കൊച്ചിയില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതില്‍ ആശങ്ക വേണ്ടെന്ന് ഹാവിയര്‍ സെപ്പി

കൊച്ചിയില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതില്‍ ആശങ്ക വേണ്ടെന്ന് ഹാവിയര്‍ സെപ്പി

കൊച്ചി: കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഓര്‍ഗനൈസറായ ഹാവിയര്‍ സെപ്പി. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഫിഫ ഏറ്റെടുക്കുമ്പോള്‍ ഫുട്‌ബോളിന് മാത്രമായി ഉപയോഗപ്പെടുത്തുന്ന മൈതാനമാകില്ല ഇതെന്ന് അറിയാമായിരുന്നുവെന്നും അതിനാല്‍ മറ്റ് കായിക ഇനങ്ങള്‍ക്ക് കൂടി വിനിയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് പ്രതലമൊരുക്കിയതെന്നും അറിയിച്ച ഹാവിയര്‍ സെപ്പി ക്രിക്കറ്റ് പിച്ചൊരുക്കിയതിന് ശേഷം ഫുട്‌ബോളിനുതകും വിധം മൈതാനം എളുപ്പത്തില്‍ മാറ്റിയെടുക്കാനാകുമെന്നും വ്യക്തമാക്കി.

കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്താന്‍ പിച്ച് നിര്‍മിക്കുന്നതിലൂടെ ഫിഫയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച പുല്‍പ്രതലം നശിക്കുമെന്ന വാദത്താല്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് ഹാവിയര്‍ സെപ്പി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. നവംബര്‍ ഒന്നാം തിയതി തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന ടീം ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയിലേക്ക് കെസിഎ മാറ്റിത്തീരുമാനിച്ചതോടെയാണ് ഫുട്‌ബോള്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇയാന്‍ ഹ്യൂം, സികെ വിനീത്, റിനോ ആന്റോ തുടങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളും ശശി തരൂര്‍ എംപിയും കെസിഎ തീരുമാനത്തിനെതിരെ ശക്തമായി നിലപാടെടുത്തിരുന്നു. ‘SAVEkochiTurf’ എന്ന ഹാഷ് ടാഗോടെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്.

Comments

comments

Categories: Sports