കലൂര്‍ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നതിനെതിരെ സി.കെ വിനീതും ഇയാന്‍ ഹ്യൂമും

കലൂര്‍ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നതിനെതിരെ സി.കെ വിനീതും ഇയാന്‍ ഹ്യൂമും

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം സംഘടിപ്പിക്കുന്നതിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സി.കെ.വിനീതും ഇയാന്‍ ഹ്യൂമും. ഫിഫ അംഗീകാരമുള്ള ആറു സ്റ്റേഡിയങ്ങളില്‍ ഒന്നായ കൊച്ചി സ്‌റ്റേഡിയത്തില്‍ ഏറെ പണം മുടക്കിയാണ്് ഫുട്‌ബോളിനായി മനോഹരമായ ടര്‍ഫ് ഒരുക്കിയത്.

വിവിധയിനം കായിക ഇനങ്ങള്‍ ഒരുമിച്ചാണ് വളരേണ്ടത്. ഒന്നിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി മറ്റൊന്നിനെ നശിപ്പിക്കരുതെന്ന് സമൂഹമാധ്യമത്തിലൂടെ സി.കെ വിനീത് രേഖപ്പെടുത്തി. കൊച്ചി സ്റ്റേഡിയത്തിലെ ടര്‍ഫ് ക്രിക്കറ്റ് മത്സരങ്ങളെ സഹായിക്കുമെന്ന വാദം തെറ്റാണ്. ക്രിക്കറ്റ് മല്‍സരത്തിനുശേഷം മൈതാനം പഴയപടി ആക്കാനാവുമോ എന്ന് അദ്ദേഹം ചോദിച്ചു. ധാരാളം പണവും സമയവും ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി മൈതാനം ഒരുക്കുന്നതിന് ചെലവഴിച്ചിട്ടുണ്ടെന്നും നിരവധി തൊഴിലാളികളുടെ പ്രയത്‌നം അധികൃതര്‍ പാഴാക്കരുതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ വിനീത് ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോള്‍ കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നതെന്തിനാണെന്ന് സമൂഹമാധ്യമത്തിലൂടെ ഹ്യൂം പ്രതികരിച്ചു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് ഫുട്‌ബോളിനായി വിട്ടുനല്‍കുമോയെന്നും തന്റെ പോസ്റ്റില്‍ ഹ്യൂം ചോദിച്ചു. ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം കൊച്ചിയില്‍ നടത്താനാണ് തീരുമാനമായത്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണു മല്‍സരം. ക്രിക്കറ്റ് മല്‍സരം നടത്തുന്നതു സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റുമായുള്ള ചര്‍ച്ച 21ന് നടക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അതൃപ്തിയുമായി സി.കെ.വിനീതും ഇയാന്‍ ഹ്യൂമും രംഗത്തുവന്നിരിക്കുന്നത്. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും നേരത്തെ വിന്‍ഡീസ് ഇന്ത്യ ഏകദിന മല്‍സരത്തിനായി പരിഗണിച്ചിരുന്നു.

 

Comments

comments

Categories: Sports