളും ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും, സിമന്റ്-സിമന്റ് ഉല്‍പ്പന്നങ്ങള്‍, മെഷിനറി, മെഷീന്‍ ഉപകരണങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍, മറ്റ് ട്രാന്‍സ്‌പോര്‍ട്ട് എക്യുപ്‌മെന്റുകള്‍ എന്നിവയുടെ ആവശ്യകത മെച്ചപ്പെട്ടതായും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും ആവശ്യകതയിലുണ്ടായ പുരോഗതിയുടെ പിന്തുണയില്‍ മാനുഫാക്ച്ചറിംഗ് കമ്പനികളുടെ പ്രവര്‍ത്തന ലാഭത്തില്‍ ആരോഗ്യകരമായ വര്‍ധന നിരീക്ഷിക്കാനാകുമെന്നും കേന്ദ്ര ബാങ്ക് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy